ഷമിക്കും കോഹ്ലിയ്ക്കും മാത്രമല്ല; ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ ബുംറയുടെ പേരിലും റെക്കോഡ്..!
ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കെതിരായ കൂറ്റന്‍ വിജയത്തോടെ ഇന്ത്യ സെമിഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണ്. ഈ ലോകകപ്പില്‍ കളിച്ച ഏഴ് മത്സരങ്ങളും ജയിച്ച് ആധികാരികമായാണ് ഇന്ത്യ സെമിയിലേക്ക് എത്തിയിരിക്കുന്നത്. ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ നാലാം സെമി ഫൈനലിലേക്കാണ് രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ഇന്ത്യ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
2011 ല്‍ ലോകകപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യ 2015 ലും 2019 ലു സെമി ഫൈനലില്‍ എത്തിയിരുന്നു. എന്നാല്‍ 2015 ല്‍ ആസ്‌ട്രേലിയയോടും 2019 ല്‍ ന്യൂസിലാന്റിനോടും ഇന്ത്യ സെമിയില്‍ പരാജയപ്പെടുകയായിരുന്നു. ഇത്തവണ ബൗളിംഗിലും ബാറ്റിംഗിലും മികച്ച പ്രകടനാണ് ഇന്ത്യ കാഴ്ച വെക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ പ്രകടനം ഇത് ഒന്ന് കൂടി അരക്കിട്ടുറപ്പിക്കുന്നതായിരുന്നു.

ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്‍ (92), വിരാട് കോഹ്ലി (88), ശ്രേയസ് അയ്യര്‍ (82) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ശ്രീലങ്കയെ വെറും 55 റണ്‍സില്‍ കൂടാരം കയറ്റിയത് അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജുമായിരുന്നു. ഈ ലോകകപ്പില്‍ നാലാം അര്‍ധസെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായ ഷമിയും ക്രിക്കറ്റ് ലോകത്തില്‍ നിന്ന് കൈയടി നേടിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ ഷമിയും കോഹ്ലിയും പോലെ തന്നെ മറ്റൊരാള്‍ കൂടി ഇന്നലത്തെ മത്സരത്തില്‍ അപൂര്‍വ റെക്കോഡ് നേടിയിട്ടുണ്ട്. മറ്റാരുമല്ല, ജസ്പ്രീത് ബുംറ തന്നെ. 48 വര്‍ഷത്തെ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ജസ്പ്രീത് ബുംറ സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. ഇന്നലെ ഒരു വിക്കറ്റ് മാത്രമെ നേടാനായൊള്ളൂവെങ്കിലും അപൂര്‍വ റെക്കോഡാണ് ബുംറ കരസ്ഥമാക്കിയിരിക്കുന്നത്.
കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്കായി ഓപ്പണിംഗിന് ഇറങ്ങിയത് പതും നിസങ്കയും ദിമുത് കരുണരത്‌നെയുമായിരുന്നു. ഈ ലോകകപ്പില്‍ ശ്രീലങ്കയുടെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനാണ് നിസങ്ക. ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് അര്‍ധസെഞ്ച്വറിയടക്കം 289 റണ്‍സാണ് നിസങ്ക നേടിയത്. ഈ നിസങ്കയെ പുറത്താക്കി കൊണ്ടാണ് ലോകകപ്പിലെ അപൂര്‍വ നേട്ടം ബുംറ സ്വന്തമാക്കിയത്.
ഇന്നലെ അഞ്ചോവര്‍ മാത്രമാണ് ബുംറ പന്തെറിഞ്ഞത്. ഒരു മെയ്ഡന്‍ അടക്കം എട്ട് റണ്‍സ് വിട്ട് കൊടുത്താണ് ബുംറ ഒരു വിക്കറ്റ് സ്വന്തമാക്കിയത്. അതേസമയം ഈ ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ മുന്‍പിലാണ് ബുംറ. ഏഴ് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റ് നേടിയ ബുംറ ബൗളര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുമാണ്.












Click it and Unblock the Notifications