ഒറ്റ മത്സരത്തിന് ഹര്‍മന് ലഭിക്കുന്ന പ്രതിഫലം കേട്ടോ..? ആസ്തിയിലും സൂപ്പര്‍താരം തന്നെ..!
ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്ററാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. വുമണ്‍ പ്രീമിയര്‍ ലീഗിലെ മുംബൈയുടെ അവസാന മത്സരത്തില്‍ ഇക്കാര്യം ഹര്‍മന്‍ ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുകയും ചെയ്തിരുന്നു. ഗുജറാത്തിനെതിരായ മത്സരത്തില്‍ 191 റണ്‍സ് പിന്തുടരവെ 14 ഓവറില്‍ 100 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു മുംബൈ ഇന്ത്യന്‍സ്.
36 പന്തില്‍ 91 റണ്‍സ് എന്ന നിലയില്‍ വിജയം ഏറെ അകലെയായിരുന്നു. എന്നാല്‍ 21 പന്തില്‍ 20 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഹര്‍മന് തന്റെ കഴിവില്‍ സംശയമൊന്നുമില്ലായിരുന്നു. ഇന്നിംഗ്‌സിന്റെ ഗിയര്‍ മാറ്റിയ ഹര്‍മന്‍ മുംബൈക്ക് ജയം സമ്മാനിക്കുകയായിരുന്നു. കളി അവസാനിക്കുമ്പോള്‍ 48 പന്തില്‍ 95 റണ്‍സുമായി ഹര്‍മന്‍ പുറത്താകാതെ നിന്നു. ഏഴ് വിക്കറ്റിന്റെ ജയമാണ് ഹര്‍മന്‍ മുംബൈക്ക് സമ്മാനിച്ചത്.

2009-ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച കൗര്‍ 130 ഏകദിനങ്ങളിലും 161 ടി20യിലും 5 ടെസ്റ്റുകളിലും യഥാക്രമം 3410, 3204, 131 റണ്‍സുകള്‍ നേടിയിട്ടുണ്ട്. 2017 ലെ ലോകകപ്പ് സെമിഫൈനലില്‍ കരുത്തരായ ഓസ്ട്രേലിയക്കെതിരെ നേടിയ 171 റണ്‍സ് ക്രിക്കറ്റ് ചരിത്രത്തിലെല തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ക്രിക്കറ്റിലെ ഈ സ്ഥിരതയാര്‍ന്ന പ്രകടനം പ്രശസ്തിക്കൊപ്പവും മികച്ച വരുമാനവും ഹര്‍മന് സമ്മാനിക്കുന്നു.
2024ലെ കണക്കനുസരിച്ച് ഹര്‍മന്‍പ്രീത് കൗറിന്റെ ആസ്തി ഏകദേശം 23 കോടി രൂപയാണ്. ക്രിക്കറ്റില്‍ നിന്നാണ് പ്രധാന വരുമാനം. ഒപ്പം ബ്രാന്‍ഡ് അംഗീകാരങ്ങളില്‍ നിന്നും വലിയൊരു തുക താരം സമ്പാദിക്കുന്നുണ്ട്. ക്രിക്കറ്റിലെ ലോകത്തിലെ ഏറ്റവും ധനികയായ വനിതകളില്‍ ഒരാളാണ് അവര്‍. ബി സി സി ഐയുടെ എ ലിസ്റ്റ് കരാറില്‍ ഉള്‍പ്പെട്ട താരമാണ് ഹര്‍മന്‍പ്രീത് കൗര്‍. ഇത് പ്രകാരം പ്രതിവര്‍ഷം 50 ലക്ഷം രൂപയാണ് താരത്തിന് ലഭിക്കുന്നത്.
ഇതിനുപുറമെ, ഓരോ ടെസ്റ്റ്, ഏകദിനം, ടി20 എന്നിവയ്ക്ക് യഥാക്രമം 4 ലക്ഷം, 2 ലക്ഷം, 15 ലക്ഷം എന്നിവയും ലഭിക്കുന്നു. മെല്‍ബണ്‍ റെനഗേഡ്സ്, സിഡ്നി തണ്ടര്‍ തുടങ്ങിയ ഡബ്ല്യു ബി ബി എല്‍ ടീമുകളെ പ്രതിനിധീകരിച്ച് 30,000 ഡോളറും താരം സമ്പാദിച്ചിട്ടുണ്ട്. ഡബ്ല്യു പി എല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള കരാര്‍ പ്രകാരം താരം ഓരോ സീസണിലും 1.80 കോടി സമ്പാദിക്കുന്നുണ്ട്.
ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകള്‍ക്കായി 50 ലക്ഷമാണ് താരം ഈടാക്കുന്നത്. ഒരു ഷൂട്ടിന് സാധാരണയായി പ്രതിദിനം 10-12 ലക്ഷം രൂപയാണ് ഈടാക്കുന്നത്. ബൂസ്റ്റ്, എസ്ടിആര്‍8ബാറ്റ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഗ്ലോ ആന്റ് ലൗലി, സിയറ്റ് ടയേഴ്‌സ്, ഐടിസി, ബി നാച്ചുറല്‍ ജ്യൂസ്, നൈക്, റോയല്‍ ചലഞ്ചേഴ്‌സ്, ഡബ്ല്യുടിഎഫ് എന്നീ കമ്പനികളുമായി ഹര്‍മന്‍പ്രീത് കൗര്‍ സഹകരിക്കുന്നുണ്ട്.
2013-ല്‍ ഹര്‍മന്‍പ്രീത് കൗര്‍ മുംബൈയില്‍ ഒരു വീട് സ്വന്തമാക്കിയിരുന്നു. ഹര്‍മന് കാറുകളോടും മോട്ടോര്‍ ബൈക്കുകളോടും വലിയ താല്‍പര്യമാണ്. ഡാറ്റ്സണ്‍ റെഡി-ഗോ സ്പോര്‍ട്സ് കാര്‍, ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക്, കസ്റ്റമൈസ്ഡ് വിന്റേജ് ജീപ്പ് എന്നിവയാണ് താരത്തിന്റെ ഗാരേജിലുള്ളത്.












Click it and Unblock the Notifications