2011 ആവര്‍ത്തിക്കുമെന്ന് കരുതി... പക്ഷെ ഡക്കായി മടങ്ങി; ഇത് തന്നെയാണ് ധോണി

മഴ ഇടക്ക് കളിച്ചെങ്കിലും അര്‍ധരാത്രിയിലും ആര്‍ത്തിരമ്പുകയായിരുന്നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം. ഐ പി എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലിലെ ഓരോ പന്തും തിങ്ങി നിറഞ്ഞ കാണികള്‍ കൈയടിയോടെയാണ് എതിരേറ്റത്. ആ ആരവം ഉച്ഛസ്ഥായിയില്‍ എത്തിയത് 1.30 ന് ആയിരുന്നു. 15 പന്തില്‍ 23 റണ്‍സ് വേണമെന്നിരിക്കെ അമ്പാട്ടി റായ്ഡു മടങ്ങിയതോടെ ചെന്നൈ ആരാധകര്‍ നിരാശരായി.

എന്നാല്‍ ആ നിരാശക്ക് ഒന്നോ രണ്ടോ സെക്കന്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. കൈയില്‍ ബാറ്റേന്തി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പതിയെ ഗ്രൗണ്ടിലേക്ക് ഒരു മനുഷ്യന്‍ നടന്ന് വരുന്നുണ്ടായിരുന്നു, മഹേന്ദ്രസിംഗ് ധോണി എന്ന ആരാധകരുടെ സ്വന്തം 'തല'. അതുവരെ മാനത്ത് നിന്ന് കേട്ട ഇടിനാദത്തേക്കാള്‍ വലിയ ശബ്ദം ഗാലറിയില്‍ മുഴങ്ങി. മൊബൈല്‍ ഫ്‌ളാഷുകള്‍ തെളിഞ്ഞ് കൊണ്ടിരുന്നു.

msd

സ്വന്തം ടീമിന്റെ ഹോം ഗ്രൗണ്ടല്ലാതിരുന്നിട്ട് പോലും സ്‌റ്റേഡിയത്തെ മഞ്ഞക്കടലാക്കി മാറ്റിയ ധോണി എന്ന നായകന്‍ പതിയെ ക്രീസിലേക്ക്. ചെന്നൈക്ക് ലക്ഷ്യം അല്‍പം ദൂരെ തന്നെയായിരുന്നു ആ നിമിഷം. അപ്പോഴാണ് ധോണി സ്വയം ടോപ് ഓര്‍ഡറിലേക്ക് കയറി കളിക്കാന്‍ തീരുമാനിച്ചെത്തുന്നത്. എല്ലാവരുടേയും മനസില്‍ 2011 ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തെളിഞ്ഞുവന്നു.

വീണ്ടും ഒരു കിരീട നേട്ടത്തിലേക്ക് ധോണിയുടെ ബാറ്റ് ശബ്ദിക്കുന്നതിനായി എല്ലാവരും കാതോര്‍ത്തു. ഒരു കാലത്ത് ചെന്നൈ സൂപ്പര്‍കിംഗ്‌സിലും ടീം ഇന്ത്യയിലും തന്റെ വിശ്വസ്തനായ ബൗളറായിരുന്ന മോഹിത് ശര്‍മ്മയെ ആണ് ധോണിക്ക് നേരിടേണ്ടത്. ധോണി തയ്യാറെടുത്തു. ഓടിയെത്തിയ മോഹിത് ശര്‍മ്മ ഫുള്‍ ലെങ്തില്‍ പന്ത് എറിഞ്ഞു. മുന്‍കാല്‍ മുന്നോട്ടാഞ്ഞ് ധോണി ബാറ്റ് വീശി. നേരെ ഡേവിഡ് മില്ലറുടെ കൈകളിലേക്ക്.

അതുവരെ ആര്‍ത്ത് വിളിച്ച സ്‌റ്റേഡിയം ശ്മശാനമൂകമായി. സൂചിയിട്ടാല്‍ കേള്‍ക്കാവുന്ന നിശബ്ദത ഗാലറിയില്‍ നിറഞ്ഞു. പലരും സ്തംഭിച്ച് നിന്നുപോയി. നേരിട്ട ആദ്യപന്തില്‍ ധോണി പുറത്ത്. വിശ്വസിക്കാനാകാതെ പലരും തലയില്‍ കൈവെച്ചു. ധോണിയെ പതിയെ തിരിച്ചുനടന്നു. അതോടെ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ വിജയപ്രതീക്ഷയും തുലാസിലായി. ഇനി അല്‍പം പിറകോട്ട് പോകാം. ഒരു നാല് വര്‍ഷം പിറകിലേക്ക്.

2019 മാഞ്ചസ്റ്റര്‍. ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ, ന്യൂസിലാന്റിനെ നേരിടുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് നിശ്ചിത 50 ഓവറില്‍ നേടിയത് 239 റണ്‍സ്. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അവിശ്വസനീയമാംവിധം തകര്‍ന്നടിയുന്നു. ഒരു റണ്‍സെടുത്ത് രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും വിരാട് കോഹ്ലിയും മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് മാത്രം.

DHONI

അധികം വൈകാതെ ദിനേഷ് കാര്‍ത്തിക്ക്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരും വീണു. സ്‌കോര്‍ ആറിന് 92. അപ്പോഴും ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷ കൈവിട്ടില്ല. വാലറ്റത്തിനൊപ്പം പലപ്പോഴും ഇന്ത്യക്ക് അവിസ്മരണീയ ജയം സമ്മാനിച്ച ധോണി ടീം ഇന്ത്യയേ ഫൈനലിലേക്ക് എത്തിക്കും എന്ന വിശ്വാസം ആരാധകര്‍ക്കുണ്ടായിരുന്നു. അത് അന്വര്‍ത്ഥമാകുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ധോണി രക്ഷാപ്രവര്‍ത്തനം തുടങ്ങി.

