ആവേശം കൊട്ടിക്കയറി, ഒടുവില്‍ ചിരിച്ചത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് തോല്‍വി
ക്യുബേറ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി 20 യില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് എടുത്തത്. അവസാന മൂന്ന് പന്ത് എറിയുന്നതിനിടെ മഴ പെയ്തതോടെ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 15 ഓവറില്‍ 152 റണ്‍സായി പുനര്‍നിശ്ചയിച്ചു.
ഏഴ് പന്ത് ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്ക ഈ ലക്ഷ്യം മറികടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി റീസ ഹെന്‍ട്രിക്ക്‌സും ( 49 ) എയ്ദന്‍ മാര്‍ക്രവും ( 30 ) തിളങ്ങി. ഇരുവരും പുറത്തായ ശേഷം 12 പന്തില്‍ 17 റണ്‍സെടുത്ത ഡേവിഡ് മില്ലറും 12 പന്തില്‍ പുറത്താകാതെ 14 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്‌സും നാല് പന്തില്‍ പുറത്താകാതെ 10 റണ്‍സെടുത്ത ആന്‍ഡിലെ ഫെഹ്ലുക്വായോയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ജയം പൂര്‍ത്തിയാക്കി.

ഇന്ത്യയ്ക്കായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ വെറും ആറ് റണ്‍സുള്ളപ്പോള്‍ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു. പിന്നീട് തിലക് വര്‍മ ( 29 ), സൂര്യകുമാര്‍ യാദവ് ( 56 ), റിങ്കു സിംഗ് ( 68 ) എന്നിവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്.
രവീന്ദ്ര ജഡേജ 19 റണ്‍സെടുത്ത് പുറത്തായി. 39 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 68 റണ്‍സെടുത്ത റിങ്കു സിംഗ് പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവ് 36 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും അടക്കമാണ് 56 റണ്‍സെടുത്തത്. മൂന്നാം വിക്കറ്റില്‍ തിലക് വര്‍മ - സൂര്യകുമാര്‍ സഖ്യം 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
നാലാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവ് - റിങ്കു സിംഗ് സഖ്യം 70 റണ്‍സും കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോട്ട്‌സി മൂന്ന് വിക്കറ്റ് വീഴ്ത്തി. മാര്‍ക്കോ ജാനേസനും ലിസാര്‍ഡ് വില്യംസും തബ്രിസ് ഷംസിയും എയ്ദന്‍ മാര്‍ക്രവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ത്തിന് മുന്നിലെത്തി.












Click it and Unblock the Notifications