പാകിസ്ഥാനെതിരെ ഗില്‍ കളിക്കുമോ..? രോഹിതിന്റെ മറുപടി ഇങ്ങനെ, '99 ശതമാനം...'
ലോകകപ്പിലെ എന്നല്ല അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ ഏറ്റവും സൂപ്പര്‍ പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ഐ സി സി ടൂര്‍ണമെന്റുകളില്‍ എത്തുമ്പോള്‍ ഇതിന് വീര്യം കൂടും. ഏകദിന ലോകകപ്പ് പോരാട്ടത്തില്‍ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ വിജയം രുചിച്ചിരുന്നു.
ചരിത്രങ്ങള്‍ എന്തൊക്കെയാണെങ്കിലും എല്ലാ കാലത്തും ആവേശം തീര്‍ക്കുന്ന ഒന്നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം എന്നതില്‍ സംശയമില്ല. ഒരുപിടി ലോകോത്തര താരങ്ങളാണ് ഇരുടീമുകളിലും എല്ലാ കാലത്തും അണിനിരന്നിട്ടുള്ളത്. ഏകദിന റാങ്കിംഗില്‍ ഒന്നും രണ്ടും സ്ഥാനത്താണ് ഇന്ത്യയും പാകിസ്ഥാനും. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മൂന്നും നാലും സ്ഥാനങ്ങളിലാണ് ഇന്ത്യയും പാകിസ്ഥാനും നില്‍ക്കുന്നത്.

അതിനാല്‍ തന്നെ കരുത്തിന്റെ കാര്യത്തില്‍ ഇരു ടീമുകളും തുല്യശക്തികളാണ് എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. എന്നാല്‍ ഇന്ത്യയ്ക്ക് അല്‍പം കൂടി മേല്‍ക്കൈ ലഭിക്കും എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നു എന്ന ആനുകൂല്യത്തിനൊപ്പം സൂപ്പര്‍താരം ശുഭ്മാന്‍ ഗില്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത ഏറെയാണ്.
ഇന്ത്യന്‍ ബാറ്റിംഗ് നിരയെ സംബന്ധിച്ച് ശുഭ്മാന്‍ ഗില്ലിന്റെ സാന്നിധ്യം വളരെ പ്രധാനമാണ്. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും നയിക്കുന്ന ബാറ്റിംഗ് നിരയിലെ യുവപ്രതിഭയാണ് ഗില്‍. കഴിഞ്ഞ വര്‍ഷം മൂന്ന് ഫോര്‍മാറ്റുകളിലും ശ്രദ്ധേയ പ്രകടനം നടത്തിയ ഗില്ലിന്റെ ക്രിക്കറ്റ് ലോകകപ്പ് അരങ്ങേറ്റമാണിത്. ഈ വര്‍ഷം 20 ഏകദിനങ്ങളില്‍ നിന്ന് 72.35 ശരാശരിയില്‍ 1230 റണ്‍സ് ഗില്‍ നേടിയിട്ടുണ്ട്. ഒരു ഇരട്ട സെഞ്ച്വറിയടക്കം അഞ്ച് വീതം സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്.
ലോകകപ്പിലെ ഓസ്ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനുമെതിരായ ആദ്യ രണ്ട് മത്സരങ്ങള്‍ ഗില്ലിന് ഡെങ്കിപ്പനി ബാധിച്ചതിനാല്‍ നഷ്ടമായിരുന്നു. പാകിസ്ഥാനെതിരേയും ഗില്‍ കളിച്ചേക്കില്ല എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എങ്കിലും താരം ടീമിനൊപ്പം തുടര്‍ന്നിരുന്നു. വ്യാഴാഴ്ച ഒരു ബാറ്റിംഗ് പരിശീലന സെഷനില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ഇന്ന് രോഹിത് ശര്‍മ്മ ഗില്ലിന്റെ ആരോഗ്യത്തെ സംബന്ധിച്ച് പുതിയ അപ്‌ഡേറ്റ് പങ്ക് വെച്ചിരിക്കുകയാണ്.
ശുഭ്മാന്‍ ഗില്ലിന് 99 ശതമാനം മാറ്റമുണ്ടെന്നാണ് രോഹിത് ശര്‍മ്മ പറഞ്ഞത്. നാളെ അദ്ദേഹം കളിക്കാനുള്ള സാധ്യതയാണ് കൂടുതലുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ ഭേദപ്പെട്ട പ്രകടനാണ് പുറത്തെടുത്തത്. ബാറ്റിംഗിലും ബൗളിംഗിലും ഏറെക്കുറെ സന്തുലിതമാണ് ഇന്ത്യന്‍ ടീം.












Click it and Unblock the Notifications