IPL 2023: കോളടിച്ച് അംബാനി കുടുംബം; ഐപിഎല്‍ സ്ട്രീമിംഗില്‍ ലഭിച്ച പരസ്യവരുമാനം കണ്ടോ..!!?
ലോകകായിക രംഗത്തെ തന്നെ പണം വാരി ഇവന്റുകളിലൊന്നാണ് ഐ പി എല്‍. ഓരോ സീസണിലും കോടികളാണ് ഐ പി എല്ലിനായി പൊടിക്കുന്നത്. താരങ്ങള്‍ക്കുള്ള പ്രതിഫലത്തിന്റെ കാര്യത്തിലായാലും പരസ്യ വരുമാനത്തിന്റെ കാര്യത്തിലായാലും ഐ പി എല്‍ മറ്റ് കായിക ഇവന്റുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. ഇപ്പോഴിതാ ഇക്കഴിഞ്ഞ ഐ പി എല്‍ സീസണിലെ പരസ്യ വരുമാനത്തിന്റെ കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്.
രണ്ട് വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം പഴയ ഫോര്‍മാറ്റിലേക്ക് ഐ പി എല്‍ തിരിച്ചെത്തിയ സീസണായിരുന്നു ഇത്തവണത്തേത്. അതിനാല്‍ തന്നെ കാണികള്‍ക്കൊന്നും ഗാലറിയില്‍ നിയന്ത്രണങ്ങളില്ലായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അഞ്ചാം കിരീട നേട്ടത്തോടെയാണ് ഐ പി എല്ലിന്റെ 2023 സീസണിന് അവസാനമായത്. ഇനി 2024 മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളിലാണ് ഐ പി എല്‍ നടക്കുക.

ഈ സീസണില്‍ പരസ്യ വരുമാന ഇനത്തില്‍ ബി സി സി ഐ, ഫ്രാഞ്ചൈസികള്‍, ബ്രോഡ്കാസ്റ്റര്‍മാര്‍ എന്നിവര്‍ക്ക് 10120 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 65 ശതമാനം തുക നേരിട്ടും 35 ശതമാനം അല്ലാതെയുമാണ് ലഭിച്ചിരിക്കുന്നത്. മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് സ്ഥാപനമായ റെഡ്‌സീര്‍ സ്ട്രാറ്റജി കണ്‍സള്‍ട്ടന്റ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം മുകേഷ് അംബാനിയുടെ ജിയോ സിനിമയും ഈ ഐ പി എല്‍ സീസണില്‍ വലിയ നേട്ടമുണ്ടാക്കി.
ജിയോ സിനിമയ്ക്കായിരുന്നു ഐ പി എല്ലിന്റെ ഓണ്‍ലൈന്‍ സ്ട്രീംമിംഗ് അവകാശം ലഭിച്ചത്. ചാനല്‍ സംപ്രേഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സിനായിരുന്നു. പരസ്യവരുമാനത്തിലൂടെ ജിയോസിനിമയ്ക്കും സ്റ്റാര്‍ സ്പോര്‍ട്സിനും 4700 കോടി രൂപ സമ്പാദിക്കാനായി എന്നാണ് റിപ്പോര്‍ട്ട്. മുകേഷ് അംബാനിയുടെ മൂത്ത മകന്‍ ആകാശ് അംബാനി കഴിഞ്ഞ വര്‍ഷം ജൂണില്‍ ആണ് റിലയന്‍സ് ജിയോയുടെ ചെയര്‍മാനായി ചുമതലയേറ്റത്.
അതിനാല്‍ ഈ നേട്ടം ആകാശിന്റെ കരിയറിലും പ്രധാനനേട്ടമാകും. ഫ്രാഞ്ചൈസികള്‍ക്ക് പരസ്യത്തിലൂടെ 1450 കോടി രൂപയും ബി സി സി ഐയ്ക്ക് 430 കോടി രൂപയും സമ്പാദിക്കാനായി. അതേസമയം ഡ്രീം 11 പോലുള്ള ഫാന്റസി സ്പോര്‍ട്സ് പ്ലാറ്റ്ഫോമുകള്‍ 2800 കോടി രൂപയാണ് ഈ സീസണില്‍ നേടിയത്. ഫാന്റസി ഗെയിമിംഗ് പ്ലാറ്റ്ഫോമുകളുടെ മൊത്ത വരുമാനം 2022 ലെ ഐ പി എല്ലിനെ അപേക്ഷിച്ച 2,250 കോടി രൂപയില്‍ നിന്ന് 24 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications