ഹര്‍ദിക്കിന്റെ പരിക്ക് ഗുരുതരം, ഐപിഎല്ലും നഷ്ടമാകും? ക്യാപ്റ്റന്‍സി വീണ്ടും രോഹിതിലേക്ക്..!!?
ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യ ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ സമയമെടുത്തേക്കും എന്ന് റിപ്പോര്‍ട്ട്. കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയും ദക്ഷിണാഫ്രിക്കന്‍ പര്യടനവും നഷ്ടമായിരുന്നു. ജനുവരി ആദ്യം നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പരയില്‍ അദ്ദേഹം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ ഹര്‍ദിക്കിന്റെ സേവനം ഇന്ത്യയ്ക്ക് വീണ്ടും നഷ്ടപ്പെടുമെന്നാണ് വാര്‍ത്ത ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി 11 നും 17 നും ഇടയില്‍ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പരയില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. ഇത് ജൂണില്‍ നടക്കുന്ന ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ടി 20 പരമ്പരയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റ സൂര്യകുമാര്‍ യാദവിന് പരമ്പര നഷ്ടമാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു.

സൂര്യകുമാറിന് സുഖപ്പെടാന്‍ ആറാഴ്ച വരെ സമയം എടുത്തേക്കാം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഹര്‍ദിക്കും ഉടന്‍ സുഖം പ്രാപിക്കാനുള്ള സാധ്യതയില്ലെന്നും അതിനാല്‍ അഫ്ഗാനിസ്ഥാന്‍ പരമ്പര നഷ്ടമാകുമെന്ന് മാത്രമല്ല, ഐ പി എല്‍ 2024 സീസണില്‍ നിന്ന് വരെ പുറത്തായേക്കുമെന്നും പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഹര്‍ദിക്കിന്റെ ഫിറ്റ്നസ് നിലയെക്കുറിച്ച് ഇപ്പോള്‍ ഒരു അപ്ഡേറ്റും ഇല്ല.
ഐ പി എല്‍ അവസാനിക്കുന്നതിന് മുമ്പെങ്കിലും അദ്ദേഹംലോകകപ്പ് ടീമില്‍ ലഭ്യമാകുമോ എന്ന വലിയ ചോദ്യചിഹ്നം അവശേഷിക്കുന്നുണ്ട് എന്ന് പറയാനാകും,' എന്നാണ് പേര് വെളിപ്പെടുത്താത്ത ബി സി സി ഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞത്. ഇത് ടീം ഇന്ത്യയ്ക്കും മുംബൈ ഇന്ത്യന്‍സിനും വലിയ തിരിച്ചടിയായേക്കും. അഫ്ഗാനിസ്ഥാനെതിരായ ടീമിനെ നയിക്കാന്‍ ചിലപ്പോള്‍ രോഹിത് ശര്‍മ്മ തിരിച്ചെത്തിയേക്കാം.
എന്നാല്‍ രോഹിത് തന്റെ ഇടവേള നീട്ടാന്‍ തീരുമാനിക്കുകയാണെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ വൈസ് ക്യാപ്റ്റന്‍ ആയിരുന്ന രവീന്ദ്ര ജഡേജയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കാം. അതേസമയം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഉള്ളതിനാല്‍ ജഡേജ ടി 20 യില്‍ നിന്ന് ഇടവേളയെടുത്തേക്കും എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണമെഡലിലേക്ക് നയിച്ച റുതുരാജ് ഗെയ്ക്വാദ് വിരല്‍ ഒടിഞ്ഞതോടെ പരമ്പരയ്ക്ക് പുറത്താകും. അതേസമയം അടുത്ത സീസണില്‍ ഹര്‍ദികിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ച മുംബൈ ഇന്ത്യന്‍സിന്റെ കാര്യമാണ് അനിശ്ചിതത്വത്തിലാകുന്നത്. ഹര്‍ദികിന് പരിക്ക് ഭേദമായില്ലെങ്കില്‍ ഒന്നുകില്‍ രോഹിതിനെ തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടി വരും. അല്ലെങ്കില്‍ സൂര്യകുമാര്‍ യാദവിനായിരിക്കും നറുക്ക് വീഴുക.












Click it and Unblock the Notifications