ടീം സ്‌കോര്‍ 208 ല്‍ എത്തിയപ്പോള്‍ രവീന്ദ്ര ജഡേജ (77) വീണു. പിന്നാലെ സര്‍വഭാരവും ധോണിയുടെ ചുമലിലായി. അവസാന അംഗീകൃത ബാറ്റ്‌സ്മാന്‍ ആയതിനാല്‍ തന്നെ പരാമവധി സ്‌ട്രൈക്ക് നിലനിര്‍ത്താന്‍ ധോണി ശ്രമിച്ചു. പക്ഷെ ഫലമുണ്ടായില്ല. വിക്കറ്റിനിടയിലെ ഓട്ടത്തിലൂടെ എന്നും അതിശയിപ്പിച്ച ധോണി ഡബിള്‍ ഓടാന്‍ ശ്രമിക്കുന്നതിനിടെ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ നേരിട്ടുള്ള ത്രോയില്‍ വീണു.

MS DHONI

അതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളും അവസാനിച്ചു. അതായിരുന്നു ധോണിയുടെ അവസാന അന്താരാഷ്ട്ര മത്സരവും. മാഞ്ചസ്റ്ററിലെ ആ മത്സരത്തിന് 15 വര്‍ഷം മുമ്പാണ് മുടി നീട്ടിവളര്‍ത്തിയ ഒരു റാഞ്ചിക്കാരന്‍ പയ്യന്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നത്. സച്ചിനും ഗാംഗുലിയും ദ്രാവിഡും സെവാഗും വാഴുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരയിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന ലേബലില്‍ ധോണിയെത്തി.

ബംഗ്ലാദേശിന് എതിരായ ആദ്യ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടായാണ് ധോണി തുടങ്ങിയത്. അഞ്ചാമത്തെ മത്സരത്തില്‍ സെഞ്ച്വറി നേടിക്കൊണ്ടാണ് ധോണി ഇതിന് പ്രായ്ശ്ചിത്തം ചെയ്തത്. തന്റെ ആദ്യ ടി 20 മത്സരത്തില്‍ നേരിട്ട രണ്ടാം പന്തിലും ധോണി പുറത്തായി. എന്നാല്‍ പ്രഥമ ടി 20 കിരീടം നേടിക്കൊടുക്കാന്‍ ധോണി എന്ന ക്യാപ്റ്റന്‍ വേണമായിരുന്നു. ഇങ്ങനെയൊക്കെയായിരുന്നു ധോണിയുടെ കരിയര്‍.

അതായത് ഐപിഎല്‍ ഫൈനലില്‍ ധോണി ഡക്കാകുന്നത് വലിയ കാര്യമല്ല എന്ന് സാരം. കാരണം അയാള്‍ തെറ്റുകളും പോരായ്മകളും പറ്റുന്ന ഒരു സാധാരണ ക്രിക്കറ്ററാണ്, അമാനുഷികനല്ല. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരല്ലാത്തവരുടെ വന്യമായ സ്വപ്നങ്ങളില്‍ പോലും ധോണി ഡക്കിന് പുറത്താകുമെന്ന് കരുതിയിരിക്കില്ല. പക്ഷെ അത് നിങ്ങളെ ഇപ്പോഴും അവിശ്വസിപ്പിക്കുന്നുണ്ടെങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ ധോണിയുടെ കരിയര്‍ കൃത്യമായി പിന്തുടരുന്നവരായിരിക്കില്ല.

ഏകദിനത്തില്‍ ഒരു റണ്ണൗട്ടില്‍ ആരംഭിച്ച് റണ്ണൗട്ടില്‍ അവസാനിച്ച കരിയറാണ് ധോണിയുടേത്. ടി 20യില്‍ ഒരു ഡക്കില്‍ നിന്ന് ആരംഭിച്ച് ഡക്കില്‍ എത്തി നില്‍ക്കുന്ന കരിയറും. അതെ ധോണി തീര്‍ച്ചയായും ഒരു മനുഷ്യനാണ്. അദ്ദേഹം തെറ്റുകള്‍ക്ക് വിധേയനാണ്. ആ തെറ്റ് സംഭവിച്ചു എന്ന് ഉള്‍ക്കൊള്ളാന്‍ ധോണിക്ക് സാധിക്കാറുണ്ട്. തെറ്റില്‍ നിന്ന് പഠിക്കുക, അതില്‍ അധികം വിഷമിക്കരുത് എന്നതാണ് ധോണിയുടെ ലൈന്‍.

അതിനാല്‍ തന്നെ പൂര്‍ണ്ണതയിലും അപൂര്‍ണ്ണനായി നില്‍ക്കുന്ന കരിയറാണ് ധോണിയുടേത് എന്ന് പറയേണ്ടി വരും. ഇന്ത്യയ്ക്കും ചെന്നൈയ്ക്കും വേണ്ടി സ്വതസിദ്ധമായ ശൈലിയില്‍ എത്രയോ തവണ ധോണി വിജയം സമ്മാനിച്ചിട്ടുണ്ട്. പക്ഷെ അത് അദ്ദേഹത്തിന് ഇന്നലെ സാധിച്ചില്ല, പക്ഷെ ടീമിന് സാധിച്ചു. അതിനാല്‍ തന്നെ ധോണിയെ പൂര്‍ണ്ണനാക്കുന്നത് ഈ അപൂര്‍ണ്ണത കൂടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q