ഡബ്ല്യുടിസി ഫൈനലില്‍ ഇന്ത്യയുടെ സാധ്യതയെന്ത്? ആ കാല്‍ക്കുലേറ്ററിങ്ങെടുത്തേ... ഗണിച്ച് നോക്കാം
ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിലും തോറ്റതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ക്ക് കനത്ത തിരിച്ചടി. തിങ്കളാഴ്ച ഓസ്ട്രേലിയയ്ക്കെതിരെ രോഹിത് ശര്‍മ്മയും കൂട്ടരും 184 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഈ തോല്‍വി ഇന്ത്യയുടെ പോയിന്റ് ശതമാനം 55.89 ല്‍ നിന്ന് 52.77 ആയി കുറച്ചു. കഴിഞ്ഞ രണ്ട് തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിച്ച ഇന്ത്യ ഇപ്പോള്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
18 മത്സരങ്ങള്‍ കളിച്ച ഇന്ത്യക്ക് ആകെ 114 പോയിന്റാണുള്ളത്. 2023-25 സൈക്കിളില്‍ ഇന്ത്യ ഒമ്പത് കളികളില്‍ ആണ് ജയിച്ചത്. ഏഴെണ്ണത്തില്‍ തോറ്റപ്പോള്‍ രണ്ടെണ്ണത്തില്‍ സമനില വഴങ്ങി. മറുവശത്ത് നടന്നുകൊണ്ടിരിക്കുന്ന ഡബ്ല്യുടിസി സൈക്കിളിലെ പത്താം മത്സരം വിജയിച്ചതിന് ശേഷം ഓസ്ട്രേലിയ തുടര്‍ച്ചയായ രണ്ടാം ഡബ്ല്യുടിസി ഫൈനലിലെത്താനുള്ള സാധ്യത വര്‍ധിപ്പിച്ചു.

ഇന്നത്തെ ജയത്തോടെ ഓസീസിന്റെ പോയന്റ് ശതമാനം 58.89 ല്‍ നിന്ന് 61.45 ആയി ഉയര്‍ന്നു. 2025 ജൂണില്‍ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന കലാശ പോരിന് ദക്ഷിണാഫ്രിക്ക ഇതിനകം തെന്ന യോഗ്യത നേടിയിട്ടുണ്ട്. സെഞ്ചൂറിയനില്‍ പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് വിജയിച്ചതിന് ശേഷമാണ് ദക്ഷിണാഫ്രിക്ക യോഗ്യത നേടിയത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ജനുവരി മൂന്നിന് സിഡ്‌നിയിലാണ്.
അവസാന ടെസ്റ്റില്‍ ഓസ്ട്രേലിയ വിജയിക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ ഇന്ത്യയ്ക്ക് ഡബ്ല്യുടിസി ഫൈനല്‍ സ്വപ്‌നം മാത്രമായി അവശേഷിക്കും. മെല്‍ബണില്‍ തോറ്റതോടെ ഇന്ത്യയുടെ വിധി ഇനി മറ്റ് മത്സരഫലങ്ങളെ കൂടി ആശ്രയിച്ചിരിക്കും. എങ്കിലും പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സിഡ്നിയില്‍ ജയിച്ചേ മതിയാകൂ. ഇന്ത്യ ജയിച്ച് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2-2ന് സമനിലയിലാകണം.
അതിന് ശേഷം ഓസ്ട്രേലിയയ്ക്കെതിരെ ശ്രീലങ്ക 2-0ന് ജയിക്കണം. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍, ഇന്ത്യയുടെ പിസിടി 55.26 ല്‍ എത്തുകയും ഓസ്ട്രേലിയയുടേത് 54.26 ആയി നില്‍ക്കുകയും ചെയ്യും. എന്നാല്‍ ശ്രീലങ്കയ്ക്കെതിരെ ഒരു മത്സരം സമനിലയിലാക്കാന്‍ ഓസ്ട്രേലിയക്ക് കഴിഞ്ഞാല്‍ അവര്‍ക്ക് ഇന്ത്യയേക്കാള്‍ മികച്ച പിസിടി ലഭിക്കും. ഓസ്ട്രേലിയയ്ക്കെതിരായ സിഡ്നി ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുകയോ സമനിലയിലാകുകയോ ചെയ്താല്‍ പിന്നെ ഇന്ത്യയ്ക്ക് സാധ്യതയില്ല.
ലോക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മറ്റ് ടീമുകളുടെ പിസിടി ഇനി പറയും പ്രകാരമാണ്. ന്യൂസിലാന്‍ഡ് (48.21), ശ്രീലങ്ക (45.45), ഇംഗ്ലണ്ട് (43.18), ബംഗ്ലാദേശ് (31.25), പാകിസ്ഥാന്‍ (30.30), വെസ്റ്റ് ഇന്‍ഡീസ് (24.24).












Click it and Unblock the Notifications