ബൗണ്ടറികളുടെ എണ്ണത്തിൽ ഗെയ്‌ലിനേക്കാൾ മുന്നിൽ ഞാൻ തന്നെയാണ്; താരതമ്യപ്പെടുത്തലിനോട് രോഹിത്
ഐപിഎല്ലിൽ മുംബൈ നായകനായ രോഹിത് ടീമിനെ അഞ്ച് തവണ കിരീടത്തിലേക്കും നയിച്ചിട്ടുണ്ട്
ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാനാണ് രോഹിത് ശർമ. നിശ്ചിത ഓവർ ക്രിക്കറ്റിൽ രോഹിത്തിന്റെ ബാറ്റിന്റെ ചൂടറിയാൻ ഈ തലമുറയിലെ ഒരുമതിരിപ്പെട്ട എല്ലാ ലോകതാരങ്ങൾക്കും സാധിച്ചിട്ടുണ്ട്. ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ചുറികളുള്ള താരം ടി20യിലും മിന്നും പ്രകടനമാണ് പുറത്തെടുക്കുന്നത്. ഐപിഎല്ലിൽ മുംബൈ നായകനായ രോഹിത് ടീമിനെ അഞ്ച് തവണ കിരീടത്തിലേക്കും നയിച്ചിട്ടുണ്ട്.

ബൗണ്ടറികളിൽ മുന്നിൽ
ഇന്ത്യൻ വനിതാ താരം ജെമീമ റോഡ്രിഗസുമായുള്ള ഒരു അഭിമുഖത്തിലാണ് വിൻഡീസ് താരം ക്രിസ് ഗെയ്‌ലുമായുള്ള താരതമ്യപ്പെടുത്തലിനോട് രോഹിത് പ്രതികരിച്ചത്. ഐപിഎല്ലിൽ ഗെയ്‌ലിനാണോ രോഹിത്തിനാണോ ഏറ്റവും കൂടുതൽ ബൗണ്ടറികളെന്നായിരുന്നു ജെമിമയുടെ ചോദ്യം. സിക്സറുകളുടെ എണ്ണത്തിൽ ഗെയ്ൽ തന്നെയാകും മുന്നിലെന്ന് പറഞ്ഞ രോഹിത് എന്നാൽ ബൗണ്ടറികളിൽ തനിക്ക് പിന്നിലാണ് ക്രിസ് ഗെയ്‌ലെന്നും കൂട്ടിച്ചേർത്തു.

സിക്സിൽ ഗെയ്ൽ
ഹിറ്റ്മാൻ പറഞ്ഞത് കൃത്യമാണ്. സിക്സറുകളുടെ എണ്ണത്തിൽ ഗെയ്ൽ തന്നെയാണ് മുന്നിൽ. 132 മത്സരങ്ങളിൽ നിന്നായി 349 തവണ ഗെയ്ൽ പന്ത് ബൗണ്ടറിക്ക് മുകളിലൂടെ പായിച്ചു. ഡി വില്ലിയേഴ്സും എംഎസ് ധോണിയുമാണ് യഥാക്രമം രണ്ട് മൂന്നും സ്ഥാനങ്ങളിൽ. ഇവർക്കെല്ലാം പിന്നാലായി നാലാമതാണ് രോഹിത്. 200 മത്സരങ്ങളിൽ നിന്ന് 213 സിക്സറുകളാണ് താരം നേടിയത്. വിരാട് കോഹ്‌ലി ഉൾപ്പടെ അഞ്ച് താരങ്ങൾ മാത്രമാണ് ടൂർണമെന്റിൽ 200സിക്സറുകൾ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ബൗണ്ടറികളിൽ മുന്നിൽ രോഹിത്
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഫോറുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ക്രിസ് ഗെയ്‌ലിനേക്കാൾ നാല് സ്ഥാനം മുകളിലാണ് രോഹിത്. എന്നാൽ രോഹിത്തിനേക്കാൾ കൂടുതൽ ബൗണ്ടറികളുള്ള അഞ്ച് താരങ്ങളുണ്ടെന്നതും വസ്തുതയാണ്. 601 ഫോറുകളുള്ള ശിഖർ ധവാനാണ് ഒന്നാമത്. 510 എണ്ണവുമായി ഡേവിഡ് വാർണർ രണ്ടാം സ്ഥാനത്തുമാണ്. ആറാം സ്ഥാനത്തുള്ള രോഹിത്തിന്റെ അക്കൗണ്ടി 459 ഫോറുകളും പത്താം സ്ഥാനത്തുള്ള ഗെയ്‌ലിന് 388 ഫോറുകളുമാണുള്ളത്.

കൊൽക്കത്തയ്ക്കെതിരെ ജയം
അതേസമയം പതിനാലാം സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് പരാജയപ്പെട്ട മുംബൈ രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഐപിഎല്ലിലെ അഞ്ചാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 10 റൺസിനാണ് മുംബൈ ഇന്ത്യൻസ് പരാജയപ്പെടുത്തിയത്.
Recommended Video

പരുക്കിൽ ആശങ്ക
കെകെആറിനെ തകര്‍ത്ത് ആദ്യ ജയം ആഘോഷിച്ചതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെ ആശങ്കപ്പെടുത്തി നായകന്‍ രോഹിത് ശര്‍മക്ക് പരിക്ക്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ പന്തെറിയുന്നതിനിടെയാണ് രോഹിതിന്റെ കാല്‍ക്കുഴക്ക് പരിക്കേറ്റത്. ഇതിന് ശേഷവും രോഹിത് ഫീല്‍ഡിങ് തുടര്‍ന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം. പന്തെറിയാനെത്തി ആദ്യ പന്ത് എറിഞ്ഞപ്പോള്‍ തന്നെ രോഹിതിന്റെ കാല്‍ക്കുഴ മടങ്ങുകയായിരുന്നു.


Click it and Unblock the Notifications