'സബ്‌ടൈറ്റിലിട്ട് 83 സിനിമ കണ്ടാല്‍ മതി, അപ്പോള്‍ മനസിലാകും'; മിക്കി ആര്‍തറിനോട് ശ്രീശാന്ത്
ലോകകപ്പിലെ ആവേശകരമായ പോരാട്ടങ്ങളിലൊന്നായിരുന്നു ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ഏകദിന ലോകകപ്പില്‍ ഇതുവരെ പാകിസ്ഥാനോട് പരാജയപ്പെട്ടിട്ടില്ല എന്ന ഖ്യാതി ഇന്ത്യ നിലനിര്‍ത്തിയെങ്കിലും ചില അസ്വാരസ്യങ്ങള്‍ക്ക് മത്സരം ഇടയാക്കിയിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഐ സി സി ഇവന്റല്ല ബി സി സി ഐ ഇവന്റാണ് എന്ന പാകിസ്ഥാന്‍ ടീം ഡയറക്ടര്‍ മിക്കി ആര്‍തറുടെ പരാമര്‍ശം വിവാദമായിരുന്നു.
ഈ ലോകകപ്പില്‍ ഇന്ത്യ, പാകിസ്ഥാന്‍ ആരാധകര്‍ക്ക് വിസ നിഷേധിച്ചിരുന്നു. അതിനാല്‍ തന്നെ പാകിസ്ഥാന് വേണ്ടി ആര്‍ത്തുവിളിക്കാന്‍ ഗാലറിയില്‍ ആരുമുണ്ടായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മിക്കി ആര്‍തറിന്റെ പ്രതികരണം. ഇപ്പോഴിതാ മിക്കി ആര്‍തറിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ പേസറും ലോകകപ്പ് ജേതാവും മലയാളിയുമായ ശ്രീശാന്ത് രംഗത്തെത്തിയിരിക്കുകയാണ്.

സ്‌പോര്‍ട്‌സ്‌കീഡയോടായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്നത്തെ ഉന്നതിയിലെത്തുന്നതിന് പിന്നിലെ ചരിത്രവും അധ്വാനവും മനസിലാക്കാന്‍ ആര്‍തറിനെ ബോളിവുഡ് ചിത്രം '83' സബ് ടൈറ്റിലോട് കൂടി കാണിക്കണം എന്നായിരുന്നു ശ്രീശാന്ത് അഭിപ്രായപ്പെട്ടത്. ഇന്ത്യ കളിക്കുന്നിടത്തെല്ലാം ഒരു ഐ സി സി ഇവന്റായി തോന്നാറില്ല എന്നും അതിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ടീമും എത്തിയതിന് പിന്നില്‍ ഒരുപാട് പ്രയത്‌നങ്ങളുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
'സബ്ടൈറ്റിലുകളോടെ 83 എന്ന സിനിമ കണ്ടാല്‍ ബി സി സി ഐ എവിടെയായിരുന്നെന്നും ഇപ്പോള്‍ എവിടെയാണെന്നും അദ്ദേഹത്തിന് മനസ്സിലാകും. ഈ യാത്ര വളരെ പ്രധാനമാണ്. ഇത് ഒരു പ്രചോദനാത്മകമായ കഥയാണ്. ബി സി സി ഐ വളരെ കഷ്ടപ്പെട്ടാണ് സ്വന്തം നിലയില്‍ ഉയര്‍ന്നത്. ബി സി സി ഐയിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരും കളിക്കാരും ഇപ്പോള്‍ വളരെ മികച്ചവരാണ്,' ശ്രീശാന്ത് പറഞ്ഞു.
ഇന്ത്യയുടെ സി ടീം ലോകകപ്പില്‍ കളിച്ചാല്‍ പോലും അത് ഒരു മികച്ച ടീമായിരിക്കും എന്നും ശ്രീശാന്ത് പറഞ്ഞു. ലോകകപ്പ് ഇംഗ്ലണ്ടിലാണ് നടക്കുന്നത് എങ്കില്‍ മിക്കി ആര്‍തര്‍ ഇതുതന്നെ പറയുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. രണ്ട് വര്‍ഷം ഡര്‍ബനില്‍ കളിക്കുമ്പോള്‍ പോലും താന്‍ ഇന്ത്യയിലാണെന്നാണ് തനിക്ക് തോന്നിയിരുന്നത് എന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. അതേസമയം മിക്കി ആര്‍തറുടെ പ്രസ്താവനയില്‍ ഐ സി സി അംഗവും പ്രതികരിച്ചു.
ഇത്തരം വിമര്‍ശനങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് എപ്പോഴും വരാറുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം വിരലിലെണ്ണാവുന്ന പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയുന്നുള്ളൂ എന്നാണ് വിവരം. ലോകകപ്പ് പോയിന്റ് പട്ടികയില്‍ മൂന്ന് കളികളില്‍ നിന്ന് മൂന്ന് വിജയങ്ങളുമായി ഇന്ത്യ നിലവില്‍ ഒന്നാമതാണ്. രണ്ട് ജയവും ഒരു തോല്‍വിയുമായി നാലാം സ്ഥാനത്താണ് പാകിസ്ഥാന്‍.












Click it and Unblock the Notifications