'നിങ്ങളെന്താണെന്ന് വെച്ചാല്‍ തീരുമാനിച്ചോ? ഇവിടെ എല്ലാം ഓക്കെയാണ്'; ദ്രാവിഡിനോടും രോഹിതിനോടും കാര്‍ത്തിക്
ഈ ഐപിഎല്ലില്‍ എല്ലാവരേയും അമ്പരപ്പിക്കുന്ന പ്രകടനമാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ദിനേശ് കാര്‍ത്തിക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കാഴ്ച വെക്കുന്നത്. ഈ സീസണില്‍ വിരാട് കോലി (361), ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് (232) എന്നിവര്‍ക്ക് പിന്നില്‍ 226 റണ്‍സുമായി ആര്‍സിബിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ദിനേഷ് കാര്‍ത്തിക്.
ആര്‍സിബിയുടെ കഴിഞ്ഞ കളിയില്‍ 35 പന്തില്‍ ഏഴ് സിക്സറുകളും അഞ്ച് ബൗണ്ടറികളുമടക്കം 83 റണ്‍സ് നേടിയ കാര്‍ത്തിക് എല്ലാവരേയും ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ ഇന്ത്യക്ക് വേണ്ടി ടി 20 ലോകകപ്പ് കളിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കാര്‍ത്തിക്ക്. ടി 20 ലോകകപ്പിലേക്ക് ഇടം നേടുക എന്ന സ്വപ്‌നം താന്‍ ഉപേക്ഷിച്ചിട്ടില്ല എന്ന് കാര്‍ത്തിക് പറയുന്നു.

ടീമിലിടം നേടാന്‍ താന്‍ കഴിയുന്നതെല്ലാം ചെയ്യും എന്നാണ് കാര്‍ത്തിക് പറയുന്നത്. ജൂണ്‍ 1 ന് ലോകകപ്പ് ആരംഭിക്കുമ്പോള്‍ 39 വയസ് തികയുന്ന കാര്‍ത്തിക്, 2022 ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്റെ ഭാഗമായിരുന്നു. ഇത് തന്നെയായിരുന്നു ദേശീയ കുപ്പായത്തില്‍ അദ്ദേഹം കളിച്ച അവസാന മത്സരം. അതിന് ശേഷം കാര്‍ത്തിക് ഒരു ഓഫ്-ദി ഫീല്‍ഡ് ക്രിക്കറ്റ് വിദഗ്ധനായി കമന്ററി രംഗത്തുണ്ടായിരുന്നു.
ഈ സീസണില്‍ ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം തന്റെ ബാറ്റിംഗ് പാടവം ഒരിക്കല്‍ കൂടി പ്രദര്‍ശിപ്പിക്കുകയാണ്. 'എന്റെ ജീവിതത്തിലെ ഈ ഘട്ടത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് എനിക്ക് ഏറ്റവും വലിയ വികാരമായിരിക്കും. അത് ചെയ്യാന്‍ വളരെ താല്‍പ്പര്യമുണ്ട്. ഈ ടി20 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനേക്കാള്‍ വലുതായി എന്റെ ജീവിതത്തില്‍ മറ്റൊന്നില്ല,' ദിനേഷ് കാര്‍ത്തിക്ക് പറഞ്ഞു.
അതേസമയം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ എന്ത് തീരുമാനിച്ചാലും അതിനെ താന്‍ ബഹുമാനിക്കുമെന്നും കാര്‍ത്തിക് പറഞ്ഞു. 'ഞാന്‍ പൂര്‍ണ്ണമായും അവരോടൊപ്പമാണ്. അവര്‍ എടുക്കുന്ന ഏത് തീരുമാനത്തെയും ഞാന്‍ മാനിക്കുന്നു. ഞാന്‍ 100 ശതമാനം ഫിറ്റാണ്. ലോകകപ്പ് ടീമിലേക്ക് എനിക്ക് ആകാവുന്നതെല്ലാം ഞാന്‍ ചെയ്യും,' കാര്‍ത്തിക് പറഞ്ഞു.
അതേസമയം കാര്‍ത്തികും ഒരു മത്സരാര്‍ത്ഥിയായി ഉയര്‍ന്നുവരുന്നതോടെ ലോകകപ്പ് വിക്കറ്റ് കീപ്പര്‍ സ്ലോട്ടിലേക്ക് കടുത്ത മത്സരമായിരിക്കും. മാരകമായ ഒരു അപകടത്തില്‍ നിന്ന് തിരിച്ചെത്തിയ റിഷഭ് പന്തിനാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സാധ്യത കൂടുതല്‍. സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്), ഇഷാന്‍ കിഷന്‍ (മുംബൈ ഇന്ത്യന്‍സ്), കെ എല്‍ രാഹുല്‍ (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്) എന്നിവരും മത്സരരംഗത്തുണ്ട്.












Click it and Unblock the Notifications