'എല്ലാം കൊള്ളാം, പക്ഷെ ഇത്ര ചിരി വേണ്ട'; ദക്ഷിണാഫ്രിക്കന്‍ പുതുമുഖത്തോട് പീറ്റേഴ്‌സണ്‍
സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് പുരോഗമിക്കുകയാണ്. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. എട്ട് വിക്കറ്റിന് 208 എന്ന നിലയില്‍ ആണ് ഒന്നാം ദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്. 70 റണ്‍സുമായി ക്രീസിലുള്ള കെ എല്‍ രാഹുലിലാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍. അഞ്ച് വിക്കറ്റെടുത്ത കഗീസോ റബാദയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.
അരങ്ങേറ്റക്കാരനായ നാന്ദ്രെ ബര്‍ഗര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ഉറച്ച പിന്തുണ നല്‍കി. മികച്ച പേസും സ്വിംഗും കാണിച്ച നാന്ദ്രെ ബര്‍ഗര്‍ ക്രിക്കറ്റ് നിരീക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി. അതേസമയം മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ നാന്ദ്രെ ബര്‍ഗറിന് ഉപദേശവുമായി രംഗത്തെത്തി. ടെസ്റ്റ് മത്സരങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ബൗള്‍ ചെയ്യുമ്പോള്‍ ബാറ്റര്‍മാരോട് ആക്രമണോത്സുകത കാണിക്കണമെന്ന് പീറ്റേഴ്‌സണ്‍ നാന്ദ്രെ ബര്‍ഗറിനോട് പറഞ്ഞു.

എക്‌സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബൗള്‍ ചെയ്യുമ്പോള്‍ ബര്‍ഗര്‍ ബാറ്റ്‌സ്മാന്‍മാരോട് നോക്കി പുഞ്ചിരിക്കുന്നത് ഒഴിവാക്കണമെന്ന് പീറ്റേഴ്‌സണ്‍ നിര്‍ദ്ദേശിച്ചു. ബൗളര്‍ാര്‍ ബാറ്റര്‍മാരെ നോക്കി പുഞ്ചിരിക്കുന്നത് അവര്‍ക്ക് ഒരു ''ചെറിയ വിജയം'' നല്‍കുന്നുവെന്നാണ് പീറ്റേഴ്‌സന്റെ പക്ഷം. വലിയ മത്സരങ്ങളില്‍ അത് സംഭവിക്കാന്‍ പാടില്ല എന്ന് പീറ്റേഴ്‌സന്‍ ബര്‍ഗറിനെ ഉപദേശിച്ചു.
'എനിക്ക് നാന്ദ്രെ ബര്‍ഗറെ ഇഷ്ടമാണ്. അവന്റെ വേഗത വളരെ ഇഷ്ടമാണ്. ഞാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു കാര്യം പുഞ്ചിരിക്കാതെ ആക്രമണോത്സുകനാകുക എന്നതാണ്. ബാറ്റ്‌സ്മാന്‍മാരെ നോക്കി പുഞ്ചിരിക്കുന്നത് അവര്‍ക്ക് ഓരോ തവണയും ചെറിയ വിജയം നല്‍കുന്നു. വേഗതയേറിയ മിക്ക ഡെലിവറികള്‍ക്കും ശേഷം പുഞ്ചിരിക്കരുത്!'', കെവിന്‍ പീറ്റേഴ്‌സണ്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.
15 ഓവറില്‍ നാല് മെയ്ഡന്‍ അടക്കം 50 റണ്‍സ് വിട്ട് കൊടുത്താണ് 28 കാരനായ നാന്ദ്രെ ബര്‍ഗര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. യശ്വസി ജയ്‌സ്വാളിന്റേയും ശുഭ്മാന്‍ ഗില്ലിന്റേയും വിക്കറ്റുകളാണ് നാന്ദ്രെ ബര്‍ഗര്‍ വീഴ്ത്തിയത്. അതേസമയം വിരാട് കോലി (38), ശ്രേയസ് അയ്യര്‍ (31) എന്നിവര്‍ക്ക് ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാത്തത് ഇന്ത്യക്ക് തിരിച്ചടിയായി. രോഹിത് ശര്‍മ്മ അഞ്ച് റണ്‍സെടുത്ത് പുറത്തായി. ശാര്‍ദുല്‍ താക്കൂര്‍ 24 റണ്‍സെടുത്തു.
റണ്‍സൊന്നുമെടുക്കാത്ത മുഹമ്മദ് സിറാജാണ് കെ എല്‍ രാഹുലിന് കൂട്ട്. ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ ജാനേസന്‍ ഒരു വിക്കറ്റെടുത്തു. മഴ കളി തടസപ്പെടുത്തിയതോടെ ഇന്ന് നേരത്തെ നിര്‍ത്തി വെക്കുകയായിരുന്നു.












Click it and Unblock the Notifications