കഴിഞ്ഞ സീസണില്‍ ആരും തിരിഞ്ഞുനോക്കിയില്ല; ഇന്ന് വിക്കറ്റ് വേട്ടയില്‍ ഒന്നാമത്, ആരാണ് മോഹിത് ശര്‍മ്മ
അഹമ്മദാബാദ് : ഈ വര്‍ഷത്തെ ഐ പി എല്‍ സീസണില്‍ ആരൊക്കെയാണ് മിന്നും താരമെന്ന് ചോദിച്ചാല്‍, ആ പട്ടികയില്‍ മുകളില്‍ തന്നെയുണ്ടാകും മോഹിത് ശര്‍മ്മ. 13 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റെടുത്താണ് മോഹിത് ഗുജറാത്തിന്റെ വജ്രായുധമായി മാറിയത്. ഈ സീസണില്‍ ഇതുവരെ ഏറ്റവും അധികം വിക്കറ്റ് നേടിയ താരം മോഹിത് ശര്‍മ്മയാണ്. കഴിഞ്ഞ സീസണില്‍ മോഹിത് ശര്‍മ്മ ഗുജറാത്തിന്റെ നെറ്റ് ബൗളറായിരുന്നു.

ഒരു സമയത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വജ്രായുധമായിരുന്നു മോഹിത് ശർമ്മ. എന്നാല്‍ അന്ന് താരത്തിന്റെ കരിയല്‍ അവസാനിച്ചെന്നാണ് പലരും വിധിയെഴുതിയത്. രണ്ട് ലോകകപ്പ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള മോഹിത് ശര്‍മ്മ 2014 ലെ ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് അവിടെ നിന്നങ്ങോട്ട് മോഹിത്തിന് തിരിച്ചടിയുടെ കാലമായിരുന്നു.
ഗുജറാത്തില്‍ എത്തി ക്ഷമയോടെ നെറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചതോടെ മോഹിത്തിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 2013 മുതല്‍ 2015 വരെയാണ് മോഹിത് ശര്‍മ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിച്ചത്. പിന്നീട് 2016 മുതല്‍ 2018 വരെ പഞ്ചാബിനായി കളിച്ചു. 2019ല്‍ ചെന്നൈയിലേക്ക് വീണ്ടും തിരിച്ചെത്തി. പിന്നീട് 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും കളിച്ചു.
2014 ലെ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിച്ച മോഹിത് , 16 മത്സരങ്ങളില്‍നിന്ന് 19.65 ശരാശരിയില്‍ 23 വിക്കറ്റുകള്‍ സ്വന്തമാക്കി വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ സീസണില്‍ മോഹിത് ലേലത്തനായി പേര് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആരും വാങ്ങാന്‍ മുന്നോട്ടുവന്നില്ല. ഇതോടെയാണ് ഗുജറാത്തിനൊപ്പം നെറ്റ് ബൗളറായി ചേര്‍ന്നത്.
ഐ പി എല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് രണ്ടു വര്‍ഷത്തെ വിലക്കു ലഭിച്ചതോടെയാണ് മോഹിത് ശര്‍മയുടെ കരിയറില്‍ തിരിച്ചടി നേരിട്ടത്. അതിന് ശേഷം പഞ്ചാബിന് വേണ്ടി കളിച്ചെങ്കിലും ചെന്നൈയ്ക്ക് വേണ്ടി കളിച്ചപ്പോഴുണ്ടായ മികവ് ഉണ്ടായില്ല. 2019 ല്‍ ചെന്നൈയില്‍ തിരിച്ചെത്തിയെങ്കിലും പഴയ ഫോം വീണ്ടെടുക്കാന്‍ മോഹിത് ശര്‍മ്മയ്ക്ക് സാധിച്ചില്ല.












Click it and Unblock the Notifications