രോഹിതിന് ഇന്ന് സ്‌പെഷ്യല്‍ ഡേ, അടിച്ചുതകര്‍ക്കുമോ? മേല്‍ക്കൈ മുംബൈക്ക് തന്നെ, പക്ഷെ!
ഐ പി എല്ലിലെ ഈ സീസണില്‍ ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. രാത്രി 7.30 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് പോരാട്ടം. അഞ്ച് തവണ കിരീടം നേടിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരു തവണ കിരീടം നേടിയിട്ടുണ്ട്. നേരത്തെ ഡെക്കാണ്‍ ചാര്‍ജേഴ്‌സ് ആയിരുന്നപ്പോഴും ഹൈദരാബാദ് ആയിരുന്നു 2009 ലെ ചാമ്പ്യന്‍മാര്‍.
ഈ സീസണിലെ ആദ്യ മത്സരത്തില്‍ തോറ്റ് കൊണ്ടാണ് ഇരുടീമുകളും തുടങ്ങിയത്. മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനോട് ആറ് റണ്‍സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് നാല് റണ്‍സിനും തോറ്റ് കൊണ്ടാണ് ഈ സീസണ്‍ ആരംഭിച്ചത്. അതിനാല്‍ തന്നെ ഇന്ന് ജയത്തില്‍ കുറഞ്ഞൊന്നും ഇരുടീമുകളും പ്രതീക്ഷിക്കുന്നില്ല.

മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇതുവരെ ഐപിഎല്ലില്‍ 21 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 12 തവണയും മുംബൈയ്‌ക്കൊപ്പമായിരുന്നു ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒമ്പത് തവണയും വിജയിച്ചു. ഏറ്റവും ഒടുവില്‍ ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു. അന്ന് മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെയില്‍ ആയിരുന്നു മത്സരം.
സണ്‍റൈസേഴ്‌സിനെതിരെ മുംബൈയുടെ ഇതുവരെയുള്ള സ്റ്റാര്‍ പെര്‍ഫോമര്‍ കീറോണ്‍ പൊള്ളാര്‍ഡാണ്. എസ്ആര്‍എച്ചിനെതിരെ 17 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കീറോണ്‍ പൊള്ളാര്‍ഡ് 16 ഇന്നിംഗ്‌സില്‍ നിന്ന് 431 റണ്‍സ് നേടിയിട്ടുണ്ട്. ബൗളര്‍മാരില്‍ സൂപ്പര്‍താരം ജസ്പ്രീത് ബുംറയാണ് സ്റ്റാര്‍ പെര്‍ഫോര്‍മര്‍. എസ്ആര്‍എച്ചിനെതിരെ കളിച്ച 13 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകളാണ് 30-കാരന്‍ വീഴ്ത്തിയത്.
മറുവശത്ത് മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സിന്റെ സ്റ്റാര്‍ പെര്‍ഫോമര്‍ ഡേവിഡ് വാര്‍ണറാണ്. 524 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അടിച്ചെടുത്തിട്ടുള്ളത്. ബൗളിംഗ് നിരയില്‍ നിന്ന് 13 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറാണ് ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍. ഇന്ന് മുംബൈ ഇന്ത്യന്‍സ് കുപ്പായത്തില്‍ 200-ാമത്തെ മത്സരത്തിനാണ് മുന്‍ നായകന്‍ രോഹിത് ശര്‍മ്മ ഇറങ്ങുന്നത്.
പരിക്ക് മാറി സൂര്യകുമാര്‍ യാദവ് തിരിച്ചെത്താത്തതിനാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇറങ്ങിയ ടീമിനെ തന്നെയായിരിക്കും മുംബൈ അണിനിരത്തുക. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിരയിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് മത്സരിച്ച ഇലവന്‍ തന്നെയായിരിക്കും കളിക്കാനിറങ്ങുക.












Click it and Unblock the Notifications