IPL 2023: ബുംറയക്ക് പകരക്കാരനെ കിട്ടി... റിഷഭ് പന്തിന്റെ അയല്‍ക്കാരന്‍; ആരാണ് ആകാശ് മദ്വാള്‍?
ഐ പി എല്‍ 2023 സീസണില്‍ തുടക്കത്തില്‍ പതറിയ മുംബൈ ഇന്ത്യന്‍സ് ഒടുവില്‍ താളം കണ്ടെത്തിയിരിക്കുകയാണ്. മുംബൈയ്ക്ക് ആറാം കകിരീട നേട്ടത്തിന് രണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കെ എല്ലാവരും ചര്‍ച്ച ചെയ്യുന്നത് ആകാശ് മദ്വാള്‍ എന്ന താരത്തെ കുറിച്ചാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ എലിമിനേറ്ററില്‍ 81 റണ്‍സിന് തോല്‍പ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സിന് കരുത്തായത് ആകാശ് മദ്വാളിന്റെ മിന്നും പ്രകടനമാണ്.
3.3 ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് ആകാശ് മദ്വാള്‍ നേടിയത്. ജസപ്രീത് ബുംറയുടെ അഭാവവും ജോഫ്ര ആര്‍ച്ചറുടെ പരിക്കും വലച്ച മുംബൈ ബൗളിംഗിനെ അവസാന മത്സരങ്ങളില്‍ തീപ്പൊരി പ്രകടനം നടത്തി ആകാശ് മദ്വാള്‍ കാത്ത് രക്ഷിച്ചു. തന്റെ ആദ്യ മത്സരത്തില്‍, മൊഹാലിയില്‍ പഞ്ചാബ് കിംഗ്സിനെതിരെ ആകാശ് മദ്വാള്‍ അവസാന ഓവറില്‍ ഒരു ബൗണ്ടറി പോലും വഴങ്ങിയില്ല.

അന്ന് മുതല്‍ ഈ 29 കാരന്‍ എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമായി. വാങ്കഡെയില്‍ ആര്‍ സി ബിക്കെതിരേയും മദ്വാള്‍ ഈ പ്രകടനം ആവര്‍ത്തിച്ചു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ, ഹെന്റിക്ക് ക്ലാസനെയും ഹാരി ബ്രൂക്കിനെയും രണ്ട് സെന്‍സേഷണല്‍ ഡെലിവറികളില്‍ പുറത്താക്കി മദ്വാള്‍ തന്റെ പ്രതിഭ വിളിച്ചോതി. എലിമിനേറ്ററില്‍ ആയുഷ് ബദൗണിയെയും നിക്കോളാസ് പൂരനെയും ബാക്ക്-ടു-ബാക്ക് ഡെലിവറികളില്‍ പുറത്താക്കിയതും ശ്രദ്ധേയമായി.
24 വയസ് വരെ ടെന്നീസ് ബോള്‍ ക്രിക്കറ്റ് മാത്രം കളിച്ച് വളര്‍ന്നയാളാണ് ആകാശ് മാദ്വാള്‍. 2019 ല്‍ സെലക്ഷന്‍ ട്രയല്‍സിന് പോയ ആകാശ് മദ്വാളിനെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫറാണ് കണ്ടെത്തുന്നത്. 2022/23 ആഭ്യന്തര സീസണിലെ സംസ്ഥാന ടീമിന്റെ ക്യാപ്റ്റനായി ആകാശ് മാദ്വാളിനെ തിരഞ്ഞെടുത്തു. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ആകാശ് മദ്വാള്‍. ഋഷഭ് പന്തിന്റെ അയല്‍ക്കാരനാണ് മദ്വാള്‍.
മദ്വാളും ഋഷഭ് പന്തും അവതാര്‍ സിംഗ് എന്ന കോച്ചിന് കീഴിലാണ് പരിശീലിച്ചിരുന്നത്. ഉത്തരാഖണ്ഡില്‍ നിന്നുള്ള ആദ്യ ക്രിക്കറ്റ് താരമാണ് ആകാശ് മദ്വാള്‍. റൂര്‍ക്കിയിലെ ദണ്ഡേര മേഖലയില്‍ നിന്നാണ് അദ്ദേഹം വരുന്നത്. 2021 ല്‍ ആര്‍സിബി താരമായിരുന്നു ആകാശ് മദ്വാള്‍. അടിസ്ഥാന തുകയായ 20 ലക്ഷം രൂപക്കാണ് ആകാശ് മദ്വാള്‍ മുംബൈ ഇന്ത്യന്‍സിനായി കരാറൊപ്പിടുന്നത്.












Click it and Unblock the Notifications