എല്ലാം ശുഭം, ഗില്ലിന്റെ താണ്ഡവം, മോഹിത്തിന്റെ വേറെ ലെവല്‍ ബൗളിംഗ്, ഗുജറാത്ത് ഫൈനലില്‍
അഹമ്മദാബാദ്: ഐപിഎല്ലിലെ ഇന്നത്തെ ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍. 234 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ മുംബൈയുടെ പോരാട്ടം 171 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 62 റണ്‍സിനായിരുന്നു ഗുജറാത്തിന്റെ വിജയം.
ടൈറ്റന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. ചേസിംഗില്‍ ആദ്യ പകുതിയോളം ജയപ്രതീക്ഷ നിലനിര്‍ത്തിയ ശേഷമാണ് മുംബൈ തകര്‍ന്നത്. രോഹിത് ശര്‍മ(8) നിഹാല്‍ വദേര(4) എന്നിവര്‍ പരാജയപ്പെട്ട ശേഷം പതിയെ മുംബൈ വെടിക്കെട്ട് ആരംഭിക്കുകയായിരുന്നു. കാമറൂണ്‍ ഗ്രീന്‍(30) തിലക് വര്‍മ(43) എന്നിവരായിരുന്നു തുടക്കമിട്ടത്. തിലക് 14 പന്തിലാണ് 43 റണ്‍സടിച്ചത്. അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും താരം അടിച്ചു.

സൂര്യകുമാര്‍ യാദവ്(61) വന്നതോടെ സ്‌കോര്‍ അതിവേഗം കുതിക്കാന്‍ തുടങ്ങി. ഗ്രീനും സൂര്യകുമാര് ചേര്‍ന്നായിരുന്നു തകര്‍ത്തടിച്ചത്. 38 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. എന്നാല്‍ സൂര്യകുമാര്‍ പുറത്തായതോടെ ചീട്ടുകൊട്ടാരം പോലെയാണ് മുംബൈ തകര്‍ന്നത്.
വിഷ്ണു വിനോദ്(5) ടിം ഡേവിഡ്(2) ക്രിസ് ജോര്‍ദാന്‍(2) എന്നിവരെല്ലാം വേഗത്തില്‍ പുറത്തായി. അഞ്ച് വിക്കറ്റെടുത്ത മോഹിത് ശര്‍മയുടെ മികച്ച പ്രകടനമാണ് ഗുജറാത്തിന് ഇത്ര വലിയ വിജയം സമ്മാനിച്ചത്. മുഹമ്മദ് ഷമി, റാഷിദ് ഖാന്‍, എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ മഴ മൂലം വൈകി തുടങ്ങിയ മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഈര്‍പ്പം നിറഞ്ഞ പിച്ചില്‍ വിക്കറ്റം വേഗം വീഴുമെന്ന മുംബൈയുടെ എല്ലാ കണക്കുകൂട്ടലും തെറ്റി. ശുഭ്മാന്‍ ഗില്ലിന്റെ അഴിഞ്ഞാട്ടമായിരുന്നു അഹമ്മദാബാദില്‍ കണ്ടത്.
ടൂര്‍ണമെന്റിലെ മൂന്നാം സെഞ്ച്വറിയാണ് ഗില്‍ കുറിച്ചത്. 60 പന്തില്‍ 129 റണ്‍സടിച്ച ഗില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് കളഞ്ഞു. പത്ത് ബൗണ്ടറിയും ഏഴ് വമ്പന്‍ സികസറുകളും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഗില്ലിന്റെ പ്രകടനം മാത്രം മതിയായിരുന്നു ഗുജറാത്തിനെ വമ്പന്‍ സ്‌കോറിലെത്തിക്കാന്‍.
ആദ്യ അന്‍പത് റണ്‍സ് വരെ ശുഭ്മാന്‍ ഗില്ലിന്റെ ഇന്നിംഗ്‌സിന് സാധാരണ വേഗത്തിലായിരുന്നു. എന്നാല്‍ അര്‍ധ സെഞ്ച്വറി പിന്നിട്ടതിന് പിന്നാലെ ഗില്‍ ഗിയര്‍ ചേഞ്ച് ചെയ്യുന്നതാണ് കണ്ടത്. പിയൂഷ് ചൗളയെയും, മധ്വാളിനെയും കടന്നാക്രമിച്ച ഗില്‍ മുംബൈയെ ഞെട്ടിച്ചു. മൂന്ന് സിക്‌സറുകളാണ് മധ്വാളിന്റെ ഒരോവറില്‍ ഗില്‍ അടിച്ചത്.
അതേസമയം വൃദ്ധിമാന്‍ സാഹയ്‌ക്കൊപ്പം 38 പന്തില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടും ഗില്‍ ഉണ്ടാക്കി. പിന്നീട് സായ് സുദര്‍ശന്‍(43) കൂടി വന്നതോടെ ഇന്നിംഗ്‌സ് അതിവേഗം കുതിക്കുകയായിരുന്നു. സുദര്‍ശന്‍ 31 പന്തിലാണ് 43 റണ്‍സടിച്ചത്. അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും താരം അടിച്ചു.
അതേസമയം ഹര്‍ദിക് പാണ്ഡ്യ 13 പന്തില്‍ 28 റണ്‍സുമായി പുറത്താവാതെ നിന്നു. ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാര്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. തുടക്കത്തില്‍ ഗില്‍ നല്‍കിയ ബുദ്ധിമുട്ടുള്ള അവസരം ടിം ഡേവിഡ് വിട്ടുകളഞ്ഞിരുന്നു. അതിന് ശേഷം ഗില്‍ ആളിക്കത്തുകയായിരുന്നു. മുംബൈ നിരയില്‍ ആകാശ് മധ്വാളും, പിയൂഷ് ചൗളയും ഓരോ വിക്കറ്റെടുത്തു. ബാക്കിയെല്ലാ ബൗളര്‍മാരും തല്ലുവാങ്ങി.












Click it and Unblock the Notifications