കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ പരസ്യം സഞ്ജുവിനെ മോശമാക്കി കാണിക്കാനുള്ള ശ്രമമാണെന്ന് തോന്നിയിട്ടുണ്ട്; മണിക്കുട്ടന്റെ കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: ഐപില്ലിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസണ്‍ മലയാളികള്‍ക്ക് ഇന്ന് അഭിമാനമായി മാറിയിരിക്കുകയാണ്. ഏത് തരത്തിലുള്ള ബോളും അനായാസം ബൗണ്ടറി കടത്താനാവുമെന്നതാണ് സഞജുവിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഫോമിലാകാത്തതോടെ സഞ്ജുവിനെ തേടി ചില വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ സഞ്ജുവിന് നല്‍കേണ്ട പിന്തുണയെ കുറിച്ചും അതിന്റെ ആവശ്യതയെയും കുറിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടന്‍ മണിക്കുട്ടന്‍. ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കുറിപ്പിലാണ് മണിക്കുട്ടന്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്തുന്നത്... കുറിപ്പിന്റെ പൂര്‍ണരൂപം..

പ്രിയപ്പെട്ട സഞ്ജു

പ്രിയപ്പെട്ട സഞ്ജു

ഒരു നന്ദി പറഞ്ഞ് കൊണ്ട് തുടങ്ങട്ടെ, ക്രിക്കറ്റിനോട് അധികം താത്പര്യമില്ലാത്ത എന്റെ അച്ഛനെ പോലും രാജസ്ഥാന്‍ റോയല്‍സ് കളിക്കുന്ന ദിവസം അദേഹത്തിന്റെ ഇഷ്ട്ട ചാനല്‍ പരിപാടികള്‍ മാറ്റി വച്ച് ഐ.പി.എല്‍ കാണാന്‍ പ്രേരിപ്പിക്കുന്നതിന് ഒരുപാട് നന്ദി. മലയാളി കുടുംബങ്ങള്‍ക്കിടയില്‍ പോലും ക്രിക്കറ്റ് എന്ന ഗെയിമിന് ഇത്രയധികം ജനപ്രീതി നല്‍കാന്‍ സഞ്ജുവിന് സാധിക്കുന്നതില്‍ ഒരു മലയാളി എന്ന നിലയില്‍ , സഞ്ജുവിനെ പല തവണ കാണാനും സംസാരിക്കാനും സാധിച്ച ഒരു തിരുവനന്തപുരംകാരനെന്ന നിലയില്‍ അഭിമാനമുണ്ട്.

നന്മയുള്ള ഒരു മനുഷ്യന്‍

നന്മയുള്ള ഒരു മനുഷ്യന്‍

ഒരു സുഹൃത്ത് എന്നതിലുപരി സഞ്ജു സാംസണ്‍ എന്ന ക്രിക്കറ്ററുടെ ആരാധകന്‍ കൂടിയാണ് ഞാന്‍. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ , പക്വതയോടെ സംസാരിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ , നന്മയുള്ള ഒരു മനുഷ്യന്‍ എന്ന നിലയില്‍ എല്ലാ മലയാളികളെയും പോലെ സഞ്ജുവിനെ ഞാനും ഇഷ്ട്ടപെടുന്നു. എല്ലാ ഫീല്‍ഡിലും തിളങ്ങി നില്‍ക്കുന്നവര്‍ക്ക് ഒരു നല്ല സമയവും മോശം സമയവും കാണും.

