സൂര്യകുമാര്‍ യാദവിന് പകരം അശ്വിന്‍ കളിക്കും? സാധ്യതയേറുന്നു... രോഹിതിന്റെ കണക്കുകൂട്ടല്‍ ഇങ്ങനെ
ലോകകപ്പ് ഫൈനലിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയും ഓസ്‌ട്രേലിയയും സൂപ്പര്‍പോരാട്ടത്തിനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യയുടെ അവസാന ഇലവനെ കുറിച്ചാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഫൈനലിലും വിന്നിംഗ് ടീമിനെ തന്നെയാണോ ഇന്ത്യ അണിനിരത്തുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
എന്നാല്‍ അഹമ്മദാബാദിലേത് സ്ലോ പിച്ചാണെങ്കില്‍ അശ്വിന് അവസരം നല്‍കാന്‍ സാധ്യതയുണ്ട്. ഈ ലോകകപ്പില്‍ ഉടനീളം ഏറെ കുറെ ഒരേ ടീമിനെയാണ് ഇന്ത്യ കളിപ്പിച്ചത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ശുഭ്മാന്‍ ഗില്‍ ഇല്ലാത്തതിനാല്‍ ഇഷന്‍ കിഷന്‍ കളിച്ചിരുന്നു. അശ്വിനും തുടക്കത്തില്‍ കളിച്ചു. ഹര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പിന്‍മാറിയതോടെ ഷമി തിരിച്ചെത്തി. ഇതിന് ശേഷം ഒരേ ടീമിനെയാണ് ഇന്ത്യ കളിപ്പിച്ചത്.

അതേസമയം ഫൈനലില്‍ പിച്ചിന്റെ സ്വഭാവം കൂടി കണക്കിലെടുത്ത് അശ്വിന്‍ ടീമില്‍ ഇടം നേടിയേക്കും എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ സൂര്യകുമാര്‍ യാദവിന് അവസരം ലഭിക്കും. ഈ ലോകകപ്പില്‍ ബാറ്റിംഗിന് വളരെ കുറച്ച് അവസരം ലഭിച്ച താരമാണ് സൂര്യകുമാര്‍ യാദവ്. അവസരം ലഭിച്ചപ്പോള്‍ അത് മുതലാക്കാന്‍ താരത്തിന് സാധിച്ചിട്ടുമില്ല. അതിനാല്‍ തന്നെ അശ്വിന്‍ വരികയാണെങ്കില്‍ സൂര്യകുമാര്‍ യാദവ് തന്നെയായിരിക്കും തെറിക്കുക.
എന്നാല്‍ ഫൈനലിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവനെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ഇന്നലെ രോഹിത് ശര്‍മ്മ പറഞ്ഞത്. 'ഞങ്ങള്‍ അത് തീരുമാനിച്ചിട്ടില്ല. ഞങ്ങള്‍ പിച്ച് വിലയിരുത്തുകയും ഇന്ന് വീണ്ടും പരിശോധിക്കുകയും ചെയ്യും. 12-13 പേരെ സംബന്ധിച്ച് തീരുമാനിച്ചിട്ടുണ്ട്. ഞങ്ങളുടെ ശക്തി എന്താണെന്ന് നോക്കി അതിന് അനുസരിച്ച് തീരുമാനിക്കും,' എന്നായിരുന്നു രോഹിത് ശര്‍മ്മ പറഞ്ഞത്.
ലോകകപ്പിലെ ലീഗ് മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അശ്വിന്‍ കളിച്ചിരുന്നു. ആ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് വിജയിക്കുകയും ചെയ്തു. 10-1-34-1 എന്നതായിരുന്നു ഈ മത്സരത്തില്‍ അശ്വിന്റെ പ്രകടനം. ഓസ്‌ട്രേലിയ്‌ക്കെതിരെ മികച്ച റെക്കോഡാണ് താരത്തിനുള്ളത്. ഓസ്ട്രേലിയന്‍ ബാറ്റിംഗ് നിരയില്‍ ഇടംകൈയ്യന്‍ ബാറ്റര്‍മാര്‍ ഉള്ളതിനാല്‍ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനില്‍ അശ്വിന്‍ കളിക്കുന്നത് നിര്‍ണായകമാകും എന്നാണ് വിലയിരുത്തല്‍.
ടീമംഗങ്ങള്‍ക്കൊപ്പം നെറ്റ്സില്‍ അശ്വിന്‍ കഠിനമായി പരിശീലിക്കുന്നുണ്ട്. വെള്ളിയാഴ്ച അശ്വിന്‍ നെറ്റ്‌സില്‍ ബൗളിംഗിനൊപ്പം ബാറ്റിംഗ് പരിശീലനവും ചെയ്തിരുന്നു. ഇത് അദ്ദേഹം ഫൈനല്‍ കളിക്കുമോ എന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി. അശ്വിന്‍ ടീമിലിടം നേടിയാല്‍ മൂന്ന് സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരും ആയിരിക്കും ടീമിലുണ്ടായിരിക്കുക.












Click it and Unblock the Notifications