മുംബൈ മാജിക്ക് വീണ്ടും, ജയം 81 റണ്‍സിന്, രണ്ടാം എലിമിനേറ്ററില്‍ ലഖ്‌നൗ വീണു
ചെന്നൈ: ഐപിഎല്ലിലെ രണ്ടാം എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 81 റണ്‍സിന്റെ വമ്പന്‍ തോല്‍വി. ജയത്തോടെ ഗുജറാത്തുമായുള്ള പോരാട്ടത്തിന് മുംബൈ അര്‍ഹത നേടി. ഒട്ടും ചിന്തിക്കാതെയുള്ള ലഖ്‌നൗവിന്റെ ബാറ്റിംഗും, മികച്ച ഫീല്‍ഡിംഗുമാണ് മുംബൈയെ ജയത്തിലേക്ക് നയിച്ചത്.
പ്ലേഓഫുകളില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന ശീലം മുംബൈ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയായിരുന്നു. 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നവിന്റെ തുടക്കവും മോശമായിരുന്നു. പ്രേരക് മങ്കദിനെ തുടക്കത്തില്‍ തന്നെ ടീമിന് നഷ്ടമായി. മൂന്ന് റണ്‍സാണ് താരം എടുത്തത്. കൈല്‍ മയേഴ്‌സ്(18) പിന്നാലെ തന്നെ പുറത്തായി.

രണ്ടിന് 23 എന്ന നിലയില്‍ പതറുകയായിരുന്നു ലഖ്‌നൗ. മാര്‍ക്കസ് സ്റ്റോയിനിസ്(40) ആണ് പിന്നീട് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്.സ്‌റ്റോയിനിസാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 27 പന്തില്‍ അഞ്ച് സിക്‌സറും ഒരു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. എന്നാല്‍ തീര്‍ത്തും അപക്വമായ രീതിയിലാണ് സ്റ്റോയിനിസ് പുറത്തായത്.
നോണ്‍ സ്‌ട്രൈക്കിലുള്ള താരവുമായി കൂട്ടിയിടിച്ച് റണ്ണിന് വേഗം കുറഞ്ഞതോടെയാണ് താരം പുറത്തായത്. ഇത് വളരെ മോശം പുറത്താവലായിരുന്നു. മത്സരം വളരെ നിര്‍ണായക ഘട്ടത്തിലായിരുന്നു ആ സമയം. ലഖ്‌നൗ തകര്‍ന്നതും ഇതോടെയാണ്. ക്രുണാല്‍ പാണ്ഡ്യ(8) ആയുഷ് ബദോനി(1) നിക്കോളാസ് പൂരാന്‍(0) ദീപക് ഹൂഡ(15) കൃഷ്ണപ്പ ഗൗതം(2) എന്നിവരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി.
മുംബൈ ബൗളര്‍മാരില്‍ ആകാശ് മധ്വാളിന് മുന്നിലാണ് ലഖ്‌നൗ തകര്‍ന്നത്. താരം അഞ്ച് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകളാണ് പിഴുതത്. മൂന്ന് റണ്ണൗട്ടുകളാണ് മത്സരത്തില്‍ പിറന്നത്. ക്രിസ് ജോര്‍ദാന്‍, പിയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ വലിയ ഇന്നിംഗ്‌സുകളൊന്നും പിറന്നില്ലെങ്കില്‍ മികച്ച ഫിനിഷിംഗിലൂടെയും ചെറിയ വ്യക്തിഗത സ്‌കോറുകളിലൂടെയുമാണ് മുംബൈ മികച്ച സ്‌കോര്‍ നേടിയത്. മുംബൈയുടെ തുടക്കം ഈ മത്സരത്തില്‍ മോശമായിരുന്നു. ഇഷാന്‍ കിഷന്‍(15) രോഹിത് ശര്‍മ(11) എന്നിവര്‍ വേഗത്തില്‍ പുറത്തായി.
പിന്നീട് കാമറൂണ്‍ ഗ്രീന്‍(41) സൂര്യകുമാര്‍ യാദവ്(33) എന്നിവരുടെ മികവിലാണ് മുന്നോട്ട് പോയത്. ഗ്രീന്‍ 23 പന്തിലാണ് 41 റണ്‍സടിച്ചത്. ടീമിന്റെ ടോപ് സ്‌കോററും താരമാണ്. ആറ് ബൗണ്ടറിയും ഒരു സിക്‌സറും താരമടിച്ചു. ചെന്നൈയിലെ വേഗം കുറഞ്ഞ പിച്ചില്‍ ആര്‍ക്കും വലിയ സ്‌കോറുകള്‍ നേടാന്‍ സാധിച്ചില്ല. സൂര്യകുമാര്‍ രണ്ട് ബൗണ്ടറിയും രണ്ട് സിക്‌സറുമടിച്ചു.
അതേസമയം രണ്ടിന് 104 എന്ന നിലയില്‍ 200 റണ്‍സിന് മുകളിലൊരു സ്‌കോര്‍ മുംബൈ സ്വപ്‌നം കണ്ടിരുന്നു. പത്തോവറോളം ശേഷിക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ സൂര്യകുമാറും ഗ്രീനും പുറത്തായത് മുംബൈ സ്‌കോറിനെ പിന്നോട്ടടിച്ചു. ടിം ഡേവിഡ്(13) വമ്പനടികള്‍ക്കായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. റണ്‍സ് കണ്ടെത്താനും താരം നന്നായി ബുദ്ധിമുട്ടി. തിലക് വര്‍മ(26) നിഹാല്‍ വദേര(23) എന്നിവരാണ് അവസാന ഓവറുകളില്‍ തിളങ്ങിയത്.
അവസാന ഓവറില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും പറത്തിയ വദേര 180ന് മുകളില്‍ സ്‌കോര്‍ എത്തിക്കുകയായിരുന്നു. മുംബൈ നിരയില്‍ നവീന്‍ ഉള്‍ ഹക്ക് നാല് വിക്കറ്റ് വീഴ്ത്തി. മുംബൈയുടെ മുന്‍നിരയെ തകര്‍ത്തും നവീനാണ്. യാഷ് താക്കൂറിനും മൂന്ന് വിക്കറ്റ് ലഭിച്ചു. ശേഷിച്ച വിക്കറ്റ് മൊഹ്‌സീന്‍ ഖാനാണ്.












Click it and Unblock the Notifications