സഞ്ജുവിന്റെ പ്രകടനം

സഞ്ജുവിന്റെ പ്രകടനം

ഈ ഐ.പി.എല്‍ സഞ്ജുവിന്റേതാകും എന്ന തോന്നല്‍ ജനിപ്പിക്കുന്നതായിരുന്ന ആദ്യ രണ്ട് കളികളിലെയും സഞ്ജുവിന്റെ പ്രകടനം. പക്ഷേ നിര്‍ഭാഗ്യവശാല്‍ തുടര്‍ന്നുള്ള കളികളില്‍ എന്തുകൊണ്ടോ അത് തുടരാന്‍ സാധിച്ചില്ല. പക്ഷേ വരുന്ന കളികളില്‍ സഞ്ജു ശക്തമായി തിരിച്ച് വരും എന്നതില്‍ ഒരു സംശയവുമില്ല. ആദ്യ രണ്ട് കളികള്‍ കഴിഞ്ഞപ്പോള്‍ സഞ്ജുവിനെ ആകാശം മുട്ടെ ഉയര്‍ത്തിയവര്‍ പലരും ഇപ്പോള്‍ സഞ്ജുവിനെ വിമര്‍ശിക്കാനും മുന്നിലുണ്ട്.

കണ്ണാടി കമ്പനിയുടെ പരസ്യം

കണ്ണാടി കമ്പനിയുടെ പരസ്യം

ഇതൊക്കെ എല്ലാ ഫീല്‍ഡിലും ഉള്ള കാര്യമാണ്. ഒരു മലയാളി രാജ്യം അറിയുന്ന രീതിയില്‍ വളരുക എന്നത് എളുപ്പമുള്ള കാര്യമല്ല. എതിര്‍പ്പുകള്‍ ഉണ്ടാകും. തടയാനുള്ള നീക്കങ്ങള്‍ ഉണ്ടാകും. അത് എതിര്‍ വിഭാഗത്തില്‍ നിന്ന് മാത്രമല്ല കൂടെയുള്ളവരില്‍ നിന്ന് പോലും ഉണ്ടാകും. ഐപിഎല്‍ മത്സരങ്ങള്‍ക്കിടയില്‍ കാണിക്കുന്ന പരസ്യങ്ങളില്‍ ഒരു കണ്ണാടി കമ്പനിയുടെ പരസ്യമുണ്ട്.

നിഷ്‌കളങ്കമായി തോന്നാം

നിഷ്‌കളങ്കമായി തോന്നാം

അതിലെ ഒരു പരസ്യത്തില്‍ സഞ്ജുവും അമിത് മിശ്രയും ചേര്‍ന്ന് ഒരു ക്യാച്ച് മിസ് ചെയ്യുന്നത് കാണിക്കുന്നുണ്ട്. തിരിഞ്ഞ് നടക്കുന്ന സഞ്ജുവിനെ ദേഷ്യത്തോടെ നോക്കുന്ന അമിത് മിശ്ര. പൊതുവില്‍ ഇത് കാണുന്നവര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നില്ല. പൊളാര്‍ഡിനെയൊക്കെ വച്ചും ഇവര്‍ പരസ്യം ചെയ്തല്ലോ പിന്നെന്താ കുഴപ്പം എന്ന് നിഷ്‌കളങ്കമായി തോന്നാം.

ആ മിസ് ക്യാച്ച്

ആ മിസ് ക്യാച്ച്

പക്ഷേ ഫീല്‍ഡിങ്ങില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ സഞ്ജു അപൂര്‍വമായി നടത്തിയ ആ മിസ് ക്യാച്ച് പരസ്യ രൂപത്തില്‍ വീണ്ടും വീണ്ടും കാണിച്ച് ജനങ്ങള്‍ക്കിടയില്‍ സഞ്ജുവിനെ ഒരു മോശം ഫീല്‍ഡറാക്കി കാണിക്കാനുള്ള ശ്രമം നടക്കുന്നില്ലേ എന്നെനിക്ക് തോന്നാറുണ്ട്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി സഞ്ജു ഒരു മികച്ച ഫീല്‍ഡിങ് പ്രകടനം കാഴ്ച വച്ച ശേഷം വരുന്ന ഇടവേളയില്‍ ഇത്തരമൊരു പരസ്യം വരുന്നത് എത്രത്തോളം അരോചകമാണെന്ന് ചിന്തിച്ചിട്ടുണ്ടോ ?

