IPL 2023: ചെന്നൈ ശരിക്കും സൂപ്പര്‍ കിംഗ്‌സ്... അവസാന പന്തില്‍ ആവേശ ജയം, അഞ്ചാം കിരീടം
അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍കിംഗ്സ് ജേതാക്കള്‍. മഴ കാരണം 15 ഓവറില്‍ 171 റണ്‍സാക്കി ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചിരുന്നു. ഇത് അവസാന പന്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്സ് മറികടന്നു. ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ അഞ്ചാമത്തെ ഐപിഎല്‍ കിരീടമാണിത്. അവസാന രണ്ട് പന്തില്‍ 10 റണ്‍സായിരുന്നു ചെന്നൈക്ക് വേണ്ടിയിരുന്നത്.
മോഹിത് ശര്‍മ്മ എറിഞ്ഞ അവസാന രണ്ട് പന്ത് സിക്‌സും ഫോറും പായിച്ച് രവീന്ദ്ര ജഡേജയാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സിന് ആവേശകരമായ ജയം സമ്മാനിച്ചത്. ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 215 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗിനിറങ്ങിയതിന് പിന്നാലെ മഴ പെയ്യുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് എടുത്തു.

അര്‍ധ സെഞ്ച്വറി നേടിയ സായ് സുദര്‍ശന്റേയും (96) വൃദ്ധിമാന്‍ സാഹയുടേയും (54) മികവിലാണ് ഗുജറാത്ത് ടൈറ്റന്‍സ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ശുഭ്മാന്‍ ഗില്‍ (39), ഹര്‍ദിക് പാണ്ഡ്യ (21) എന്നിവരും തിളങ്ങി. ഒന്നാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍- വൃദ്ധിമാന്‍ സാഹ സഖ്യം 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 20 പന്തില്‍ 39 റണ്‍സെടുത്ത ഗില്ലിനെ ജഡേജയുടെ പന്തില്‍ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
സായ് സുദര്‍ശന്‍-വൃദ്ധിമാന്‍ സാഹ സഖ്യം രണ്ടാം വിക്കറ്റില്‍ 64 റണ്‍സാണ് ഗുജറാത്ത് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. 54 റണ്‍സെടുത്ത സാഹ ദീപക് ചഹാറിന്റെ പന്തില്‍ ധോണി പിടിച്ചാണ് പുറത്തായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് റിതുരാജ് ഗെയ്ക്വാദും ഡെവണ്‍ കോണ്‍വേയും പതിവ് പോലെ മികച്ച തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ ഇരുവരും 74 റണ്‍സ് ആണ് കൂട്ടിച്ചേര്‍ത്തത്.
ഇരുവരേയും ഒറ്റ ഓവറില്‍ പുറത്താക്കി നൂര്‍ അഹമ്മദ് ഗുജറാത്തിന്റെ പ്രതീക്ഷ കാത്തു. എന്നാല്‍ പിന്നാലെയെത്തിയ ശിവം ദുബെ (32*), അജിങ്ക്യ രഹാനെ (23), അമ്പാട്ടി റായ്ഡു (19) എന്നിവര്‍ സ്‌കോര്‍ ഉയര്‍ത്തി. ധോണി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായത് കാണികളെ ഞെട്ടിച്ചു. ഗുജറാത്തിനായി മോഹിത് ശര്‍മ്മ മൂന്നും നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം കിരീടം മോഹിച്ചാണ് ഇന്നിറങ്ങിയത്.
കഴിഞ്ഞ സീസണില്‍ പുതുതായി വന്ന ടീമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍ക്കുള്ള ഓറഞ്ച് ക്യാപും ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപും ഗുജറാത്ത് താരങ്ങള്‍ക്കാണ്. ശുഭ്മാന്‍ ഗില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയപ്പോള്‍ പര്‍പ്പിള്‍ ക്യാപ് മുഹമ്മദ് ഷമിക്കാണ്.












Click it and Unblock the Notifications