ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത! ധോണിയുടെ അവസാന സീസണിതല്ല, ഉറ്റസുഹൃത്ത് പറഞ്ഞത് കേട്ടോ
വരാനിരിക്കുന്ന ഐ പി എല്‍ സീസണിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. രണ്ടര മാസത്തോളം കുട്ടിക്രിക്കറ്റിന്റെ വലിയ ആവേശമായിരിക്കും രാജ്യമൊന്നാകെ. വിരാട് കോലി, രോഹിത് ശര്‍മ്മ, ഡേവിഡ് വാര്‍ണര്‍, ശുഭ്മാന്‍ ഗില്‍ എന്നീ സൂപ്പര്‍താരങ്ങളുടെ പ്രകടനത്തിനൊപ്പം എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് മഹേന്ദ്ര സിംഗ് ധോണി എന്ന നായകന്‍ ഒരിക്കല്‍ കൂടി കളിക്കളത്തിലിറങ്ങുന്നത് കാണാനാണ്.
മിക്കവാറും ധോണിയുടെ അവസാന ഐപിഎല്‍ ആകും ഇത് എന്നാണ് പലരും പറയുന്നത്. നേരത്തെ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇപ്പോള്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. കഴിഞ്ഞ സീസണും ധോണിയുടെ അവസാന ഐപിഎല്ലാകും എന്ന് പലരും കരുതിയിരുന്നു. എന്നാല്‍ കിരീടം സ്വന്തമാക്കി കൊണ്ടാണ് ധോണി അത്തരം റിപ്പോര്‍ട്ടുകള്‍ക്ക് മറുപടി നല്‍കിയത്.

പതിവ് പോലെ ഈ സീസണിലും ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിനായി ചിലരെങ്കിലും കാത്തിരിക്കുന്നുണ്ട്. എന്നാല്‍ അത്തരക്കാര്‍ നിരാശരാകേണ്ടി വരും എന്നാണ് ധോണിയുടെ അടുത്ത സുഹൃത്ത് പരംജിത് സിംഗ് പറയുന്നത്. ധോണി എത്ര നാള്‍ ഐ പി എല്‍ കളിക്കും എന്നത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസിനെ ആശ്രയിച്ചിരിക്കും എന്നാണ് പരംജിത് സിംഗിന്റെ അഭിപ്രായം.
നിലവിലെ ധോണിയുടെ ഫിറ്റ്‌നസ് പ്രകാരം ഒന്നോ രണ്ടോ ഐ പി എല്‍ സീസണുകള്‍ കൂടി കളിക്കും എന്നാണ് പരംജിത് സിംഗ് പറയുന്നത്. ''ഇത് ധോണിയുടെ അവസാന സീസണായിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം അവന്‍ ഇപ്പോഴും ഫിറ്റാണ്. അവന്‍ ഒന്നോ രണ്ടോ സീസണുകള്‍ കൂടി കളിക്കുമെന്ന് ഞാന്‍ കരുതുന്നു. തീര്‍ച്ചയായും ഒരു സീസണ്‍ കൂടി കളിക്കും എന്നത് ഉറപ്പാണ്, കാരണം അദ്ദേഹം ഫിറ്റാണ്, ''പരംജിത് സിംഗ് പറയുന്നു.
ധോണിക്ക് കീഴില്‍ അഞ്ച് കിരീടങ്ങളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേടിയിരിക്കുന്നത്. അഞ്ച് തവണ റണ്ണേഴ്‌സ് അപ്പുമായ ചെന്നൈ ഐ പി എല്ലിലെ തന്നെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ്. 250 ഐ പി എല്‍ മത്സരങ്ങളില്‍ നിന്ന് 5082 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 24 അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ള ധോണിയുടെ ഉയര്‍ന്ന സ്‌കോര്‍ 84 റണ്‍സാണ്. ഇന്ത്യക്കായി ടി 20, ഏകദിന ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും നേടി തന്നിട്ടുള്ള നായകനുമാണ് ധോണി.












Click it and Unblock the Notifications