ലഖ്‌നൗവിന് ഫില്‍ സാള്‍ട്ട് ഷോക്ക്; വിജയവഴിയില്‍ തിരിച്ചെത്തി കൊല്‍ക്കത്ത
ഐപിഎല്ലില്‍ ലഖ്നൗ ജയന്റ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എട്ട് വിക്കറ്റിന്റെ കൂറ്റന്‍ജയം. ലഖ്‌നൗ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 89 റണ്‍സുമായും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 38 റണ്‍സുമായും പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും 120 റണ്‍സാണ് നേടിയത്.
സുനില്‍ നരെയ്ന്‍ (6), അംഗ്ക്രിഷ് രഘുവംശി (7) എന്നിവര്‍ നിരാശപ്പെടുത്തി. ലഖ്‌നൗവിനായി മൊഹ്‌സിന്‍ ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 161 റണ്‍സെടുത്തത്. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ റണ്ണെടുക്കാതിരുന്നതോടെ ലഖ്നൗ പതിയെ ആണ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്.

ക്വിന്റണ്‍ ഡികോക്ക് (10), ദീപക് ഹൂഡ (8) എന്നിവര്‍ നിരാശപ്പെടുത്തി. 39 ന് രണ്ട് എന്ന നിലയില്‍ തകര്‍ന്ന ലഖ്നൗവിന് കെഎല്‍ രാഹുലിന്റേയും (39) ആയുഷ് ബദൗനിയുടേയും (29) പ്രകടനമാണ് തുണയായത്. ഇരുവരും മൂന്നാം വിക്കറ്റില്‍ 78 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഇരുവര്‍ക്കും നീണ്ട ഇന്നിംഗ്സ് കളിക്കാന്‍ സാധിക്കാതിരുന്നത് ലഖ്നൗവിന് തിരിച്ചടിയായി.
മാര്‍ക്കസ് സ്റ്റോയിനിസ് പത്ത് റണ്‍സിന് പുറത്തായി. ഇതോടെ 111 ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്ന ലഖ്നൗവിന് തുണയായത് നിക്കോളസ് പൂരന്റെ വെടിക്കെട്ട് ബാറ്റിംഗാണ്. 32 പന്തില്‍ 45 റണ്‍സെടുത്ത നിക്കോളാസ് പൂരനാണ് ലഖ്നൗ സ്‌കോര്‍ 150 കടത്തിയത്. സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും അറോറ, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയാണ് കൊല്‍ക്കത്തയുടെ ജയം. ഇതോടെ പോയന്റ് ടേബിളില്‍ രണ്ടാം സ്ഥാനം ഒന്നുകൂടി ഉറപ്പിക്കാനും കൊല്‍ക്കത്ത് സാധിച്ചു. അഞ്ച് കളിയില്‍ നിന്ന് നാല് ജയത്തോടെ എട്ട് പോയന്റാണ് കൊല്‍ക്കത്തക്കുള്ളത്. ഒന്നാം സ്ഥാനത്ത് പത്ത് പോയന്റുള്ള രാജസ്ഥാന്‍ റോയല്‍സ് ആണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആറ് കളികളില്‍ നിന്ന് മൂന്ന് വീതം ജയവും തോല്‍വിയുമായി അഞ്ചാം സ്ഥാനത്താണ്.












Click it and Unblock the Notifications