'കൃത്യമായി ശമ്പളം കിട്ടുന്നുണ്ടല്ലോ അല്ലേ?'; മാക്‌സ്‌വെല്ലിനെതിരെ മുന്‍ ഇന്ത്യന്‍ താരം
ഐപിഎല്ലിലെ ഈ സീസണില്‍ നിരാശാജനകമായ തുടക്കമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ലഭിച്ചിരിക്കുന്നത്. ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും ആര്‍സിബി പരാജയപ്പെടുകയായിരുന്നു. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സിനോട് തോറ്റാണ് ആര്‍സിബി തുടങ്ങിയത്. രണ്ടാമത്തെ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ തോല്‍പിച്ചതോടെ തിരിച്ചുവരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.
എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളോട് പരാജയപ്പെട്ടതോടെ പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്ക് ആര്‍സിബി വീണു. ബാറ്റ്‌സ്മാന്‍മാരുടെ കരുത്തിലാണ് എന്നും ആര്‍സിബി മറ്റ് ടീമുകള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചിരുന്നത്. എക്കാലത്തും മികച്ച ബാറ്റര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു ആര്‍സിബിക്ക്.

ഇത്തവണയും അതില്‍ മാറ്റമൊന്നുമില്ല. സൂപ്പര്‍താരം വിരാട് കോലി പതിവ് പോലെ ഈ സീസണിലും മികച്ച ഫോമിലാണ്. ഇതിനോടകം രണ്ട് അര്‍ധസെഞ്ച്വറി കണ്ടെത്തിയ താരം റണ്‍വേട്ടക്കാരില്‍ മുന്നിലുണ്ട്. എന്നാല്‍ വിദേശ ത്രയങ്ങളായ ഗ്ലെന്‍ മാക്സ്വെല്‍, ഫാഫ് ഡു പ്ലെസിസ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ മോശം ഫോമാണ് ആര്‍സിബിയുടെ തലവേദന. മാക്‌സ്‌വെല്ലില്‍ ആര്‍സിബിക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്.
എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വെക്കാന്‍ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ആദ്യ നാല് മത്സരങ്ങളില്‍ അദ്ദേഹം 0, 3, 28, 0 എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം. ഇതിനിടെ മാക്‌സ്‌വെല്ലിന്റെ മോശം പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി രംഗത്തെത്തി. ഭാവി താരമായതിനാല്‍ അനൂജ് റാവത്തിന്റെ പ്രകടനം ന്യായീകരിക്കാനാകുമെന്നും എന്നാല്‍ മാക്സ്വെല്ലിന്റെ മോശം ഫോം അമ്പരപ്പിക്കുന്നതാണെന്നും തിവാരി പറഞ്ഞു.
'ആര്‍സിബി എല്ലായ്പ്പോഴും ബാറ്റിംഗ്-ഹെവി ടീമായി കണക്കാക്കപ്പെടുന്നു, പക്ഷേ അവരുടെ ലൈനപ്പ് ഡെലിവര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു. അവരുടെ ബാറ്റര്‍മാരോ അവരുടെ ബൗളര്‍മാരോ മികച്ച പ്രകടനം നടത്തുന്നില്ല. മധ്യനിരയില്‍ അനൂജ് റാവത്തിനെപ്പോലെയുള്ള ബാറ്റര്‍ ആദ്യ മത്സരത്തില്‍ ഫോമായതിന് ശേഷം മികച്ച പ്രകടനം നടത്തിയിട്ടില്ല,' തിവാരി ക്രിക്ക്ബസിനോട് പറഞ്ഞു.
മാക്സ്വെല്ലിനെ നിലനിര്‍ത്തുന്നതിലൂടെ മാനേജ്മെന്റ് അത്രയധികം വിശ്വാസം അദ്ദേഹത്തില്‍ കാണിക്കുന്നു. പക്ഷേ അയാള്‍ക്ക് കാലാകാലങ്ങളില്‍ പ്രതിഫലം മാത്രമേ ലഭിക്കുന്നുള്ളൂ എന്നും ടീമിനായി ഒരു മാച്ച് വിന്നിംഗ് പ്രകടനം കാഴ്ചവയ്ക്കുന്നില്ല എന്നും തിവാരി കുറ്റപ്പെടുത്തി. ഏപ്രില്‍ ആറിന് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സുമായാണ് ആര്‍സിബിയുടെ അടുത്ത മത്സരം.












Click it and Unblock the Notifications