തകര്‍ത്ത് ജയിച്ചിട്ടും ആദ്യ നാലില്‍ പോലുമില്ല; പോയന്റ് പട്ടികയില്‍ പാകിസ്ഥാനും പിന്നില്‍ ഇന്ത്യ
ചെന്നൈ: ലോകകപ്പിന്റെ 2023 പതിപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ തന്നെ കരുത്തരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ വരവറിയിച്ചിരിക്കുകയാണ്. അഞ്ച് തവണ ലോകചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ലോകകപ്പ് പോരാട്ടത്തിന് തുടക്കം കുറിച്ചത്. കണിശതയോടെ പന്തെറിഞ്ഞ ബൗളര്‍മാരാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഇന്ത്യയുടെ സ്പിന്‍ കെണിയില്‍ വീഴുകയായിരുന്നു.
ഓസ്‌ട്രേലിയയന്‍ മുന്‍നിരയിലെ ആറ് വിക്കറ്റുകളും സ്പിന്നര്‍മാരായിരുന്നു വീഴ്ത്തിയത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് രണ്ടും അശ്വിന്‍ ഒരു വിക്കറ്റുമെടുത്തു. മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ ഓസീസ് തിരിച്ചടിച്ചെങ്കിലും വിരാട് കോഹ്ലിയുടേയും (85) കെ എല്‍ രാഹുലിന്റേയും (97*) ഇന്നിംഗ്‌സ് ടീം ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ പോയന്റ് പട്ടിക തുറന്നിരിക്കുകയാണ് ഇന്ത്യ.

എന്നാല്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ ആവേശകരമായ ജയമാണ് സ്വന്തമാക്കിയതെങ്കിലും പോയന്റ് പട്ടികയില്‍ ആദ്യ നാലില്‍ എത്താന്‍ ഇന്ത്യയ്ക്കായില്ല. പത്ത് ടീമുകളും തങ്ങളുടെ ആദ്യ മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. റണ്‍റേറ്റാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. +0.883 എന്നാണ് ഇന്ത്യയുടെ റണ്‍റേറ്റ്. ആദ്യ മത്സരം ജയിച്ചവരില്‍ ഇത്രയും കുറഞ്ഞ റണ്‍റേറ്റുള്ള ടീം ഇന്ത്യയാണ്.
പോയന്റ് പട്ടികയില്‍ ചിരവൈരികളായ പാകിസ്ഥാനും പിന്നിലാണ് ഇന്ത്യ. ഒന്നാം സ്ഥാനത്ത് +2.149 റണ്‍റേറ്റുമായി ന്യൂസിലാന്റാണ്. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് +2.040 ആണ് റണ്‍റേറ്റ്. മൂന്നാം സ്ഥാനത്താണ് പാകിസ്ഥാന്‍, റണ്‍റേറ്റ് +1.620. നാലാം സ്ഥാനത്തുള്ള ബംഗ്ലാദേശിന് +1.438 ആണ് റണ്‍റേറ്റ്. പോയന്റ് പട്ടികയില്‍ ഏറ്റവും അവസാനം കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ്.
ഓസ്‌ട്രേലിയ ആറാമതും അഫ്ഗാനിസ്ഥാന്‍ ഏഴാമതുമാണ്. എട്ടാം സ്ഥാനത്താണ് നെതര്‍ലാന്റ്. ശ്രീലങ്കയാകട്ടെ ഒമ്പതാം സ്ഥാനത്താണ്. മുന്‍കാലങ്ങളിലെ പോലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ അല്ലാത്തതിനാല്‍ റണ്‍റേറ്റ് ടീമുകളുടെ മുന്നോട്ടുള്ള യാത്രയില്‍ വളരെ നിര്‍ണായകമാണ്. എല്ലാ 10 ടീമുകളും റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. ആദ്യ നാല് ടീമുകള്‍ നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടും.
നവംബര്‍ 15 നാണ് ഒന്നാം സെമിഫൈനല്‍. രണ്ടാം സെമിഫൈനല്‍ നവംബര്‍ 16 നും കലാശപ്പോര് നവംബര്‍ 19 നുമാണ്. സെമി ഫൈനലുകളും ഫൈനലുകളും ഡേ-നൈറ്റ് ഫോര്‍മാറ്റിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ് സ്‌റ്റേഡിയമാണ് കലാശപ്പോരിന് വേദിയാകുന്നത്.












Click it and Unblock the Notifications