മുംബൈ വേഗം പുറത്തായത് 'ഇന്ത്യന്‍സിന്' നന്നായി... കാരണമെന്താണെന്നറിയാമോ?
ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ടതോടെ മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമുള്ള മുംബൈ ഇന്ത്യന്‍സ് ഒമ്പതാം സ്ഥാനത്താണ്. ഇനി മൂന്ന് മത്സരങ്ങള്‍ മാത്രമാണ് മുംബൈക്ക് അവശേഷിക്കുന്നത്. ഇതില്‍ എല്ലാം ജയിച്ചാലും മുംബൈയ്ക്ക് 12 പോയന്റേ ലഭിക്കൂ.
പ്ലേ ഓഫ് സാധ്യത നേരിയ തോതിലെങ്കിലും നിലനിര്‍ത്താന്‍ 14 പോയന്റാണ് വേണ്ടിയിരുന്നത്. അതേസമയം മുംബൈ ആരാധകര്‍ക്ക് തോല്‍വി നിരാശപ്പെടുത്തുന്നതാണെങ്കിലും ഇന്ത്യന്‍ ദേശീയ ടീം ആരാധകരെ സംബന്ധിച്ച് അത്ര നിരാശ തോന്നില്ല. ടി 20 ലോകകപ്പ് ടീമിലെ നാല് പേരാണ് മുംബൈക്ക് വേണ്ടി കളിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ എന്നിവരാണ് അവര്‍.

ടി20 ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇവരെല്ലാവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മാത്രമല്ല പ്ലെയിംഗ് ഇലവനിലും ഉറപ്പുള്ളവരാണ് നാല് പേരും. മേയ് 17 നാണ് മുംബൈയുടെ അവസാന മത്സരം. പ്ലേ ഓഫ് കാണില്ലെന്നുറപ്പായതോടെ യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കുന്ന ടി 20 ലോകകപ്പിന് തയ്യാറെടുക്കാന്‍ നാല് താരങ്ങള്‍ക്കും ഏകദേശം മൂന്നാഴ്ചയോളം സമയം ലഭിക്കും.
പരിക്കുമായാണ് ഹാര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും ഈ സീസണിലെത്തിയത്. ഹാര്‍ദിക് ഏകദേശം അഞ്ച് മാസത്തോളം പുറത്തായിരുന്നു. സൂര്യകുമാര്‍ യാദവ് മൂന്ന് മാസവും വിശ്രമത്തിലായിരുന്നു. അതിനാല്‍ ഇരുവര്‍ക്കും ആവശ്യമായ സമയമെടുക്കാനും മറ്റും ഇത് വഴി സാധിക്കും. ജസ്പ്രീത് ബുംറയ്ക്കും നേരിയ പരിക്കുകള്‍ ഉണ്ട്. ഈ ഇടവേള അദ്ദേഹത്തിനും ഗുണപരമാകും.
രോഹിത് ശര്‍മ്മ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ നിര്‍ത്താതെ ക്രിക്കറ്റ് കളിക്കുന്ന താരമാണ്. അതിനാല്‍ ഒരു വിശ്രമം രോഹിതിനും ആവശ്യമാണ്. ഫാസ്റ്റ് ബൗളര്‍മാര്‍ എന്ന നിലയില്‍, ഹാര്‍ദിക്കും ബുംറയും അവരുടെ ജോലിഭാരം നിയന്ത്രിക്കേണ്ടതുണ്ട്. അതിനാല്‍ അവര്‍ക്ക് ഈ ആഴ്ചകളില്‍ അവരുടെ ഫിറ്റ്‌നസ് മെച്ചപ്പെടുത്താനും വീണ്ടെടുക്കാനും കഴിയും. രോഹിതിനെപ്പോലെ ബുംറയും ഡിസംബര്‍ മുതല്‍ തുടര്‍ച്ചയായി കളിക്കുന്നുണ്ട്.
ജനുവരിയിലും ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടയിലും അദ്ദേഹത്തിന് ചെറിയ ഇടവേളകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ചുമലിലുള്ള വലിയ ഉത്തരവാദിത്തം കണക്കിലെടുത്ത് കുറച്ച് അധിക സമയം വിശ്രമം ആവശ്യമാണ്. മുംബൈ ക്യാപ്റ്റന്‍സി വിവാദത്തില്‍ പാണ്ഡ്യ മാനസികമായി തളര്‍ന്നിട്ടുണ്ട്. അത് മെച്ചപ്പെടുത്താനും പാണ്ഡ്യക്ക് ഇടവേള ആവശ്യമാണ്.
ബുംറ ഒഴികെ, മറ്റ് മൂന്ന് താരങ്ങള്‍ക്കും ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനായിട്ടില്ല. രോഹിത് (1 സെഞ്ചുറിയും 0 അര്‍ധസെഞ്ചുറിയും) പവര്‍പ്ലേയില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും മികച്ച ടോട്ടല്‍ നേടുന്നതില്‍ പരാജയപ്പെട്ടു. 11 മത്സരങ്ങളില്‍ ബാറ്റുകൊണ്ടും (198 റണ്‍സ്), പന്ത് കൊണ്ടും (8 വിക്കറ്റ്) ഹാര്‍ദിക് മികച്ച പ്രകടനം നടത്തിയിട്ടില്ല. 3 ഇന്നിംഗ്‌സുകളില്‍ നിന്ന് 186 റണ്‍സ് നേടിയ സൂര്യയ്ക്ക് ശേഷിക്കുന്ന 5 ഇന്നിംഗ്‌സുകളില്‍ നിന്ന് 46 റണ്‍സ് മാത്രമാണ് നേടാനായത്.












Click it and Unblock the Notifications