എത്രയോ ബ്രാന്‍ഡുകള്‍

എത്രയോ ബ്രാന്‍ഡുകള്‍

പരസ്യങ്ങള്‍ താരങ്ങളുടെ മനോവീര്യം കെടുത്താത്തവയാകാമല്ലോ ? എത്രയോ ബ്രാന്‍ഡുകള്‍ നല്ല രീതിയില്‍ പരസ്യങ്ങള്‍ ചെയ്യുന്നുണ്ട്. ധോണിയെ പോലൊരാള്‍ കളമൊഴിഞ്ഞ സാഹചര്യത്തില്‍ ആ സ്ഥാനത്തേയ്ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരാളെ താഴ്ത്തിക്കെട്ടുന്നത് മര്യാദയല്ല.സഞ്ജുവിനെ ധോണിയ്ക്ക് പകരമുള്ള ഒരാള്‍ എന്നൊന്നും പറയുന്നില്ല. അങ്ങനെ ആരെങ്കിലും ആരുടെയെങ്കിലുമൊക്കെ പകരമാകുമെന്ന് തോന്നുന്നില്ല.

ആരും പകരമാകില്ല

ആരും പകരമാകില്ല

സച്ചിനും ദ്രാവിഡും ധോണിയും യുവരാജും സേവാങ്ങും ഗാംഗുലിയുമൊക്കെ ലെജന്‍ഡ്‌സ് ആണ്. അവര്‍ക്കൊന്നും ആരും പകരമാകില്ല. സഞ്ജുവിന് സ്വന്തമായി ഐഡന്റിറ്റി ഉണ്ട്. അതില്‍ മുന്നോട്ട് വരാന്‍ സഞ്ജുവിന് നമ്മള്‍ പരമാവധി പിന്തുണ നല്‍കണം എന്ന് മാത്രം.
നോര്‍ത്തിന് സൗത്തിനോടുള്ള നീരസം , അസൂയ ഒക്കെ നേരിട്ട് ഞാനും അനുഭവിച്ചിട്ടുള്ളതാണ്. സിസിഎല്‍ (സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ) കളിയ്ക്കാന്‍ പോകുമ്പോള്‍ അത് പ്രകടമായി മനസിലാകും.

കണ്ടറിഞ്ഞതാണ്

കണ്ടറിഞ്ഞതാണ്

കേരളം മുന്നോട്ട് വരാതിരിക്കാനായി പലരും നടത്തുന്ന ശ്രമങ്ങള്‍ കണ്ടറിഞ്ഞതാണ്. ഒരു സമയത്ത് നിയന്ത്രണം വിട്ട് ഞാന്‍ ഒരു ടീമുമായി പരസ്യമായി കൊമ്പ് കോര്‍ക്കേണ്ട അവസ്ഥ വരെയെത്തി. അന്ന് ഞാന്‍ തിരിച്ചറിഞ്ഞതാണ് നമ്മുടെ കൂടെ ആരൊക്കെ കാണും കാണില്ല എന്ന്.അതോടൊപ്പം മറ്റൊരു അനുഭവം കൂടി പറയാം. മലയാളികളുടെ പ്രിയപ്പെട്ട ശ്രീശാന്ത് സിസിഎല്‍ തെലുഗു വാരിയേഴ്‌സിന്റെ ബൗളിംഗ് കോച്ചായിരുന്ന സമയം.

