ചെപ്പോക്കില്‍ തീപ്പൊരിയായി റിങ്കു സിംഗ്, ഒപ്പത്തിന് റാണയും, കെകെആറിന് 6 വിക്കറ്റ് വിജയം
ചെന്നൈ: ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 6 വിക്കറ്റ് വിജയം. 9 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ടീം വിജയിച്ചത്. 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കെകെആറിന് തകര്‍ച്ചയോടെയായിരുന്നു തുടക്കം. മൂന്നിന് 33 എന്ന നിലയിലായിരുന്നു ടീം.
ജേസന്‍ റോയ്(12) റഹ്‌മത്തുള്ള ഗുര്‍ബാസ്(1) വെങ്കടേഷ് അയ്യര്‍(9) എന്നിവരാണ് പുറത്തായത്. എല്ലാവരും വമ്പനടിക്ക് ശ്രമിച്ചാണ് പുറത്തായത്. എന്നാല്‍ പിന്നീട് കെകെആര്‍ ചെപ്പോക്കില്‍ കളി തിരിക്കുന്നതാണ് കണ്ടത്. നിതീഷ് റാണ(57) റിങ്കു സിംഗ് (54) എന്നിവര്‍ ചേര്‍ന്നാണ് കളി തിരിച്ചത്. ഇരുവരും ചേര്‍ന്ന് 99 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. അതോടെയാണ് സിഎസ്‌കെ മത്സരം കൈവിട്ടത്.

നിതീഷ് റാണ 44 പന്തില്‍ 57 റണ്‍സടിച്ചു. ആറ് ബൗണ്ടറിയും ഒരു സിക്‌സറും ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു. റിങ്കു സിംഗ് മൂന്ന് സിക്‌സറും നാല് ബൗണ്ടറിയുമടിച്ചു. ഒന്‍പത് പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു കെകെആറിന്റെ വിജയം. അതേസമയം മത്സരത്തില്‍ ചെന്നൈ ബൗളര്‍മാര്‍ ബുദ്ധിപൂര്‍വം പന്തെറിയാതിരുന്നതും തോല്‍വിക്ക് കാരണമായിട്ടുണ്ട്.
12 എക്‌സ്ട്രാസ് ആണ് ടീം വഴങ്ങിയത്. ചെന്നൈ നിരയില്‍ ദീപക് ചാഹര്‍ മൂന്ന് വിക്കറ്റെടുത്തു. ബാക്കിയാര്‍ക്കും വിക്കറ്റ് ലഭിച്ചു. പ്രതീക്ഷിച്ചത് പോലെ മഹീഷ പതിരാനയ്ക്ക് ഈ മത്സരത്തില്‍ ഉയരാന്‍ സാധിച്ചില്ല. വിക്കറ്റുകള്‍ വീഴാതിരുന്നതാണ് മത്സരത്തില്‍ ചെന്നൈക്ക് തിരിച്ചടിയായത്.
നേരത്തെ ടോസ് നേടിയ സിഎസ്‌കെ ചെപ്പോക്കില്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഉറപ്പായും ആദ്യം ബാറ്റ് ചെയ്യേണ്ട പിച്ച് എന്ന് സിഎസ്‌കെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി പറയുകയും ചെയ്തു. പക്ഷേ റണ്‍സ് കണ്ടെത്താന്‍ സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാര്‍ നന്നായി ബുദ്ധിമുട്ടി.
റിതുരാജ് ഗെയ്ക്വാദ്(17) ഡെവണ്‍ കോണ്‍വേ(30) എന്നിവര്‍ ചേര്‍ന്ന പതിയെയാണ് തുടങ്ങിയത്. ഗെയ്ക്വാദ് രണ്ട് ബൗണ്ടറിയടിച്ചു. കോണ്‍വേ മൂന്ന് ബൗണ്ടറിയുമടിച്ചു. അജിന്‍ക്യ രഹാനെ(16), അമ്പാട്ടി റായിഡു94) എന്നിവര്‍ക്കും വലിയ സ്‌കോര്‍ നേടാനായില്ല.
മധ്യനിരയില്‍ ശിവം ദുബെ(48)യുടെ ഇന്നിംഗ്‌സാണ് ചെന്നൈക്ക് കരുത്ത് പകര്‍ന്നത്. 34 പന്തിലായിരുന്നു താരം 48 റണ്‍സടിച്ചത്. മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയും ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു. രവീന്ദ്ര ജഡേജ(20)യും മികച്ച പിന്തുണ ദുബെയ്ക്ക് നല്‍കി. പക്ഷേ വിചാരിച്ചത് പോലെ വെടിക്കെട്ടിന് അനുയോജ്യമായിരുന്നില്ല പിച്ച്.
വളരെ വേഗം കുറവായിരുന്നു. അതേസമയം കെകെആറിന്റെ ബൗൡഗ് മികച്ചതായിരുന്നു. സ്പിന്‍ ബൗളിംഗില്‍ സിഎസ്‌കെയെ കുരുക്കാനും അവര്‍ക്ക് സാധിച്ചു. സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. വൈഭവ് അറോറ. ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്കും ഓരോ വിക്കറ്റ് ലഭിച്ചു.












Click it and Unblock the Notifications