അഫ്ഗാന് മുന്നില്‍ അടിപതറാത്തത് ഈ ടീമുകള്‍ മാത്രം; ഐസിസിയിലെ 7 അംഗരാജ്യങ്ങള്‍ മുട്ടുമടക്കി!!
ചെന്നൈ: ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ അട്ടിമറിയുടെ ജൈത്രയാത്ര തുടരുന്നു. 2017 ല്‍ ഐ സി സി അംഗമായ അഫ്ഗാനിസ്ഥാന്‍ ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ഏഴ് അംഗരാജ്യങ്ങളെയാണ് ഏകദിനത്തില്‍ പരാജയപ്പെടുത്തിയിരിക്കുന്നത്. യുദ്ധവും തീവ്രവാദവും തകര്‍ത്തെറിഞ്ഞ ഒരു രാജ്യം ക്രിക്കറ്റിലൂടെ പുതിയ ഉയരങ്ങളിലേക്ക് എത്തുകയാണ്. ലോകകപ്പ് പോലുള്ള വലിയ വേദികളില്‍ പോലും ആരേയും വീഴ്ത്താന്‍ കെല്‍പ്പുള്ളവരായി അഫ്ഗാനിസ്ഥാന്‍ മാറി കഴിഞ്ഞു.
റാഷിദ് ഖാനും മുഹമ്മദ് നബിയും പോലുള്ള ലോകോത്തര താരങ്ങള്‍ അഫ്ഗാന്‍ ക്രിക്കറ്റിനായി പുതിയ വഴികള്‍ തുറന്ന് കൊടുക്കുകയാണ്. അതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് 2023 ലോകകപ്പ്. ഈ ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റ് തുടങ്ങിയ അഫ്ഗാനിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം മത്സരത്തിലാണ് അത്ഭുതം കാണിച്ചത്. ലോകചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ 69 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയത്.

എന്നാല്‍ പിന്നീട് ഇന്ത്യയോട് എട്ട് വിക്കറ്റിന് തോറ്റു. പക്ഷെ മുന്‍ ലോക ചാമ്പ്യന്‍മാരായ പാകിസ്ഥാനെ പിന്തുടര്‍ന്ന് ജയിച്ച് തങ്ങളുടേതായ ദിവസം എതിര്‍ ടീം ഭയക്കേണ്ടി വരും എന്ന മുന്നറിയിപ്പും അഫ്ഗാന്‍ നല്‍കി. ഐ സി സി അംഗത്വമുള്ള രാജ്യങ്ങളില്‍ നാല് ടീമുകളൊഴികെ ബാക്കിയെല്ലാവരും അഫ്ഗാനോട് പരാജയം രുചിച്ചവരാണ്. ഇന്ത്യ, ആസ്‌ട്രേലിയ, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളോടാണ് അഫ്ഗാനിസ്ഥാന് ജയിക്കാന്‍ സാധിക്കാതിരുന്നത്.
ഈ നാല് ടീമുകളാണ് ലോകകപ്പ് പോയന്റ് ടേബിളില്‍ ആദ്യ നാലില്‍ ഉള്ളത് എന്നത് മറ്റൊരു കൗതുകം. പാകിസ്ഥാന്‍, ഇംഗ്ലണ്ട് എന്നിവരെ കൂടാതെ ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്‌വെ, അയര്‍ലാന്റ് എന്നീ ഐ സി സി അംഗരാജ്യങ്ങളും അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടിട്ടുണ്ട്. ഇനി ശ്രീലങ്കയോടും നെതര്‍ലാന്റിനോടും ആസ്‌ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടുമാണ് അഫ്ഗാന് ലോകകപ്പില്‍ മത്സരം അവശേഷിക്കുന്നത്.
നിലവിലെ ഫോമില്‍ ശ്രീലങ്കയോടും നെതര്‍ലാന്റിനോടും അഫ്ഗാന്‍ ജയം പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ അഫ്ഗാന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഐ സി സി ടൂര്‍ണമെന്റായിട്ടായിരിക്കും 2023 ലോകകപ്പ് രേഖപ്പെടുത്തുക. ഐസിസി ഏകദിന റാങ്കിംഗില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ മൂന്ന് പേരാണ് അഫ്ഗാന്‍ താരങ്ങള്‍ ഉള്ളത്.
റാഷിദ് ഖാന്‍ നാലാം സ്ഥാനത്തും മുജീബുര്‍ റഹ്‌മാന്‍ അഞ്ചാം സ്ഥാനത്തും മുഹമ്മദ് നബി പത്താം സ്ഥാനത്തുമാണ്. ടി 20 ബൗളര്‍മാരുടെ റാങ്കിംഗിലും മൂന്ന് അഫ്ഗാന്‍ താരങ്ങളുണ്ട്. റാഷിദ് ഖാന്‍ ഒന്നാം സ്ഥാനത്തും ഫസല്‍ഹഖ് ഫാറൂഖി ഏഴാം സ്ഥാനത്തും മുജീബുര്‍ റഹ്‌മാന്‍ ഒമ്പതാം സ്ഥാനത്തുമാണ്.












Click it and Unblock the Notifications