മുംബൈയാണോ എതിരാളികള്‍, എങ്കില്‍ ജോസേട്ടന്‍ ബുംറയെ പോലും വെറുതെ വിടില്ല; തൂക്കിയടി ഉറപ്പ്!
കഴിഞ്ഞ കുറച്ച് സീസണുകളായി ഐപിഎല്ലിലെ ഏറ്റവും വിനാശകരമായ ബാറ്റര്‍മാരില്‍ ഒരാളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്ട്ലര്‍. 2018-ല്‍ രാജസ്ഥാനൊപ്പം ചേര്‍ന്നത് മുതല്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് ജോസ് ബട്‌ലര്‍ നടത്തുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന ടീമായതിനാല്‍ തന്നെ മലയാളി ആരാധകര്‍ ഏറെയാണ് രാജസ്ഥാന്‍ റോയല്‍സിന്.
അതിനാല്‍ ബട്‌ലറിനെ ജോസേട്ടന്‍ എന്നാണ് എല്ലാവരും വിളിക്കുന്നത്. 2022 ലെ സീസണില്‍ 863 റണ്‍സ് നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ജോസ് ബട്‌ലറുടെ പ്രകടന മികവിലാണ് ടീം അന്ന് ഫൈനലില്‍ എത്തിയത്. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ജോസ് ബട്‌റിലേക്കാണ്. ഈ സീസണില്‍ ഫോമില്‍ എത്താതിരുന്ന ബട്‌ലര്‍ മുംബൈക്കെതിരെ മികച്ച പ്രകടനം നടത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

കാരണം മുംബൈ ഇന്ത്യന്‍സിനെതിരെ മികച്ച റെക്കോഡാണ് ജോസ് ബട്‌ലറിന് ഉള്ളത്. മിക്ക മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാര്‍ക്കെതിരെയും മികച്ച റെക്കോര്‍ഡാണ് ജോസ് ബട്‌ലറിന് ഉള്ളത്. മുംബൈക്കെതിരെ എട്ട് ഇന്നിംഗ്സുകളാണ് ഇതുവരെ ജോസ് ബട്‌ലര്‍ കളിച്ചിട്ടുള്ളത്. ഇതില്‍ 69.29 എന്ന ബാറ്റിംഗ് ശരാശരിയിലും 152.04 ബാറ്റിംഗ് സ്ട്രൈക്ക് റേറ്റിലും 485 റണ്‍സ് നേടിയിട്ടുണ്ട്.
എട്ട് ഇന്നിംഗ്‌സില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും താരം കണ്ടെത്തിയിട്ടുണ്ട്. 2022ല്‍ മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നേടിയ 100 റണ്‍സാണ് ഫ്രാഞ്ചൈസിക്കെതിരായ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സ്‌കോര്‍. 2019 ല്‍ മുംബൈ ഉയര്‍ത്തിയ 188 എന്ന സ്‌കോര്‍ 43 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്ത ജോസ് ബട്‌ലറുടെ മികവിലാണ് രാജസ്ഥാന്‍ മറികടന്നത്.
8 ഫോറും 7 കൂറ്റന്‍ സിക്സും ഉള്‍പ്പടെയായിരുന്നു ബട്‌ലറുടെ ഇന്നിംഗ്‌സ്. ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, ജസ്പ്രീത് ബുംറ, അല്‍സാരി ജോസഫ്, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ബൗളിംഗ് ആക്രമണത്തിനെതിരെ 206.98 സ്ട്രൈക്ക് റേറ്റിലായിരുന്നു ഈ പ്രകടനം എന്നതാണ് ശ്രദ്ധേയം. മുംബൈക്കെതിരെ 15 ഫോറുകള്‍ അടക്കം മൊത്തം 72 ബൗണ്ടറികളും അദ്ദേഹം അടിച്ചുകൂട്ടിയിട്ടുണ്ട്.
മുംബൈയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സും അര്‍ധ സെഞ്ച്വറിയും ഉള്ള രാജസ്ഥാന്‍ ബാറ്റ്‌സ്മാനും ജോസ് ബട്‌ലര്‍ തന്നെ. ജോസ് ബട്‌ലര്‍ ഇന്നത്തെ മത്സരത്തോടെ ഫോമാകും എന്നാണ് ആരാധകരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നത്. ഈ സീസണില്‍ രാജസ്ഥാന്‍ കളിച്ച രണ്ട് കളിയിലും ജയിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് രണ്ടിലും പരാജയപ്പെട്ടു.












Click it and Unblock the Notifications