ബാംഗ്ലൂരിന് ഇനി ജയിക്കണമെങ്കില്‍ മുംബൈയെ കണ്ട് പഠിക്കണം.. ഒന്നല്ല ഈ മൂന്ന് കാര്യത്തില്‍
ഐപിഎല്ലില്‍ എല്ലാ കാലത്തും താരസമ്പന്നമായ ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇത്തവണയും താരപ്പകിട്ടിന് കുറവൊന്നുമില്ല. എങ്കിലും പതിവ് പോലെ സ്വന്തം ആരാധകരെ പോലും നിരാശരാക്കുകയാണ് ആര്‍ സി ബി. ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുള്ളത്. പോയന്റ് പട്ടികയില്‍ ഏറ്റവും അവസാനത്താണ് നിലവില്‍ ആര്‍സിബി.
അവസാനം കളിച്ച അഞ്ച് കളികളിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരാജയം രുചിക്കുകയായിരുന്നു. ഇത് കൂടാതെ കഴിഞ്ഞ കളിയില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 287 റണ്‍സ് വഴങ്ങിയതോടെ ആ നാണക്കേടും ടീമിന് സ്വന്തമായി. അതേസമയം മറുവശത്ത് മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ മൂന്ന് തോല്‍വികളോടെ തുടങ്ങിയെങ്കിലും കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്ന് വിജയങ്ങള്‍ സ്വന്തമാക്കി.

നിലവില്‍ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. വിജയവഴിയില്‍ തിരിച്ചെത്താന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഇംപാക്ട് പ്ലെയറെ ഉപയോഗിക്കുന്നതാണ് ഇതില്‍ പ്രധാനം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഈ സീസണിലെ 20-ാം മത്സരത്തില്‍, രോഹിത് ശര്‍മ്മയും (49), ഇഷാന്‍ കിഷനും (42) കൂറ്റന്‍ സ്‌കോറിന് വേദിയൊരുക്കി മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം കുറിച്ചു.
പിന്നീട് ഹര്‍ദിക് പാണ്ഡ്യയും (39) ടിം ഡേവിഡും (45*) ടീമിന്റെ കുതിപ്പ് തുടര്‍ന്നു. ഹര്‍ദിക്ക് പുറത്തായതിന് ശേഷം അവസാന ഓവറില്‍ റൊമാരിയോ ഷെപ്പേര്‍ഡ് ആന്റിച്ച് നോര്‍ത്യക്കെതിരെ നാല് സിക്സറുകളും രണ്ട് ഫോറുകളും സഹിതം 32 റണ്‍സ് നേടി മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. തുടര്‍ന്ന് ഷെപ്പേര്‍ഡ് ബൗളിംഗില്‍ ഡേവിഡ് വാര്‍ണറെയും പുറത്താക്കി തന്റെ ഔള്‍റൗണ്ട് മികവ് ആവര്‍ത്തിച്ചു.
അതുപോലെ, കാമറൂണ്‍ ഗ്രീനിന്റെ ഓള്‍റൗണ്ട് കഴിവുകളും അനുഭവപരിചയവും വരാനിരിക്കുന്ന മത്സരങ്ങളില്‍ ആര്‍സിബിക്ക് ഇംപാക്ട് പ്ലെയര്‍ എന്ന നിലയില്‍ ഉപയോഗിക്കാനാകണം. 2023 ല്‍ മുംബൈയില്‍ കളിക്കുമ്പോള്‍ ഗ്രീന്‍ ഹൈദരാബാദിനെതിരെ 47 പന്തില്‍ 100* അടിച്ചിരുന്നു. മുന്‍നിര പേസറില്‍ വിശ്വസിക്കുക എന്നതാണ് രണ്ടാമതായി ബാംഗ്ലൂര്‍ ചെയ്യേണ്ടത്. ആര്‍സിബിയുടെ ഫസ്റ്റ് ചോയ്‌സ് പേസറായ മുഹമ്മദ് സിറാജ് ഈ സീസണില്‍ ഫോമിലല്ല.
10.41 ഇക്കോണമിയിലും 33 എന്ന നിരാശാജനകമായ സ്ട്രൈക്ക് റേറ്റിലും ആറ് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റുകള്‍ മാത്രമാണ് അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞത്. ഇത് കാരണം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. സിറാജിന് പകരം ഇറങ്ങിയ വിജയ്കുമാര്‍ വ്യാസക് നാലോവറില്‍ 64 റണ്‍സ് വഴങ്ങി. ആ മത്സരത്തിലാണ് ഹൈദരാബാദ് ഐപിഎല്ലിലെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോറായ 287 റണ്‍സ് നേടിയത്
70-ലധികം വിക്കറ്റുകളുള്ള സിറാജാണ് ആര്‍സിബിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ നാലാമത്തെ ബൗളര്‍. തീര്‍ച്ചയായും വിശ്വസനീയമായ ഒരു പേസറാണ് അദ്ദേഹം. കളിയുടെ ഏത് ഘട്ടത്തിലും വിക്കറ്റ് വീഴ്ത്താനാകും. മറുവശത്ത് ജസ്പ്രീത് ബുംറയും ഫോമൗട്ടായ അവസരങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഫ്രാഞ്ചൈസി അദ്ദേഹത്തില്‍ വലിയ വിശ്വാസം ചെലുത്തിയിരുന്നു.
മികച്ച കൂട്ടുകെട്ടുണ്ടാക്കുന്നതിലെ അഭാവമാണ് ആര്‍സിബിയുടെ മറ്റൊരു പോരായ്മ. ടോപ് ഓര്‍ഡറിലായാലും മധ്യനിരയിലായാലും ഒരു ടീമിന് ശക്തമായ ടോട്ടല്‍ സ്ഥാപിക്കാന്‍ അവരുടെ ഇന്നിംഗ്സിലുടനീളം ഉറച്ച കൂട്ടുകെട്ടുകള്‍ ആവശ്യമാണ്. ആര്‍സിബിക്ക് വേണ്ടി, വിരാട് കോഹ്ലിയും ഫാഫ് ഡു പ്ലെസിസും മാത്രമാണ് റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്. എന്നാല്‍ ഇരുവരും കഴിഞ്ഞ മത്സരത്തില്‍ അല്ലാതെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിട്ടില്ല. അവസാന ഓവറുകളില്‍ മിക്ക അവസരങ്ങളിലും ദിനേശ് കാര്‍ത്തിക്കിന് വിശ്വസനീയമായ ഒരു പങ്കാളിയെ ലഭിക്കാത്തത് ടീമിന്റെ സാധ്യതകളെ ഇല്ലാതാക്കുന്നത്.
മറുവശത്ത് മുംബൈയുടെ മൂന്ന് വിജയങ്ങളില്‍ രണ്ടിലും, രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. കൂടാതെ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ എന്നിവരെപ്പോലുള്ളവര്‍ പലപ്പോഴും മുംബൈയുടെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിച്ചിട്ടുണ്ട്.












Click it and Unblock the Notifications