IPL 2020: സിഎസ്കെയുടെ തിരിച്ചുവരവ്, പഞ്ചാബിനെ പത്ത് വിക്കറ്റിന് തകര്‍ത്തു, ഓപ്പണര്‍മാര്‍ ഫോമില്‍!!
ദുബായ്: ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് പത്ത് വിക്കറ്റ് ജയം. കിംഗ്സ് ഇലവന് പഞ്ചാബിനെയാണ് തകര്‍ത്തത്. പഞ്ചാബ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കി നില്‍ക്കെ വിക്കറ്റ് നഷ്ടമില്ലാതെ മറികടക്കുകയായിരുന്നു ചെന്നൈ. ഫോമില്ലെന്നും വയസ്സന് പടയെന്നും വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ചെന്നൈ നല്‍കിയത്. സ്കോര്‍ പിന്തുടര്‍ന്ന ചെന്നൈ നിരയില്‍ ഷെയ്ന് വാട്സണ്, ഫാഫ് ഡുപ്ലെസി എന്നിവര്‍ തകര്‍ത്തടിക്കുന്നതാണ് മത്സരത്തില്‍ കണ്ടത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടി.
വാട്സണ് 53 പന്തില്‍ 83 റണ്‍സെടുത്തപ്പോള്‍ ഇത്രയും പന്തുകളില്‍ നിന്ന് 87 റണ്‍സാണ് ഡുപ്ലെസിയുടെ സമ്പാദ്യം. വാട്സണ് 11 ഫോരും മൂന്ന് സികസ്റും പറത്തി. ഡുപ്ലെസി പതിനൊന്ന് ബൗണ്ടറിയും ഒരു സിക്സറും അടിച്ചു. തുടക്കം മുതല്‍ പഞ്ചാബ് ബൗളര്‍മാരെല്ലാം നന്നായി റണ്‍സ് വഴങ്ങി. വിജയത്തോടെ ടൂര്‍ണമെന്റില്‍ സജീവമായി നിലനില്ക്കാനും സിഎസ്കെയ്ക്ക് സാധിച്ചു. മികച്ച ഓള്‍റൗണ്ട് പ്രകടനം കൂടിയായിരുന്നു സിഎസ്കെ നടത്തിയത്. ഓപ്പണിംഗ് ജോഡി ക്ലിക്കായതോടെ ചെന്നൈ ടൂര്‍ണമെന്റില്‍ മുന്നോട്ട് കുതിക്കാനുള്ള ഒരുക്കത്തിലാണ്.
നേരത്തെ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. രാഹുലും അഗര്‍വാളും നല്ല രീതിയില്‍ തന്നെ ടീമിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ കഴിഞ്ഞ കളിയിലെ പോലെ വേഗം ഇന്നിംഗ്സിനുണ്ടായിരുന്നില്ല. മായങ്ക് 19 പന്തില്‍ 26 റണ്‍സെടുത്തു മൂന്ന് ബൗണ്ടറിയുമടിച്ചു. രാഹുലാണ് ടീമിന്റെ ടോപ് സ്കോറര്‍. 52 പന്തില്‍ 63 റണ്‍സ് നേടി താരം. ഏഴ് ഫോറും ഒരു സിക്സറും രാഹുലിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഒമ്പതാം ഒാവറിന്റെ ആദ്യ പന്തിലാണ് അഗര്‍വാള്‍ പുറത്താവുന്നത്. ടീം സ്കോര്‍ 61 ആയിരുന്നു അപ്പോള്‍.
പിന്നീടെത്തിയവര്‍ നന്നായി തന്നെ രാഹുലിന് പിന്തുണ നല്കി. മന്ദീപ് സിംഗ് 16 പന്തില്‍ 27 റണ്‍സടിച്ചു. രണ്ട് സിക്സര്‍ താരം പറത്തി. നിക്കോളാസ് പൂരാന് 17 പന്തില്‍ 33 റണ്‍സടിച്ചു. മൂന്ന് സിക്സറും ഒരു ബൗണ്ടറിയും പൂരാന് അടിച്ചു. എന്നാല്‍ ഇത്തവണയും മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാന്‍ പൂരാന് സാധിച്ചില്ല. രാഹുലും പൂരാനും അവസാനം തുടരെ പുറത്തായതിനാല്‍ 190 റണ്‍സിന് മുകളില്‍ പ്രതീക്ഷിച്ച സ്കോര്‍ 178ല്‍ ഒതുങ്ങുകയായിരുന്നു. മാക്സ്വെല്ലിനും സര്‍ഫ്രാസ് ഖാനും വെടിക്കെട്ട് നടത്താന്‍ സാധിച്ചില്ല. സിഎസ്കെ ബൗളര്‍മാരില്‍ പിയൂഷ് ചൗളയും ജഡേജയും ഷാര്‍ദുല്‍ താക്കൂറും മികച്ച നിന്നു. താക്കൂര്‍ രണ്ട് വിക്കറ്റെടുത്തു. ജഡേജയും ചൗളയും ഓരോ വിക്കറ്റെടുത്തു.