IPL 2023: ഇനി യു ടേണില്ല... ഇത്തവണ ഉറപ്പ്; വിരമിക്കല്‍ പ്രഖ്യാപിച്ച് അമ്പാട്ടി റായ്ഡു
ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സൂപ്പര്‍താരം അമ്പാട്ടി റായ്ഡു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായ അമ്പാട്ടി റായ്ഡു ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലില്‍ കിരീട നേട്ടത്തോടെ കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. 37 കാരനായ അമ്പാട്ടി റായ്ഡു ഐപിഎല്ലിന്റെ 14 സീസണുകളില്‍ കളിച്ചിട്ടുണ്ട്. നേരത്തെ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു അമ്പാട്ടി റായ്ഡു.
ഫൈനലിന് തൊട്ടുമുന്‍പ് ട്വിറ്ററിലൂടെ ആണ് അമ്പാട്ടി റായ്ഡു വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഈ മികച്ച ടൂര്‍ണമെന്റ് കളിക്കുന്നത് താന്‍ ശരിക്കും ആസ്വദിച്ചുവെന്നും ഇത്തവണ യു-ടേണുകളൊന്നും ഉണ്ടാകില്ല എന്നും അമ്പാട്ടി റായ്ഡു പറഞ്ഞു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ രണ്ട് മികച്ച ടീമുകളുടെ ഭാഗമായി കഴിഞ്ഞ ശേഷമാണ് അമ്പാട്ടി റായ്ഡു കളം വിടുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇക്കാര്യം തന്റെ വിരമിക്കല്‍ പ്രസ്താവനയില്‍ അമ്പാട്ടി റായ്ഡു കുറിച്ചിട്ടുമുണ്ട്. രണ്ട് മികച്ച ടീമുകള്‍- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ്, 204 മത്സരങ്ങള്‍, 14 സീസണുകള്‍, 11 പ്ലേഓഫുകള്‍, 8 ഫൈനലുകള്‍, 5 ട്രോഫികള്‍.. ഇന്ന് രാത്രി ആറാമത്തേത് പ്രതീക്ഷിക്കാം എന്നാണ് ട്വീറ്റില്‍ അമ്പാട്ടി റായ്ഡു കുറിച്ചിരിക്കുന്നത്. ഇതൊരു നല്ല യാത്രയായിരുന്നു എന്നും ഇന്ന് രാത്രി നടക്കുന്ന ഫൈനല്‍ ഐപിഎല്ലില്‍ എന്റെ അവസാന മത്സരമായിരിക്കും എന്നും അമ്പാട്ടി റായ്ഡു പറഞ്ഞു.
2010 ല്‍ ആണ് അമ്പാട്ടി റായ്ഡു ഐപിഎല്ലില്‍ എത്തുന്നത്. മുംബൈ ഇന്ത്യന്‍സിലൂടെ ആയിരുന്നു അമ്പാട്ടി റായ്ഡുവിന്റെ ഐപിഎല്‍ പ്രവേശനം. ആ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ഫൈനലില്‍ എത്തിയിരുന്നെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് പരാജയപ്പെട്ടു. 2013-ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം തന്റെ ആദ്യ ഐപിഎല്‍ കിരീടം അമ്പാട്ടി റായ്ഡു സ്വന്തമാക്കി.
2015 ലും 2017 ലും കിരീടം നേടിയ മുംബൈ ടീമില്‍ അംഗമായിരുന്നു. 2018 ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് എത്തി. ആ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആയിരുന്നു ജേതാക്കള്‍. 2021 ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടം നേടുമ്പോഴും അമ്പാട്ടി റായ്ഡു ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. 2018 ലെ സീസണില്‍ ആണ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ തന്റെ ടീമിന് മികച്ച സംഭാവന നല്‍കാന്‍ അമ്പാട്ടി റായ്ഡുവിന് സാധിച്ചത്.
ആ സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 43 ശരാശരിയില്‍ 602 റണ്‍സ് നേടിയ അമ്പാട്ടി റായ്ഡു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കിരീട നേട്ടത്തില്‍ സുപ്രധാന പങ്ക് വഹിച്ചു. ഐപിഎല്ലില്‍ 203 മത്സരങ്ങളില്‍ നിന്ന് 28.29 ശരാശരിയില്‍ 4,329 റണ്‍സ് റായ്ഡു നേടിയിട്ടുണ്ട്. 149 ആണ് മികച്ച സ്‌ട്രൈക്ക് റേറ്റ് 22 അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയും ഐപിഎല്ലില്‍ അമ്പാട്ടി റായ്ഡുവിന്റെ പേരിലുണ്ട്.
അതേ സമയം ഈ സീസണില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ അമ്പാട്ടി റായ്ഡുവിന് സാധിച്ചിട്ടില്ല. 15 മത്സരങ്ങളില്‍ നിന്ന് 132.38 സ്ട്രൈക്ക് റേറ്റില്‍ 139 റണ്‍സാണ് റായിഡു നേടിയത്. മികച്ച പ്രകടനത്തോടെ ടീമിന് കിരീട നേടി കൊടുത്ത് 13 വര്‍ഷം നീണ്ട ഐ പി എല്‍ കരിയറിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യവുമായാണ് അമ്പാട്ടി റായ്ഡു ഇന്ന് കളിക്കാനിറങ്ങുന്നത്.
ഇന്ത്യക്കായി 55 ഏകദിനങ്ങളും ആറ് ടി 20യും അമ്പാട്ടി റായ്ഡു കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ മൂന്ന് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും അടക്കം 1694 റണ്‍സ് ആണ് നേടിയിരിക്കുന്നത്. ടി 20 യില്‍ 42 റണ്‍സാണ് സമ്പാദ്യം. ഏകദിനത്തില്‍ മൂന്ന് വിക്കറ്റും അമ്പാട്ടി റായ്ഡു വീഴ്ത്തിയിട്ടുണ്ട്.












Click it and Unblock the Notifications