IPL 2023: മുംബൈയ്‌ക്കൊപ്പം ചെന്നൈ, രോഹിതിനൊപ്പം ധോണി... ഇത് മുംബൈ-ചെന്നൈ പ്രീമിയര്‍ ലീഗോ?
ഐപിഎല്ലില്‍ അഞ്ചാം കിരീടം നേടുന്നതോടെ ചെന്നൈ സൂപ്പര്‍കിംഗ്‌സ് എത്തിയിരിക്കുന്നത് ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പവും. 2008 ല്‍ ആരംഭിച്ച ഐപിഎല്ലിന്റെ പതിനാറാമത്തെ സീസണ്‍ ആണ് അവസാനിച്ചിരിക്കുന്നത്. ഇതില്‍ 10 വര്‍ഷവും കിരീടം നേടിയത് ചെന്നൈ സൂപ്പര്‍കിംഗ്‌സും മുംബൈ ഇന്ത്യന്‍സുമാണ്. 2010, 2011, 2018, 2021, 2023 വര്‍ഷങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു.
2013, 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ ആയിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ കിരീടനേട്ടം. ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഇത് പത്താം ഫൈനല്‍ ആണ് കളിച്ചത്. ഈ കിരീട നേട്ടത്തോടെ എം എസ് ധോണി, രോഹിത് ശര്‍മ്മയ്ക്കൊപ്പം അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയ ക്യാപ്റ്റന്‍, എന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. 2016 ലും 2017 ലും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ചെന്നൈ സൂപ്പര്‍കിംഗ്‌സ് പിന്നീട് 2018 ല്‍ കിരീട നേട്ടത്തോടെയാണ് തിരിച്ചുവന്നത്.

സമാനമാണ് ഈ സീസണിലേയും അവസ്ഥ. കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഫിനിഷ് ചെയ്തത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മോശം പ്രകടനമായിരുന്നു അത്. ഈ സീസണില്‍ ആകട്ടെ ഉദ്ഘാടന മത്സരത്തില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റു. അവിടെ നിന്നാണ് കിരീടം എന്ന നേട്ടത്തിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എത്തിയിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ഞായറാഴ്ചയായിരുന്നു ഐപിഎല്‍ ഫൈനല്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ മഴ കാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. പിന്നീട് റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്ക് മത്സരം മാറ്റി. ഗുജറാത്ത് ഇന്നിംഗ്‌സ് കൃത്യസമയത്ത് തന്നെ ആരംഭിച്ചു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിംഗ്‌സ് ആരംഭിച്ച ഉടന്‍ മഴയെത്തി. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് പിന്നീട് കളി പുനരാരംഭിക്കുന്നത്.
10.45 ന് അമ്പയര്‍മാര്‍ ആദ്യം പിച്ച് പരിശോധിച്ചെങ്കിലും ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും കോച്ച് ആശിഷ് നെഹ്റയും വ്യവസ്ഥകളില്‍ തൃപ്തരായില്ല.ഇതോടെ രാത്രി 11.30-ന് മറ്റൊരു പരിശോധന കൂടി നടത്തി. ഇത് പ്രകാരം ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. ജയസാധ്യതകള്‍ മാറി മറിഞ്ഞ മത്സരത്തില്‍ ഒടുവില്‍ അവസാന പന്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് വിജയം സ്വന്തമാക്കുകയായിരുന്നു.












Click it and Unblock the Notifications