ധോണിക്ക് പകരം റിഷഭ് ചെന്നൈയിലേക്ക്..? അങ്ങനെ സംഭവിച്ചാല്‍..!! ഞെട്ടിക്കുന്ന നിരീക്ഷണവുമായി മുന്‍താരം
മുംബൈ: പരിക്കില്‍ നിന്ന് മോചിതനായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് തിരിച്ചുവരവിനുള്ള പാതയിലാണ്. കാറപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ റിഷഭ് പന്തിന് ഐപിഎല്ലിന്റെ 2023 സീസണ്‍ നഷ്ടമായിരുന്നു. എന്നാല്‍ അടുത്ത സീസണില്‍ റിഷഭ് പന്ത് തിരിച്ചുവരുമെന്നും ടീമിനെ നയിക്കുമെന്നും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.
ഇപ്പോഴിതാ പന്തിനെ ചുറ്റിപ്പറ്റി വമ്പന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദീപ് ദാസ് ഗുപ്ത. ഐ പി എല്‍ 2025 ല്‍ എം എസ് ധോണിക്ക് പകരക്കാരനായി റിഷഭ് പന്ത് ചെന്നൈ സൂപ്പര്‍കിംഗ്‌സില്‍ ചേരാന്‍ സാധ്യത ഉണ്ട് എന്നാണ് ദീപ് ദാസ്ഗുപ്ത പറയുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായും ദീപ് ദാസ് ഗുപ്ത അവകാശപ്പെട്ടു. ഒരു അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ധോണിയും പന്തും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അവര്‍ തമ്മില്‍ ഒരുപാട് സമാനതകളുമുണ്ട്. ആക്രമണാത്മകവും പോസിറ്റീവ് മാനസികാവസ്ഥയും ഇരുവരുടേയും മുഖമുദ്രയാണ്. ഐ പി എല്‍ 2025-ല്‍ അവര്‍ക്ക് (സി എസ് കെ) റിഷഭ് പന്തിനെ കിട്ടിയാല്‍ അത്ഭുതപ്പെടേണ്ട,' ദീപ് ദാസ് ഗുപ്ത പറഞ്ഞു.
റിഷഭ് ധോണിയെ ആരാധിക്കുന്നു. ധോണിയും പന്തിനെ വളരെയധികം ഇഷ്ടപ്പെടുന്നു. അവര്‍ ഒരുമിച്ച് ധാരാളം സമയം ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിരമിക്കലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടയിലും 2024 സീസണില്‍ സിഎസ്‌കെയെ നയിക്കാന്‍ താന്‍ ഉണ്ടാകും എന്ന് ധോണി സ്ഥിരീകരിച്ചു. ഇത് അദ്ദേഹത്തിന്റെ ആരാധകരെ സന്തോഷിപ്പിക്കുന്നു.
42-ാം വയസ്സിലും അദ്ദേഹം ഐ പി എല്ലില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയായി തുടരുകയാണ്. എന്നാല്‍ ഐ പി എല്‍ 2025 ല്‍ സ്വാഭാവികമായും ധോണി കളിക്കാനിടയില്ല. ഈ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഏറ്റവും സാധ്യത പന്തിനാണ്. അതേസമയം കൊല്‍ക്കത്തയില്‍ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലന ക്യാമ്പില്‍ പന്ത് ചേര്‍ന്നെങ്കിലും സന്ദര്‍ശന വേളയില്‍ പരിശീലന സെഷനുകളില്‍ പങ്കെടുത്തിരുന്നില്ല.
2016 ല്‍ ആയിരുന്നു റിഷഭ് പന്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. ഈ സീസണില്‍ പന്തിനെ ഡല്‍ഹി നിലനിര്‍ത്തിയിട്ടുണ്ട്. പന്തിന് കീഴില്‍ ടീം 2022-ല്‍ പ്ലേഓഫിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. എന്നാലും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന ഫ്രാഞ്ചൈസി പന്തിനെ മാറ്റിയിരുന്നില്ല. ഐപിഎല്ലില്‍ 97 ഇന്നിംഗ്സുകളില്‍ നിന്ന് 34.61 ശരാശരിയിലും 147.97 സ്ട്രൈക്ക് റേറ്റിലും പന്ത് 2838 റണ്‍സ് നേടിയിട്ടുണ്ട്.












Click it and Unblock the Notifications