ആദ്യകളിയില്‍ തന്നെ അപൂര്‍വ റെക്കോഡുകള്‍ തകര്‍ത്ത് രോഹിതും ബുംറയും, അവിശ്വസനീയം
ടി20 ലോകകപ്പില്‍ അയര്‍ലണ്ടിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊണ്ട് ഇന്ത്യ വരവറിയിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിനെ 96 റണ്‍സിന് പുറത്താക്കിയ ഇന്ത്യ എട്ട് വിക്കറ്റ് ശേഷിക്കെ വിജയറണ്‍ നേടുകയായിരുന്നു. അതേസമയം അനായാസ ജയത്തോടൊപ്പം ഒരുപറ്റം റെക്കോഡുകളും ഈ മത്സരത്തില്‍ തകര്‍ന്ന് വീണു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സൂപ്പര്‍താരം ജസ്പ്രീത് ബുംറയുമാണ് ഈ റെക്കോഡുകള്‍ പങ്കിട്ടത്.
പുരുഷ ടി20 ഐ ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ അവിശ്വസനീയമായ റെക്കോര്‍ഡാണ് രോഹിത് ശര്‍മ്മ സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ടി20 വിജയം സമ്മാനിച്ച ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കിയിരിക്കുന്നത്. ഇതിഹാസതാരം മഹേന്ദ്ര സിംഗ് ധോണിയെ ആണ് രോഹിത് ശര്‍മ്മ മറികടന്നിരിക്കുന്നത്. രോഹിതിന് കീഴില്‍ 55 ടി20 മത്സരങ്ങളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്.

ഇതില്‍ 42 ലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ രോഹിതിന് സാധിച്ചു. 76.36 ആണ് രോഹിതിന്റെ വിജയശതമാനം. അതേസമയം ധോണിക്ക് കീഴില്‍ 72 മത്സരങ്ങളില്‍ നിന്ന് 41 തവണയാണ് ഇന്ത്യ ജയിച്ചത്. 59.64 ആണ് ധോണിയുടെ വിജയശതമാനം. 50 ടി20കളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള വിരാട് കോലി 30 ജയങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്. 2021 ലെ ടി20 ലോകകപ്പിന് ശേഷം ടി20 ഐ ക്യാപ്റ്റന്‍സി വിരാട് കോലി ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് രോഹിത് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരുന്നത്. ഏകദിനത്തിലും ടെസ്റ്റിലും രോഹിതിന് കീഴില്‍ ഇന്ത്യക്ക് മികച്ച റെക്കോഡാണ് ഉള്ളത്. രോഹിതിന് കീഴില്‍ ഇന്ത്യ കളിച്ച 16 ടെസ്റ്റില്‍ 10 ലും ജയിച്ചു. 45 ഏകദിനത്തില്‍ 34 ലും ജയിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ കളിച്ചതും രോഹിതിന് കീഴിലായിരുന്നു. കപില്‍ ദേവ്, സൗരവ് ഗാംഗുലി, മഹേന്ദ്ര സിംഗ് ധോണി എന്നിവര്‍ക്ക് ശേഷം ഈ നേട്ടത്തിലെത്തിയ താരമാണ് രോഹിത്.
അതേസമയം ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ ടി20യില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ജസ്പ്രീത് ബുംറ സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. ഭുവനേശ്വര്‍ കുമാറിന്റെ റെക്കോഡാണ് ബുംറ തകര്‍ത്തത്. ടി20യില്‍ 11 തവണയാണ് ജസപ്രീത് ബുംറ മെയ്ഡന്‍ ഓവര്‍ എറിയുന്നത്. 10 മെയ്ഡന്‍ ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാറിന്റെ പേരിലായിരുന്നു നേരത്തെ റെക്കോഡ്.
മൊത്തം പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബുംറ. ടി 20 യില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉഗാണ്ടയുടെ ഫ്രാങ്കോ സുബുഗയാണ്. 15 തവണയാണ് സുബുഗ കുട്ടിക്രിക്കറ്റില്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞത്. രണ്ടാം സ്ഥാനത്ത് 12 മെയ്ഡന്‍ ഓവര്‍ എറിഞ്ഞ കെനിയന്‍ താരം ഷെം കോച്ചെയാണ്.












Click it and Unblock the Notifications