ഈ സാല പ്ലേ ഓഫെങ്കിലും കയറിക്കൂടുമോ..? ആര്‍സിബിയുടെ മുന്നിലുള്ളത് ഒറ്റവഴി മാത്രം..!
ഏറെ നാളത്തെ തുടര്‍ തോല്‍വികള്‍ക്ക് ശേഷം ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ജയം സ്വന്തമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഈ സീസണിലെ രണ്ടാമത്തെ മാത്രം ജയമാണ് ആര്‍സിബി ഇന്നലെ രുചിച്ചത്. ജയിച്ചെങ്കില്‍ ആര്‍സിബി ഇപ്പോഴും പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തന്നെയാണ്. ഇതുവരെ രണ്ട് ജയവും ഏഴ് തോല്‍വിയുമുള്ള ആര്‍സിബിയുടെ പ്രകടനം അങ്ങേയറ്റം നിരാശാജനകമാണ്.
ഹൈദരാബാദിന് എതിരെ 35 റണ്‍സിന്റെ വിജയമാണ് ആര്‍സിബി ഇന്നലെ കുറിച്ചത്. പോയന്റ് പട്ടികയില്‍ നാല് പോയന്റുള്ള ആര്‍സിബിക്ക് ടേബിള്‍ ടോപ്പര്‍മാരായ രാജസ്ഥാന്‍ റോയല്‍സുമായി പത്ത് പോയിന്റിന്റെ വലിയ വ്യത്യാസമാണ് ഉള്ളത്. പ്ലേഓഫില്‍ എത്താനുള്ള ആര്‍സിബിയുടെ സാധ്യതകള്‍ മങ്ങിയതായി തോന്നുമെങ്കിലും അവരെ പൂര്‍ണമായി എഴുതി തള്ളാനായിട്ടില്ല.

പ്ലേ ഓഫ് പോരാട്ടത്തില്‍ പുറത്താകുന്നതിന്റെ വക്കിലാണെങ്കിലും ഇപ്പോഴും നേരിയ സാധ്യത ആര്‍സിബി കാത്തുസൂക്ഷിക്കുന്നുണ്ട്. സാധാരണയായി 16 പോയന്റാണ് പ്ലേ ഓഫിലേക്കെത്താന്‍ വേണ്ടത്. എങ്കിലും 14 പോയന്റ് നേടിയാലും ചില അവസരങ്ങളില്‍ ടീമുകള്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്താറുണ്ട്. ഈ ഒരു സാഹചര്യമാണ് ഇനി ആര്‍സിബിക്ക് മുന്നില്‍ ബാക്കിയുള്ളത്.
ഇനി അഞ്ച് മത്സരങ്ങളാണ് ആര്‍സിബിക്ക് അവശേഷിക്കുന്നത്. ഇതില്‍ എല്ലാ മത്സരങ്ങളിലും മികച്ച റണ്‍റേറ്റോട് കൂടി ജയിക്കുക എന്നതാണ് ആര്‍സിബിക്ക് മുന്നിലുള്ള പ്രധാന കടമ്പ. നിലവില്‍ 10-ാം സ്ഥാനത്തുള്ള ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് -0.721 ആണ്. ഏഴാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സ് (-0.974) മാത്രമാണ് നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ആര്‍സിബിക്ക് പിന്നിലുള്ളത്.
അതിനാല്‍ തന്നെ ശേഷിക്കുന്ന അഞ്ച് മത്സരങ്ങളും ജയിക്കുകയും എതിരാളികളെ ഗണ്യമായ മാര്‍ജിനുകളില്‍ തോല്‍പ്പിക്കുകയും ചെയ്യുക എന്നത് മാത്രമാണ് ആര്‍സിബിക്ക് ജയിക്കാന്‍ മുന്നിലുള്ള പോംവഴി. ഇതിന് ശേഷം മാത്രമെ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ കുറിച്ച് ആര്‍സിബി ചിന്തിക്കേണ്ടതുള്ളൂ. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളും ജയിച്ചാല്‍ ആര്‍സിബിക്ക് അനുകൂലമായ നെറ്റ് റണ്‍ റേറ്റിനൊപ്പം 14 പോയിന്റും ലഭിക്കും.
നിലവിലെ സാഹചര്യത്തില്‍ ലീഗ് സ്റ്റേജ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ നിരവധി ടീമുകള്‍ സമാന പോയിന്റുമായി ഫിനിഷ് ചെയ്യാനുള്ള നല്ല സാധ്യതയുണ്ട്. മികച്ച നെറ്റ് റണ്‍ റേറ്റ് നിലനിര്‍ത്താന്‍ ആര്‍സിബിക്ക് കഴിഞ്ഞാല്‍, അവര്‍ക്ക് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്താം. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിന് 14 പോയന്റുണ്ട്.
കൊല്‍ക്കത്ത, ഹൈദരാബാദ്, ലഖ്‌നൗ ടീമുകള്‍ക്ക് 10 പോയന്റ് വീതമുണ്ട്. ചെന്നൈ, ഡല്‍ഹി, ഗുജറാത്ത് ടീമുകള്‍ക്ക് എട്ട് പോയന്റ് വീതവും മുംബൈ ആറ് പോയന്റുമാണ് ഉള്ളത്. ഒമ്പതാം സ്ഥാനത്തുള്ള പഞ്ചാബിനും നാല് പോയന്റാണ് ഉള്ളതെങ്കിലും ആര്‍സിബിയേക്കാള്‍ ഭേദപ്പെട്ട നെറ്റ് റണ്‍റേറ്റാണ് അവര്‍ക്കുള്ളത്.












Click it and Unblock the Notifications