IPL 2023: ശമ്പളമെല്ലാം പിഴയടച്ച് തീരുമോ? നിതീഷ് റാണയ്ക്ക് 24 ലക്ഷം രൂപ പിഴ, ഈ സീസണില്‍ ഇത് രണ്ടാമത്തേത്
ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ നിതീഷ് റാണയ്ക്ക് ബിസിസിഐയുടെ പിഴ ശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് നടപടി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ആ ഓവറിന് മുമ്പ് തന്നെ അമ്പയര്‍മാര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പെനാല്‍ട്ടി വിധിച്ചിരുന്നു. ക്യാപ്റ്റന്‍ നിതീഷ് റാണ 24 ലക്ഷം രൂപയാണ് പിഴയായി അടക്കേണ്ടത്.
ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നത്. അതിനാലാണ് നിതീഷ് റാണയ്ക്ക് ഇത്രയും വലിയ തുക പിഴ ചുമത്തിയത്. ഇതിനോടാപ്പം ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ടുള്‍പ്പെടെ പ്ലെയിംഗ് ഇലവനിലെ ഓരോ അംഗവും പിഴയായി 6 ലക്ഷം രൂപയോ അല്ലെങ്കില്‍ മാച്ച് ഫീയുടെ 25 ശതമാനമോ അടക്കുകയും വേണം. ഐപിഎല്ലിലെ പുതിയ നിയമപ്രകാരം കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷയായി സര്‍ക്കിളിന് പുറത്ത് നാല് പേരെ മാത്രമേ അനുവദിക്കൂ.

ഇക്കാര്യം കൊല്‍ക്കത്ത ക്യാപ്റ്റന്‍ നിതീഷ് റാണയുമായി സംസാരിക്കവെ താരം പ്രകോപിതനാവുകയും അമ്പയര്‍മാരോട് കയര്‍ക്കുകയും ചെയ്തിരുന്നു. നേരത്തെ മുംബൈ ഇന്ത്യന്‍സ് താരം ഹൃത്വിക് ഷോക്കീനുമായുള്ള വാക്കറ്റത്തിന്റെ പേരിലും ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് റാണയ്ക്ക് പിഴ ചുമത്തിയിരുന്നു. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.21 പ്രകാരം ലെവല്‍ 1 കുറ്റം ആയിരുന്നു നിതീഷ് റാണ ചെയ്തത്.
അന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന് മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ ചുമത്തിയത്. അതേസമയം ചെന്നൈ സൂപ്പര്‍കിംഗ്‌സിന് എതിരെ ഇന്നലെ മികച്ച ജയം സ്വന്തമാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സാധിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍കിംഗ്‌സ് ശിവം ദുബെയുടെയും ഡെവോണ്‍ കോണ്‍വേയുടെയും ഇന്നിംഗ്‌സിന്റെ ബലത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു.
34 പന്തില്‍ നിന്നും പുറത്താകാതെ 48 റണ്‍സ് ആണ് ദുബെ നേടിയത്. കോണ്‍വേ 28 പന്തില്‍ നിന്നും 30 റണ്‍സെടുത്തു. 145 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒമ്പത് പന്തും ആറ് വിക്കറ്റും കയ്യിലിരിക്കവെ വിജയത്തിലെത്തി. 44 പന്തില്‍ നിന്നും പുറത്താകാതെ 57 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നിതീഷ് റാണയും 43 പന്തില്‍ 54 റണ്‍സടിച്ച റിങ്കു സിങ്ങും ആണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്.












Click it and Unblock the Notifications