ഐപിഎല്‍ ആരാധകര്‍ക്ക് നിരാശ; വേദി ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കും..?
ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഐ പി എല്‍ ആരവത്തിന് ഇനി ദിവസങ്ങള്‍ മാത്രമെ ഉള്ളൂ. മാര്‍ച്ച് 22 ന് ചെന്നൈ സൂപ്പര്‍കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ആദ്യ മത്സരം. അതിനിടെ ആരാധകരെ നിരാശയിലാഴ്ത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ ദുബായിലേക്ക് മാറ്റാന്‍ ആലോചന നടക്കുന്നതായാണ് വിവരം.
രാജ്യത്ത് ഇന്ന് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഈ സീസണ്‍ ഐപിഎല്‍ രണ്ട് പാദങ്ങളിലായി സംഘടിപ്പിക്കുന്നതിനെ കുറിച്ചാണ് ബി സി സി ഐ ആലോചിക്കുന്നത്. ആദ്യ പാദ മത്സരങ്ങള്‍ ഇന്ത്യയിലും രണ്ടാം പാദ മത്സരങ്ങള്‍ ദുബായിലും സംഘടിപ്പിക്കുന്നതിനെ കുറിച്ചുള്ള സാധ്യതയാണ് ബി സി സി ഐ തേടുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടൂര്‍ണമെന്റിന്റെ രണ്ടാം പാദം ആതിഥേയത്വം വഹിക്കുന്നതിനുള്ള സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാന്‍ ബി സി സി ഐ ഉദ്യോഗസ്ഥരില്‍ ചിലര്‍ നിലവില്‍ ദുബായിലുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുതിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കും. അതിന് ശേഷം മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ബിസിസിഐ ആവശ്യപ്പെട്ടേക്കും എന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
എന്നാല്‍ ടൂര്‍ണമെന്റ് പൂര്‍ണമായി ഇന്ത്യയില്‍ തന്നെ നടത്താന്‍ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ അരുണ്‍ ധുമല്‍. 2019 ലെ പൊതു തിരഞ്ഞെടുപ്പ് സമയത്തും ഐപിഎല്‍ പൂര്‍ണ്ണമായും ഹോം-എവേ ഫോര്‍മാറ്റിലാണ് കളിച്ചത്. ഇത്തവണ തിരഞ്ഞെടുപ്പ് തീയതികളെ സംബന്ധിച്ച വ്യക്തത ലഭിച്ചാല്‍ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളാം എന്നാണ് അരുണ്‍ ധുമല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നത്.
''ഞങ്ങള്‍ ഹോം, എവേ ഗെയിമുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ സമയം ക്രമീകരിക്കുന്നതില്‍ പ്രശ്‌നമുണ്ടെങ്കില്‍ അത് എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ഞങ്ങള്‍ കാണും. എല്ലാ ടീമുകള്‍ക്കും തുല്യ അവസരങ്ങള്‍ ഉണ്ടായിരിക്കണം, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് കാലത്ത് 2020-21 സീസണില്‍ ദുബായ് ആണ് ഐപിഎല്ലിന് സാക്ഷ്യം വഹിച്ചത്. അന്ന് ദുബായ്, അബുദാബി, ഷാര്‍ജ എന്നീ വേദികളിലായിരുന്നു മത്സരം നടന്നിരുന്നത്.
അതേസമയം പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഐപിഎല്‍ രണ്ടാം ഘട്ടം ഇന്ത്യക്ക് പുറത്തേക്ക് മാറ്റിയാല്‍ മുന്‍കരുതല്‍ നടപടിയായി ഏതാനും ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ തങ്ങളുടെ കളിക്കാരുടെ പാസ്പോര്‍ട്ട് ശേഖരിച്ചതായും റിപ്പോര്‍ട്ടുണ്ട്. അവസാന നിമിഷം എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായാല്‍ മുന്‍കരുതല്‍ നടപടിയെന്നോണമാണ് നടപടി.












Click it and Unblock the Notifications