ഗ്രൗണ്ടില്‍ മാത്രമല്ല

ഗ്രൗണ്ടില്‍ മാത്രമല്ല

2018ല്‍ ബംഗളുരുവില്‍ നടന്ന കളിയില്‍ വിലക്ക് ഉണ്ട് എന്ന പേരില്‍ ഗ്രൗണ്ടില്‍ മാത്രമല്ല സ്റ്റേഡിയത്തില്‍ പോലും ശ്രീശാന്തിനെ കയറ്റാതെ അപമാനിച്ച സംഭവം ഉണ്ടായിട്ടുണ്ട്. അതും കോടതി കുറ്റവാളിയാണെന്ന് കണ്ടെത്താതിരുന്നിട്ട് പോലും. വാതുവയ്പ്പ് വിവാദം വന്ന സമയത്ത് വാര്‍ത്തകളില്‍ ഒരുപറ്റം പ്രമുഖ താരങ്ങളുടെ പേരുകള്‍ ഉണ്ടെന്ന് കേട്ടിരുന്നു. അവരെയാരെയും പിന്നീട് പിടികൂടിയതായോ വിലക്കിയതായോ നമ്മള്‍ കണ്ടിട്ടില്ല. ശ്രീശാന്ത് എന്ന സൗത്ത് ഇന്ത്യക്കാരന്‍ മാത്രം ബലിയാടായി.

അപേക്ഷ

അപേക്ഷ

എനിക്ക് ഒരപേക്ഷയാണ് എല്ലാവരോടും പങ്ക് വയ്ക്കാനുള്ളത്. സഞ്ജു എന്ന ക്രിക്കറ്റര്‍ കൃത്യമായ പിന്തുണ ലഭിച്ചാല്‍ ഇന്ത്യയ്ക്ക് തന്നെ അഭിമാനമാകുന്ന രീതിയില്‍ വളരും എന്നതില്‍ ഒരു സംശയവുമില്ല. സെലക്റ്റര്‍മാരായാലും , ചില കമന്റേറ്റര്‍മാരായാലും സഞ്ജു നന്നായി കളിക്കുമ്പോള്‍ അത് അങ്ങനെ തന്നെ വിലയിരുത്തണമെന്നാണ് അപേക്ഷ. അല്ലാതെ ചിലര്‍ കളിക്കുമ്പോള്‍ മാത്രം കണ്ണ് തുറന്ന് കാണുകയും . സഞ്ജുവിനെ പോലുള്ളവരുടെ നേര്‍ക്ക് കണ്ണടയ്ക്കുകയും ചെയ്യുന്നത് ഉചിതമല്ല.

താഴെയിട്ട് മെതിക്കരുത്

താഴെയിട്ട് മെതിക്കരുത്

പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളോടും ഒരപേക്ഷയുണ്ട്. സഞ്ജു നന്നായി കളിയ്ക്കുമ്പോള്‍ എടുത്തുയര്‍ത്തുന്നത് നല്ലത് തന്നെ. പക്ഷേ മികച്ച കളി കാഴ്ചവയ്ക്കാതിരിക്കുമ്പോള്‍ എടുത്ത് താഴെയിട്ട് മെതിക്കരുത്. 25 വയസുള്ള ഒരു പയ്യനാണ്. അവന്റെ ആത്മവിശ്വാസത്തില്‍ നമ്മള്‍ കാരണം ഒരു ഇടിവുണ്ടാവരുത്. അവനെ സമ്മര്‍ദ്ദത്തില്‍ ആക്കരുത്.കഴിവുറ്റ പല മലയാളികളും ദേശീയ തലത്തില്‍ എത്താതെ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നത് പോലൊരു അവസ്ഥ സഞ്ജുവിന് ഉണ്ടാകരുത്.

ആസ്വദിച്ച് കളിക്കുക

ആസ്വദിച്ച് കളിക്കുക

എനിക്ക് സഞ്ജുവിനോട് പറയാനുള്ളത് ഇത്രയേയുള്ളു. സമ്മര്‍ദ്ദങ്ങള്‍ തരാന്‍ ഒരുപാട് പേര്‍ കാണും. സഞ്ജു സഞ്ജുവിന്റേതായ കളി ആസ്വദിച്ച് കളിക്കുക. ബാക്കിയൊക്കെ നമുക്ക് വഴിയേ നോക്കാം. പ്രിയപ്പെട്ട അനിയന്, സുഹൃത്തിന് , ഇന്ത്യയിലെ മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാള്‍ക്ക് ഒരു ആരാധകനെന്ന നിലയിലുള്ള എല്ലാ ആശംസകളും.

English summary
IPL 2020: Actor Manikuttan's Facebook post in support of Rajasthan Royals Player Sanju Samson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X