സച്ചിനും ജയസൂര്യയും വീണു, ഒപ്പം ഇതുവരെ ആര്‍ക്കുമില്ലാത്ത റെക്കോഡും സ്വന്തം പേരില്‍; കോഹ്ലി കിംഗ് തന്നെ
ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി ഇന്ത്യ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ ന്യൂസിലാന്റിനെതിരേയും വിജയിച്ചതോടെ ഈ ലോകകപ്പില്‍ പരാജയമറിയാത്ത ഏക ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുടെ വിജയത്തോടൊപ്പം തന്നെ സൂപ്പര്‍താരം വിരാട് കോഹ്ലിയുടെ ഇന്നിംഗ്‌സും ആരാധകര്‍ക്ക് കുളിര്‍മ നല്‍കുന്നതായി.
അഞ്ച് മത്സരങ്ങൡല്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമായി റണ്‍വേട്ടക്കാരില്‍ മുന്‍പന്തിയിലാണ് വിരാട് കോഹ്ലി. അര്‍ഹിച്ച സെഞ്ച്വറിക്ക് അഞ്ച് റണ്‍സകലെയാണ് കോഹ്ലി വീണത്. സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരം എന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്താന്‍ കോഹ്ലിക്കാകുമായിരുന്നു.

നിലവില്‍ കോഹ്ലിക്ക് 48 സെഞ്ച്വറിയുണ്ട്. അതില്‍ ഒന്ന് ഈ ലോകകപ്പില്‍ നേടിയത്. സച്ചിനാകട്ടെ 49 സെഞ്ച്വറിയാണ് ഉള്ളത്. നിലവിലെ ഫോം തുടര്‍ന്നാല്‍ ഈ ലോകകപ്പില്‍ തന്നെ സച്ചിന്റെ റെക്കോഡ് മറികടക്കാന്‍ കോഹ്ലിക്ക് സാധിക്കും. സെഞ്ച്വറിയുടെ റെക്കോഡ് കൈയകലത്തില്‍ നഷ്ടമായെങ്കിലും ഇന്നലത്തെ പ്രകടനത്തില്‍ ഒരുപിടി റെക്കോഡുകള്‍ കോഹ്ലി സ്വന്തം പേരില്‍ കുറിച്ചു.
2008 ല്‍ ആയിരുന്നു വിരാട് കോഹ്ലി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. 15 വര്‍ഷത്തെ കരിയറിനുള്ളില്‍ ഏകദിന ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് കോഹ്ലി. ഇന്നലത്തെ പ്രകടനത്തോടെ മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയെ ആണ് കോഹ്ലി പിന്തള്ളിയത്. സനത് ജയസൂര്യ ഏകദിന കരിയറില്‍ 13430 റണ്‍സ് ആണ് നേടിയത്. കോഹ്ലിക്കാകട്ടെ 274 ഏകദിന ഇന്നിംഗ്സുകളില്‍ നിന്നായി 58.16 ശരാശരിയില്‍ 13437 റണ്‍സായിട്ടുണ്ട്.
ഇനി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (18426), കുമാര്‍ സംഗക്കാര (14234) റിക്കി പോണ്ടിംഗ് (13704) എന്നിവരാണ് വിരാട് കോഹ്ലിക്ക് മുന്നിലുള്ളത്. നിലവില്‍ ക്രിക്കറ്റില്‍ സജീവമായവരില്‍ 11-ാം സ്ഥാനത്തുള്ള രോഹിത് ശര്‍മ്മ (10423) യാണ് ഉള്ളത് എന്നതാണ് ഈ പട്ടികയിലെ കോഹ്ലിയുടെ നേട്ടം മഹത്തരമാക്കുന്നത്. അതേസമയം ലോകക്രിക്കറ്റില്‍ മറ്റാര്‍ക്കുമില്ലാത്ത ഒരു റെക്കോഡിനും കോഹ്ലി ഇന്നലെ ഉടമയായി.
ഐസിസി ലിമിറ്റഡ് ഓവര്‍ ടൂര്‍ണമെന്റുകളില്‍ 3000 റണ്‍സ് പിന്നിടുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന നേട്ടമാണ് വിരാട് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്. ഐസിസി പുരുഷ ടി20 ലോകകപ്പ്, ഐസിസി പുരുഷ ഏകദിന ലോകകപ്പ്, ഐസിസി പുരുഷ ചാമ്പ്യന്‍സ് ട്രോഫി എന്നിവയിലായി 3054 റണ്‍സാണ് വിരാട് കോഹ്ലി സ്വന്തം പേരില്‍ കുറിച്ചത്. 68 മത്സരങ്ങളിലാണ് കോഹ്ലിയുടെ നേട്ടം.
67.86 ആണ് ശരാശരി. ഏകദിന ലോകകപ്പുകളില്‍ 1384 റണ്‍സും ചാമ്പ്യന്‍സ് ട്രോഫി, ടി20 ലോകകപ്പ് മത്സരങ്ങളില്‍ യഥാക്രമം 529, 1,141 റണ്‍സും വിരാട് കോഹ്ലി നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ വിജയങ്ങളില്‍ ഏറ്റവും കൂടുതല്‍ 50 പ്ലസ് സ്‌കോര്‍ ചെയ്ത താരം എന്ന റെക്കോഡും വിരാട് സ്വന്തം പേരിലാക്കി. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡാണ് കോഹ്ലി മറികടന്നത്. സച്ചിന്‍ ഇന്ത്യ ജയിച്ച 136 മത്സരങ്ങളില്‍ 50 പ്ലസ് സ്‌കോര്‍ ചെയ്തിരുന്നു. കോഹ്ലി 137 മത്സരങ്ങളില്‍ 50 കടന്നപ്പോഴും ഇന്ത്യ ജയിച്ചു.












Click it and Unblock the Notifications