IPL 2023: പ്ലേ ഓഫിന് മുന്‍പ് ചെന്നൈക്ക് തിരിച്ചടി; സൂപ്പര്‍താരം നാട്ടിലേക്ക് മടങ്ങി
ഐപിഎല്‍ 2023 സീസണില്‍ പ്ലേ ഓഫിലേക്ക് കടന്നതിന് പിന്നാലെ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് വന്‍ തിരിച്ചടി. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് പ്ലേ ഓഫിന് മുന്‍പ് ഇംഗ്ലണ്ടിലേക്ക് മടങ്ങി. ക്വാളിഫയര്‍ 1-ല്‍ ചൊവ്വാഴ്ച ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സിന് ഇത് വലിയ തിരിച്ചടിയാണ്. ക്വാളിഫയര്‍ 1-ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്താനായാല്‍ ധോണിക്കും സംഘത്തിനും കലാശപ്പോരിന് ടിക്കറ്റാകും.
പരാജയപ്പെട്ടാലും ചെന്നൈ സൂപ്പര്‍കിംഗ്‌സിന് ഇനിയും ഫൈനലില്‍ എത്താന്‍ അവസരമുണ്ട്. രണ്ടാം ക്വാളിഫയറില്‍ എലിമിനേറ്റര്‍ വിജയിയെ പരാജയപ്പെടുത്തിയാല്‍ മതി. ഈ സാഹചര്യത്തില്‍ ബെന്‍ സ്റ്റോക്‌സിന്റെ അഭാവം തിരിച്ചടിയാകുമോ എന്നാണ് ചെന്നൈ ആരാധകര്‍ ഉറ്റുനോക്കുന്നത്. ഐപിഎല്‍ 2023 ലേലത്തില്‍ ബെന്‍ സ്റ്റോക്സിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് 16.25 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.

എന്നാല്‍ ഈ സീസണില്‍ ബെന്‍ സ്‌റ്റോക്‌സിന് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഈ സീസണില്‍, സ്റ്റോക്‌സ് രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. രണ്ട് ഇന്നിംഗ്‌സുകളിലായി 15 റണ്‍സ് നേടിയപ്പോള്‍ ബൗളിംഗിന്റെ ഒരോവറില്‍ 18 റണ്‍സ് വഴങ്ങി. അതിനാല്‍ തന്നെ ബെന്‍ സ്റ്റോക്സ് നാട്ടിലേക്ക് മടങ്ങിയത് ടീമിനെ ബാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
അതേസമയം നിര്‍ണായക മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ചരിത്രമുള്ള സ്‌റ്റോക്‌സ് പ്ലേ ഓഫില്‍ കളിക്കണമായിരുന്നു എന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം ആരാധകരും ഉണ്ട്. ദേശീയ ടീമിന്റെ മത്സരങ്ങള്‍ക്കായാണ് ബെന്‍ സ്റ്റോക്സ് നാട്ടിലേക്ക് മടങ്ങിയത്. ജൂണ്‍ ഒന്നിന് ഇംഗ്ലണ്ട് അയര്‍ലന്‍ഡുമായി ഒരു ടെസ്റ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കുുന്നുണ്ട്. ശേഷം ടീം ആഷസിന് തയ്യാറെടുക്കും.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ബെന്‍ സ്റ്റോക്‌സ്. ഇംഗ്ലണ്ടിന് ടി-20, ഏകദിന ലോകകപ്പുകള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 2017 ല്‍ ആണ് ബെന്‍ സ്‌റ്റോക്‌സ് ഐപിഎല്ലില്‍ എത്തുന്നത്. 14.5 കോടിയുടെ റെക്കോര്‍ഡ് വിലയ്ക്ക് റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സ് ആണ് സ്റ്റോക്‌സിനെ ആദ്യം സ്വന്തമാക്കിയത്. ആദ്യ സീസണില്‍ സെഞ്ച്വറിയടക്കം 316 റണ്‍സും 12 വിക്കറ്റും വീഴ്ത്താന്‍ താരത്തിനായി.
ഇതുവരെ 45 മത്സരങ്ങള്‍ കളിച്ചു. രണ്ട് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമടക്കം 992 റണ്‍സ് ബെന്‍ സ്റ്റോക്‌സ് സ്വന്തമാക്കിയിട്ടുണ്ട്. 28 വിക്കറ്റും സ്വന്തമാക്കി. 2018 ല്‍ 12.5 കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സ് സ്‌റ്റോക്‌സിനെ സ്വന്തമാക്കിയിരുന്നു. 2020 ല്‍ 8 മത്സരങ്ങളില്‍ നിന്ന് 285 റണ്‍സ് നേടി ശ്രദ്ധേയമായി. ഈ സീസണില്‍ ആണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം ചേര്‍ന്നത്.












Click it and Unblock the Notifications