അക്തറെ വീണ്ടും പറപ്പിച്ച് സച്ചിന്‍; ഇത്തവണ മൈതാനത്തല്ല, വൈറല്‍ മറുപടി..!
ക്രിക്കറ്റില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരിനോളം തന്നെ അറിയപ്പെടുന്നതാണ് സച്ചിന്‍-അക്തര്‍ പോര്. ക്രിക്കറ്റ് ലോകത്തെ അതികായരായ ഇരുവരും ഏറ്റുമുട്ടിയപ്പോഴൊക്കെ തീപാറുന്ന പ്രകടനം രണ്ട് പേരുടെ ഭാഗത്ത് നിന്നും വന്നിട്ടുണ്ട്. ബൗണ്‍സറും വേഗവും കൊണ്ട് അക്തര്‍ പന്തെറിയുമ്പോള്‍ ക്ഷമയോടെ ക്രീസിലുറച്ച് നിന്ന് പന്തിനെ ബൗണ്ടറിയിലേക്ക് തഴുകി വിടുന്ന സച്ചിന്റെ ബാറ്റിംഗ് ഇന്നും ആരാധകരുടെ മനസില്‍ കുളിര്‍മയുള്ള ഓര്‍മയാണ്.
2003 ലെ ലോകകപ്പില്‍ തീപാറുന്ന പോരാട്ടമായിരുന്നു ഇരുവരും കാഴ്ച വെച്ചത്. പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 274 റണ്‍സാണ് ഇന്ത്യയ്ക്ക് മുന്നില്‍ വിജയലക്ഷ്യം വെച്ചത്. 75 പന്തില്‍ 98 റണ്‍സുമായി കളം നിറഞ്ഞപ്പോള്‍ ഇന്ത്യ പാകിസ്ഥാനെ തറ പറ്റിക്കുകയായിരുന്നു. ലോകകപ്പില്‍ മാത്രം പാകിസ്ഥാനെതിരെ മൂന്ന് തവണയാണ് സച്ചിന്‍ മാന്‍ ഒഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

2003 ല്‍ ഷോയിബ് അക്തറിന്റെ സ്പീഡ് ബൗണ്‍സറിനെ തേര്‍ഡ് മാനിന് മുകളിലൂടെ ഹുക്ക് ഷോട്ട് പറത്തിയ സച്ചിന്റെ പ്രകടനം ഓരോ ക്രിക്കറ്റ് ആരാധകന്റെയും മനസ്സില്‍ ഇപ്പോഴും പുതുമയോടെ നില്‍ക്കുന്നുണ്ട്. പൊതുവെ എതിരാളികള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി കൊടുക്കുന്നതാണ് സച്ചിന്റെ രീതി. എന്നാല്‍ ഇപ്പോഴിതാ അക്തറിന്റെ പരിഹാസത്തോടെയുള്ള ട്വീറ്റിന് സച്ചിന്‍ നല്‍കിയ മറുപടിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇന്നലെ ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മുന്‍പ് അക്തര്‍ പങ്ക് വെച്ച ഒരു ട്വീറ്റും അതിലെ ഫോട്ടോയുമാണ് സംഭവങ്ങള്‍ക്കാധാരം. 'നാളെ ഇതുപോലെ എന്തെങ്കിലും ചെയ്യണം എന്നുണ്ടെങ്കില്‍ കൂളായി ഇരിക്കണം' എന്ന് പറഞ്ഞ് കൊണ്ട് സച്ചിന്റെ വിക്കറ്റെടുത്ത ശേഷം തറയില്‍ മുട്ടുകുത്തിയിരുന്ന് ആഘോഷിക്കുന്ന തന്റെ ചിത്രമാണ് ഷൊയ്ബ് അക്തര്‍ പോസ്റ്റ് ചെയ്തിരുന്നത്.
ഇതിന് മറുപടിയെന്നോണം 'സുഹൃത്തേ നിങ്ങളുടെ ഉപദേശം അതേപടി പാലിച്ചു..! എല്ലാം കൂള്‍ ആയി തന്നെ തീര്‍ത്തിട്ടുണ്ട്' എന്നായിരുന്നു മത്സരശേഷം സച്ചിന്‍ മറുപടി നല്‍കിയത്. നിമിഷ നേരം കൊണ്ടാണ് സച്ചിന്റെ മറുപടി ട്വീറ്റ് വൈറലായത്. വിരമിച്ച ശേഷവും സച്ചിന്‍ അക്തറിനെ പറപ്പിക്കുകയാണ് എന്നാണ് എല്ലാവരും പറയുന്നത്. അതിവേഗതയായിരുന്നു അക്തറിന്റെ മുഖമുദ്ര.
എന്നാല്‍ സച്ചിന് വെല്ലുവിളി ഉയര്‍ത്താന്‍ അക്തറിന് സാധിച്ചിട്ടില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. 41.60 ശരാശരിയില്‍ അക്തറിനെതിരെ 416 റണ്‍സാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും സച്ചിന്‍ നേടിയത്. ഏകദിനത്തില്‍ മാത്രം അക്തറിന് മേല്‍ സച്ചിന്റെ ബാറ്റിംഗ് ശരാശരി 45 ആണ്! 19 തവണയാണ് സച്ചിനെ അക്തര്‍ പുറത്താക്കിയിട്ടുള്ളത്.












Click it and Unblock the Notifications