ദ്രാവിഡ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു? രാജസ്ഥാനോ ആര്‍സിബിയോ അല്ല, ഇനി ഈ ടീമിനൊപ്പം?
ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിയില്‍ നിന്ന് ഇന്ത്യ ഇതുവരെ മുക്തരായിട്ടില്ല. അതിനിടെ മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി സംബന്ധിച്ച അനിശ്ചിതത്വവും തുടരുകയാണ്. മാസങ്ങള്‍ക്കപ്പുറം ഐ പി എല്‍ ആരംഭിക്കാനിരിക്കുന്നതിനാല്‍ അത് സംബന്ധിച്ച ചര്‍ച്ചകളും ക്രിക്കറ്റ് ലോകത്ത് സജീവമാണ്. ഇതിനിടെ ഗൗതം ഗംഭീര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മെന്റര്‍ സ്ഥാനം ഉപേക്ഷിച്ചിരുന്നു.
പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കാണ് ഗൗതം ഗംഭീര്‍ മടങ്ങിയിരിക്കുന്നത്. ഇതോടെ പുതിയ മെന്ററെ തേടുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ബി സി സി ഐയുമായുള്ള കരാര്‍ നീട്ടാന്‍ രാഹുല്‍ ദ്രാവിഡ് തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തെ ഉപദേശകനായി തേടാനാണ് ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സ് ആലോചിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സുമായി രണ്ട് വര്‍ഷത്തെ കരാറിലേര്‍പ്പെടാനാണ് ദ്രാവിഡിന്റെ നീക്കം.

എന്നാല്‍ കളിക്കാരനെന്ന നിലയിലും ഉപദേശകനെന്ന നിലയിലും ദ്രാവിഡുമായി ബന്ധപ്പെട്ട ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സും അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കായി മത്സരരംഗത്തുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ബി സി സി ഐയുമായുള്ള ദ്രാവിഡിന്റെ കരാര്‍ നീങ്ങുന്നതിനെ ആശ്രയിച്ചായിരിക്കും ദ്രാവിഡിന്റെ ഐ പി എല്ലിലേക്കുള്ള മടങ്ങി വരവ്. നിരന്തരമായ യാത്രയും തിരക്കേറിയ ഷെഡ്യൂളും കാരണം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി തുടരാന്‍ ദ്രാവിഡ് ആഗ്രഹിക്കുന്നില്ല എന്നാണ് വിവരം.
ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിനിടെ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനെന്ന നിലയില്‍ തന്റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് ദ്രാവിഡ് പറഞ്ഞത്. നേരത്തെ പരിശീലനകനാിയ എല്‍ എസ് ജി ആന്‍ഡി ഫ്ളവറിന് പകരം മുന്‍ ഓസ്ട്രേലിയന്‍ താരവും പരിശീലകനുമായ ജസ്റ്റിന്‍ ലാംഗറിനെ തിരഞ്ഞെടുത്തിരുന്നു.
വരും സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ദേവ്ദത്ത് പടിക്കലിനെ വാങ്ങാനുള്ള ശ്രമത്തിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ആവേശ് ഖാനെയാണ് എല്‍ എസ് ജി വിട്ടുകളയാനിരിക്കുന്നത്. അതേസമയം ദ്രാവിഡ് ദേശീയ ടീം പരിശീലകസ്ഥാനം ഒഴിഞ്ഞാല്‍ മുന്‍താരവും നിലവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കാനുള്ള സാധ്യത ഏറെയാണ്.
നിലവില്‍ ഓസ്ട്രേലിയയ്ക്കെതിരായ ടി 20 പരമ്പരയ്ക്കുള്ള ടീമിനെ പരിശീലിപ്പിക്കുന്നത് ലക്ഷ്മണാണ്. ടീം ഇന്ത്യയുടെ 2023 ഏഷ്യന്‍ ഗെയിംസ് കാമ്പെയ്നിലും ഈ വര്‍ഷമാദ്യം നടന്ന അയര്‍ലന്‍ഡ് പര്യടനത്തിലും മുഖ്യ പരിശീലകനായിരുന്നു വി വി എസ് ലക്ഷ്മണ്‍.












Click it and Unblock the Notifications