2036 ഒളിംപിക്‌സിന് ഇന്ത്യ വേദിയാകും? ഔദ്യോഗികമായി താല്‍പര്യം പ്രകടിപ്പിച്ചു, നിര്‍ണായക നീക്കം
ന്യൂഡല്‍ഹി: ഒളിംപിക്‌സിന് വേദിയാകാനുള്ള താല്‍പര്യം ഔദ്യോഗികമായി ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിയെ അറിയിച്ച് ഇന്ത്യ. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ആണ് ഇന്ത്യയുടെ താല്‍പര്യം വ്യക്തമാക്കി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് കത്തയച്ചത്. ഒക്ടോബര്‍ ഒന്നിനാണ് ഇന്ത്യ കത്ത് അയച്ചത്. 2036 ലെ ഒളിംപിക്‌സ് ആണ് ഇന്ത്യയുടെ ലക്ഷ്യം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഒൡപിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം രാജ്യത്തുടനീളമുള്ള സാമ്പത്തിക വളര്‍ച്ച, സാമൂഹിക പുരോഗതി, യുവജന ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഗണ്യമായ സംഭാവന നല്‍കും എന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഒളിംപിക്‌സിനെ കൂടാതെ പാരാലിംപിക്‌സിനും ആതിഥേയത്വം വഹിക്കാനുള്ള താല്‍പര്യം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയെ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

2036 ലെ ഒളിംപിക്സിനും പാരാലിംപിക്സിനും ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താല്‍പര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പലകുറി പ്രകടിപ്പിച്ചിരുന്നു. ന്യൂഡല്‍ഹിയിലെ തന്റെ വസതിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പാരീസ് ഒളിംപിക്സ് അത്ലറ്റുകളുമായുള്ള ആശയവിനിമയത്തില്‍ 2036 ആഗോള കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണം എന്ന് മോദി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന 141-ാമത് ഐഒസി സെഷനില്‍ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താല്‍പ്പര്യം മോദി ആവര്‍ത്തിച്ചിരുന്നു. '2036-ല്‍ ഇന്ത്യന്‍ മണ്ണില്‍ ഒളിംപിക്സ് സംഘടിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളില്‍ നിന്ന് പിന്നോട്ടില്ല. ഇത് 140 കോടി ഇന്ത്യക്കാരുടെ ചിരകാല സ്വപ്നവും അഭിലാഷവുമാണ്. നിങ്ങളുടെ സഹകരണത്തോടെയും പിന്തുണയോടെയും ഈ സ്വപ്നം കെട്ടിപ്പടുക്കണം,' അദ്ദേഹം പറഞ്ഞു.
അതേസമയം ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ സജ്ജമാണ് എന്ന് പറഞ്ഞ് ഐഒസി പ്രസിഡന്റ് തോമസ് ബാച്ചും ഈ വാദത്തെ പിന്തുണച്ചിരുന്നു. 2028 സമ്മര്‍ ഒളിമ്പിക്സിന് യുഎസിലെ ലോസ് ഏഞ്ചല്‍സ് ആതിഥേയത്വം വഹിക്കും. 2032 ലെ ഒളിംപിക്‌സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലാണ് അരങ്ങേറുക. 2036 ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്നതിന് വിവിധ രാജ്യങ്ങളില്‍ നിന്ന് താല്‍പര്യപത്രം തേടിയിട്ടുണ്ട് എന്ന് തോമസ് ബാച്ച് വ്യക്തമാക്കി.
2036 ഒളിംപിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയടക്കം 10 രാജ്യങ്ങളാണ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. മെക്‌സിക്കോ (മെക്‌സിക്കോ സിറ്റി, ഗ്വാഡലജാര-മോണ്ടെറി-ടിജുവാന), ഇന്തോനേഷ്യ (നുസന്താര), തുര്‍ക്കി (ഇസ്താംബുള്‍), ഇന്ത്യ (അഹമ്മദാബാദ്), പോളണ്ട് (വാര്‍സോ, ക്രാക്കോ), ഈജിപ്ത് ( പുതിയ ഭരണ തലസ്ഥാനം), ദക്ഷിണ കൊറിയ (സിയോള്‍-ഇഞ്ചിയോണ്‍) എന്നിവരാണ് ഇതില്‍ മുന്‍പന്തിയില്‍.












Click it and Unblock the Notifications