പാനിപ്പൂരി വിറ്റ ദുരിത കാലം, ഇന്ന് ഐപിഎല്ലിലെ 'സ്റ്റാര്‍', ജെയ്‌സ്വാളിന്റെ ശമ്പളം എത്രയെന്നറിയുമോ?
ദില്ലി: രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളാണ് ഇപ്പോള്‍ ഐപിഎല്ലിലെ താരം. കഴിഞ്ഞ ദിവസം ഐപിഎല്ലിലെ അതിവേഗ അര്‍ധ സെഞ്ച്വറി താരം സ്വന്തമാക്കിയിരിക്കുകയാണ്. വിരാട് കോലി വരെ ആ ഇന്നിംഗ്‌സിനെ അഭിനന്ദിക്കുകയും ചെയ്തു. വൈകാതെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ജേഴ്‌സിയില്‍ താരത്തെ കാണാനാവുമെന്നാണ് ആരാധകര്‍ പറയുന്നത്.
എന്നാല്‍ ഈ പറയുന്നത് പോലെയായിരുന്നില്ല ജെയ്‌സ്വാളിന്റെ തുടക്കം. വളരെ പരിതാപകരമായ സാഹചര്യത്തില്‍ നിന്നാണ് ഇന്ന് ഇന്ത്യന്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന നിലയിലേക്ക് അദ്ദേഹം വളര്‍ന്നത്. അത് ഒട്ടും എളുപ്പമായിരുന്നില്ല. ഇന്ന് അദ്ദേഹം വാങ്ങുന്ന ശമ്പളവും അതോടൊപ്പം ചര്‍ച്ചയായിരിക്കുകയാണ്.

പത്താം വയസ്സില്‍ മുംബൈയിലെത്തി
ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ നിന്നാണ് ജെയ്‌സ്വാള്‍ മുംബൈയിലെത്തിയത്. സൂര്യവനിലെ ഒരു ചെറിയ കച്ചവടക്കാരന്റെ മകനായിരുന്നു ജെയ്‌സ്വാള്‍. പത്താം വയസ്സിലായിരുന്നു മുംബൈയിലേക്ക് ജെയ്‌സ്വാള്‍ എത്തിയത്.
ക്രിക്കറ്ററാവുക എന്ന ഉദ്ദേശത്തോടെയായിരുന്നു മുംബൈയിലേക്ക് വന്നത്. സീനിയേഴ്‌സിന്റെ ഉപദേശത്തെ തുടര്‍ന്നായിരുന്നു ഈ വരവ്. ഒരു പാല്‍ക്കടയിലായിരുന്നു ജെയ്‌സ്വാളിന്റെ ജോലി.
കടയില്‍ നിന്ന് പുറത്താക്കി
പാല്‍ക്കടയില്‍ രാവിലെ ജോലിയെടുക്കുകയും, അവിടെ തന്നെ താമസിക്കുകയും ചെയ്തിരുന്നു ജെയ്‌സ്വാള്‍. എന്നാല്‍ ക്രിക്കറ്റ് പ്രാക്ടീസിന് ശേഷം വൈകീട്ട് ജോലിയെടുക്കാന്‍ ജെയ്‌സ്വാളിന് സാധിക്കുമായിരുന്നില്ല. അതോടെ താരത്തെ കടയില്‍ നിന്ന് ഉടമ പുറത്താക്കുകയും ചെയ്തു.
പിന്നീടാണ് ആസാദ് മൈതാനിലെ മുസ്ലീം യുനൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബില്‍ ജെയ്‌സ്വാള്‍ അഭയം തേടുന്നത്. ഈ ടെന്റില്‍ വൈദ്യുതിയോ ബാത്‌റൂമോ ഉണ്ടായിരുന്നില്ല. ഇവിടെയുള്ളവര്‍ നിരന്തരം യശസ്വിയെ മര്‍ദിക്കാറുണ്ടായിരുന്നു. മറ്റുള്ളവര്‍ക്കൊപ്പം പാചകം ചെയ്തില്ലെങ്കില്‍ പട്ടിണി കിടക്കേണ്ടി വരുമെന്ന ഭീഷണിയും ഇതോടൊപ്പമുണ്ടായിരുന്നു.
പാനിപ്പൂരി വിറ്റ കാലം
ജെയ്‌സ്വാള്‍ ആസാദ് മൈതാനത്തിനത്തിന് പുറത്ത് പാനി പൂരി വിറ്റിരുന്നു. പണം സമ്പാദിക്കാനായിരുന്നു ഇത്. രാത്രിയില്‍ പണം സമ്പാദിക്കാനുള്ള ഏക മാര്‍ഗവും ഇത് തന്നെയായിരുന്നു. ക്ലബുകള്‍ക്ക് വേണ്ടി കളിച്ചായിരുന്നു താരം പണം കണ്ടെത്തിയത്.
ഒരു ദിവസത്തെ ഭക്ഷണത്തിന് വേണ്ടി പോലും താരം ക്രിക്കറ്റ് മത്സരം കളിച്ചിരുന്നു. 2013ല്‍ ജ്വാല സിംഗ് എന്ന പരിശീലകന്‍ ജെസ്വാളിനെ കണ്ടെത്തിയതോടെയാണ് താരത്തിന്റെ ജീവിതം മാറിയത്. എല്ലാ കാര്യവും അദ്ദേഹം നോക്കാമെന്ന് ഏല്‍ക്കുകയായിരുന്നു.
കോടികളുടെ കിലുക്കം
ജെയ്‌സ്വാള്‍ 2020ലാണ് ഐപിഎല്ലില്‍ അരങ്ങേറുന്നത്. രാജസ്ഥാന്‍ റോയല്‍സിലായിരുന്നു താരം എത്തിയത്. അന്ന് 2.4 കോടിയാണ് താരത്തിനായി ടീം മുടങ്ങിയത്. 2023ലെ താരലേലത്തില്‍ നാല് കോടി മുടങ്ങി ടീം ജെയ്‌സ്വാളിനെ നിലനിര്‍ത്തിയിരുന്നു. അത് എന്തായാലും വെറുതെ ആയില്ല. താരം ഈ സീസണില്‍ സെഞ്ച്വറി അടിക്കുക മാത്രമല്ല, അതിവേഗ അര്‍ധസെഞ്ച്വറിയും കുറിച്ചു.
തന്നെ അതിവേഗ നേട്ടത്തിന് സഹായിച്ച് സഞ്ജു സാംസണാണെന്നും താരം വെളിപ്പെടുത്തിയിരുന്നു. വളരെയധികം സമ്മര്‍ദത്തിലായിരുന്നു ഞാന്‍. ജോസ് ബട്‌ലര്‍ എന്റെ അബദ്ധത്തില്‍ പുറത്തായതിലായിരുന്നു അത്. സഞ്ജുവാണ് തന്നെ ആശ്വസിപ്പിച്ചത്. മികച്ച രീതിയില്‍ കളിക്കാനും ആവശ്യപ്പെട്ടു. അതാണ് പ്രചോദനമായതെന്നും ജെയ്‌സ്വാള്‍ പറഞ്ഞു.












Click it and Unblock the Notifications