തോറ്റെങ്കിലും ഇന്ത്യ മടങ്ങുന്നത് കൈനിറയെ പണവുമായി, ലഭിക്കുന്നത് റണ്ണേഴ്‌സ് അപ്പ് തുക മാത്രമല്ല
ലോകകപ്പിലെ ഓസ്‌ട്രേലിയയുടെ ആറാം കിരീടനേട്ടത്തോടെ 2023 എഡിഷന്‍ അവസാനിച്ചിരിക്കുകയാണ്. ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്താണ് പാറ്റ് കമ്മിന്‍സും സംഘവും വിശ്വവിജയികളായത്. ഇന്ത്യ ഒരിക്കല്‍ കൂടി ഓസീസിന് മുന്‍പില്‍ ലോകകപ്പ് ഫൈനലില്‍ വീഴുകയായിരുന്നു. ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ റണ്ണേഴ്‌സ് അപ്പാകുന്നത്. ഇത്തവണ ഇന്ത്യയും ആരാധകരും ലോകകിരീടം ഉറപ്പിച്ചിരുന്നു.
അതിനാല്‍ തന്നെ അങ്ങേയറ്റത്തെ ഹൃദയവേദനയോടെയാണ് ആരാധകരും താരങ്ങളും ഇന്നലെ നരേന്ദ്ര മോദി സ്‌റ്റേഡിയം വിട്ടത്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമായിരുന്നു ഇന്ത്യ എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. ഫൈനലിന് മുന്‍പുള്ള എല്ലാ കളികളും ജയിച്ച് കൊണ്ടായിരുന്നു ഇന്ത്യയുടെ ലോകകപ്പിലെ അശ്വമേധം. അതിനാല്‍ തന്നെ കിരീടമില്ലെങ്കിലും പണം വാരിയാണ് ഇന്ത്യ ലോകകപ്പ് അവസാനിപ്പിക്കുന്നത്.

ഐസിസിയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുകയെക്കുറിച്ച് അറിയുന്നത് ടീമിന്റെ വേദന കുറയ്ക്കാന്‍ കാര്യമായൊന്നും ചെയ്യില്ല. എന്നാല്‍ ടൂര്‍ണമെന്റിലുടനീളം അവരുടെ ആധിപത്യത്തിന്റെ മറ്റൊരു ഓര്‍മ്മപ്പെടുത്തലായി ഇത് മാറുമെന്നതില്‍ സംശയമില്ല. ലോകകപ്പ് റണ്ണേഴ്‌സ് അപ്പ് എന്ന നിലയില്‍ ഇന്ത്യക്ക് ലഭിക്കുന്നത് 2 മില്യണ്‍ യുഎസ് ഡോളര്‍ ആണ്. അതായത് 16.65 കോടി രൂപ.
ഇതുകൂടാതെ ഇത്തവണ പ്രാഥമിക റൗണ്ട് മത്സരങ്ങളിലെ വിജയങ്ങള്‍ക്ക് ഐസിസി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം ഓരോ വിജയത്തിനും 40,000 യുഎസ് ഡോളറായിരുന്നു (3.30 ലക്ഷം രൂപ) പാരിതോഷികം. ഗ്രൂപ്പ് സ്റ്റേജിലെ ഒമ്പത് മത്സരങ്ങളും ജയിച്ചതിനാല്‍ ഇന്ത്യക്ക് ഈയിനത്തില്‍ 360,000 യുഎസ് ഡോളര്‍ (2.99 കോടി രൂപ) അധികമായി ലഭിച്ചു. ഇത്തരത്തില്‍ ആകെ 23,60,000 യുഎസ് ഡോളറാണ് (19.60 കോടി രൂപ) ഈ ലോകകപ്പിലെ ടീം ഇന്ത്യയുടെ വരുമാനം.
ലോകകപ്പ് ജേതാക്കളായതിന് ഓസ്‌ട്രേലിയയ്ക്ക് 4 മില്യണ്‍ ഡോളറാണ് പ്രതിഫലം ലഭിക്കുക. ഒപ്പം ട്രോഫിയും വിന്നേഴ്സ് മെഡലും ലഭിക്കും. ഇത് കൂടാതെ ഒമ്പത് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളില്‍ ഏഴും വിജയിച്ച അവര്‍ക്ക് 280,000 യു എസ് ഡോളര്‍ അധികമായി ലഭിച്ചു. ഇത്തരത്തില്‍ 2023 ലോകകപ്പില്‍ ഓസ്ട്രേലിയയുടെ ആകെ സമ്പാദ്യം 42,80,000 യു എസ് ഡോളറാണ്. സെമിയിലെത്തിയ ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നിവരും ഭേദപ്പെട്ട സമ്പാദ്യത്തോടെയാണ് മടങ്ങുന്നത്.
സെമി ഫൈനലില്‍ എത്തിയതിന് ഇരുവര്‍ക്കും 800,000 ഡോളര്‍ വീതം ലഭിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് മത്സരങ്ങള്‍ വിജയിച്ചതിന് ദക്ഷിണാഫ്രിക്കയ്ക്ക് 280,000 യുഎസ് ഡോളര്‍ അധികമായി ലഭിച്ചു. മറുവശത്ത് ന്യൂസിലാന്റിന് അഞ്ച് വിജയങ്ങള്‍ക്ക് 200,000 യുഎസ് ഡോളര്‍ ലഭിച്ചു. ഈ ലോകകപ്പില്‍ പങ്കെടുത്ത ഒരു ടീമും വെറുംകൈയോടെ പോയില്ല എന്നതാണ് മറ്റൊരു സവിശേഷത.
ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാല് വിജയങ്ങളുമായി പോയിന്റ് പട്ടികയില്‍ അഞ്ച്, ആറ് സ്ഥാനങ്ങളില്‍ എത്തിയ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും 160,000 യുഎസ് ഡോളര്‍ വീതം നേടി. മൂന്ന് മത്സരങ്ങള്‍ ജയിച്ചതിന് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് 120,000 യുഎസ് ഡോളര്‍ നേടി. ടൂര്‍ണമെന്റിലെ രണ്ട് വിജയങ്ങള്‍ക്ക് ബംഗ്ലാദേശ്, ശ്രീലങ്ക, നെതര്‍ലാന്‍ഡ്സ് എന്നിവ 80000 യു എസ് ഡോളര്‍ വീതം നേടി.












Click it and Unblock the Notifications