IPL 2023: ക്യാപ്റ്റനല്ല, ടീം തന്നെയാണ് പ്രശ്‌നം, ഞാന്‍ ക്യാപ്റ്റനായെന്ന് വെച്ച് ജയിക്കില്ല; അക്‌സര്‍ പട്ടേല്‍
ഐപിഎല്‍ ഈ സീസണില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്ന് അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ഏറ്റുമുട്ടുമ്പോള്‍ ഇതിനോടകം പ്ലേ ഓഫില്‍ നിന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്തായിട്ടുണ്ട്. ഇതുവരെ കളിച്ച 13 മത്സരങ്ങളില്‍ 5 എണ്ണത്തില്‍ മാത്രമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് ജയിക്കാനായത്. എട്ട് മത്സരങ്ങളിലും പരാജയപ്പെട്ടു.
പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ്. റിഷഭ് പന്ത് കാറപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലായത് ഡല്‍ഹി ക്യാപിറ്റല്‍സിനെ കുറച്ചൊന്നുമല്ല ബാധിച്ചത്. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ഈ സീസണില്‍ നയിച്ചത്. ബാറ്റിംഗില്‍ ആദ്യ മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത വാര്‍ണര്‍ പക്ഷെ പിന്നീട് ഫോം ഔട്ടായി.

വൈസ് ക്യാപ്റ്റനായ അക്‌സര്‍ പട്ടേല്‍ മാത്രമാണ് ഡല്‍ഹി നിരയിലെ ഏക ആശ്വാസം. ഈ ഓള്‍റൗണ്ടര്‍ ഇതുവരെ 13 കളികളില്‍ നിന്ന് 268 റണ്‍സും 11 വിക്കറ്റും നേടിയിട്ടുണ്ട്. അതിനിടയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഈ സീസണിന്റെ പകുതിയില്‍ നയിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ താന്‍ തയ്യാറാകുമായിരുന്നില്ല എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അക്‌സര്‍ പട്ടേല്‍.
ഒരു ദേശീയ ടീമിനെയോ ഫ്രാഞ്ചൈസിയെയോ നയിക്കാന്‍ എല്ലാവരും കാത്തിരിക്കുകയാണ് എന്നിരിക്കെയാണ് അക്‌സര്‍ പട്ടേലിന്റെ പ്രതികരണം. സീസണിന്റെ മധ്യത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍സി വാഗ്ദാനം ചെയ്തിരുന്നെങ്കില്‍ താന്‍ അത് സ്വീകരിക്കില്ലായിരുന്നു എന്നാണ് അക്‌സര്‍ പട്ടേല്‍ പറയുന്നത്. അതിന് വ്യക്തമായ കാരണവും അക്‌സര്‍ പട്ടേല്‍ തുറന്ന് പറയുന്നുണ്ട്.
ക്യാപ്റ്റന്‍സിയിലെ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മാനേജ്മെന്റിന്റെ മനസിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് സംബന്ധിച്ച ചോദ്യത്തിനാണ് അക്‌സര്‍ പട്ടേലിന്റെ പ്രതികരണം. സീസണിന്റെ മധ്യത്തില്‍ നായകസ്ഥാനം ഏറ്റെടുക്കുന്നത് ടീമിന്റെ മൊത്തം അന്തരീക്ഷത്തെ തടസപ്പെടുത്തിയേക്കാം എന്നാണ് അക്‌സര്‍ പട്ടേല്‍ പറയുന്നത്. അവര്‍ തനിക്ക് ക്യാപ്റ്റന്‍സി തന്നിരുന്നെങ്കില്‍ പോലും താന്‍ അത് സ്വീകരിക്കില്ലായിരുന്നു എന്നും അക്‌സര്‍ പറഞ്ഞു.
നിങ്ങളുടെ ടീം ഇത്രയും മോശം സീസണിലൂടെ കടന്നുപോകുമ്പോള്‍, ഇത്തരത്തിലുള്ള കാര്യങ്ങള്‍ അതിനെ കൂടുതല്‍ വഷളാക്കും. ടീമിലെ കളിക്കാരെയും ക്യാപ്റ്റനെയും പിന്തുണയ്ക്കേണ്ടതുണ്ട്. സീസണിന്റെ മധ്യത്തില്‍ നിങ്ങള്‍ ക്യാപ്റ്റന്‍സി മാറ്റുന്നത് ഒരു നല്ല സന്ദേശം നല്‍കില്ല എന്നും അക്‌സര്‍ പട്ടേല്‍ പറഞ്ഞു.
താന്‍ ക്യാപ്റ്റന്‍ ആയിരുന്നാലും കാര്യങ്ങള്‍ അങ്ങനെ തന്നെ തുടരാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒരു ടീമെന്ന നിലയില്‍ തങ്ങള്‍ കൂട്ടായി ഈ സീസണില്‍ പരാജയപ്പെട്ടു. അതിനാല്‍ തന്നെ ക്യാപ്റ്റനെ കുറ്റം പറയുന്നത് കൊണ്ടോ മാറ്റുന്നത് കൊണ്ടോ കാര്യമില്ല എന്നും അക്‌സര്‍ പട്ടേല്‍ വ്യക്തമാക്കി.












Click it and Unblock the Notifications