രോഹിത്, സൂര്യകുമാര്‍, ബുംറ ചെന്നൈയിലേക്കോ? സിഎസ്‌കെ പറഞ്ഞത് കേട്ടോ? അമ്പരന്ന് ആരാധകരും
വരാനിരിക്കുന്ന ഐപിഎല്‍ സീസണിലേക്കുള്ള മിനിലേലം കഴിഞ്ഞ ദിവസം നടന്നിരുന്നു. എല്ലാ സീസണിലും ഇത്തരം മിനിലേലങ്ങള്‍ ആരാധകരെ ആവേശത്തിലാഴ്ത്താറുണ്ട്. ഓസ്‌ട്രേലിയന്‍ താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും റെക്കോഡ് തുകക്ക് വിറ്റ് പോയിരുന്നു. എന്നാല്‍ ഈ സീസണിന് മുന്നോടിയായി ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്.
ഹര്‍ദിക് പാണ്ഡ്യയെ ആണ് മുംബൈ പകരം ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെ ആരാധകര്‍ ഒന്നടങ്കം ടീമിനെ കൈവിട്ടിരുന്നു. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ ടീമിന്റെ തീരുമാനത്തില്‍ പരോക്ഷ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചെന്നൈ സൂപ്പര്‍കിംഗ്‌സ്, മുംബൈ താരങ്ങള്‍ക്കായി കരുക്കള്‍ നീക്കി എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

എന്നാല്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ്. രോഹിത് ശര്‍മ്മ ഉള്‍പ്പെടെയുള്ള ചില താരങ്ങള്‍ക്കായി മുംബൈ ഇന്ത്യന്‍സുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന ഊഹാപോഹങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിഷേധിച്ചു. 5 തവണ ചാമ്പ്യന്‍മാര്‍ തങ്ങളുടെ കളിക്കാരെ ട്രേഡ് ചെയ്യാന്‍ തയ്യാറല്ലെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു.
അത്തരം ചര്‍ച്ചകള്‍ക്കായി തങ്ങള്‍ മുംബൈ ഇന്ത്യന്‍സിനെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. 'ഞങ്ങള്‍ കളിക്കാരെ വ്യാപാരം ചെയ്യുന്നില്ല. മുംബൈ ഇന്ത്യന്‍സുമായി വ്യാപാരം നടത്താന്‍ ഞങ്ങള്‍ക്ക് കളിക്കാരില്ല. ഞങ്ങള്‍ അവരെ സമീപിച്ചിട്ടില്ല, അത് ഞങ്ങളും ഉദ്ദേശിക്കുന്നില്ല,' ഐപിഎല്‍ ലേലത്തിനിടെ സി എസ് കെ സി ഇ ഒ കാശി വിശ്വനാഥന്‍ ക്രിക് ബസിനോട് പറഞ്ഞു.
രോഹിത് ശര്‍മ്മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ രോഹിത് ഉള്‍പ്പെടെയുള്ള മുംബൈ ഇന്ത്യന്‍സിന്റെ നിരവധി സീനിയര്‍ കളിക്കാര്‍ ഫ്രാഞ്ചൈസിയില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രതികരണം. അതേസമയം ഹാര്‍ദിക്കിനെ പുതിയ നായകനായി പ്രഖ്യാപിച്ചതിന് ശേഷം ടീമില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മുംബൈ കോച്ച് മാര്‍ക്ക് ബൗച്ചര്‍ തള്ളി.
രോഹിത് കൂടി അറിഞ്ഞാണ് ക്യാപ്റ്റന്‍സിയില്‍ മാറ്റം വരുത്തിയത് എന്നും ഹര്‍ദിക്കിന് കീഴില്‍ കൡക്കാന്‍ സമ്മതമാണ് എന്ന് രോഹിത് തന്നെ സമ്മതിച്ചതാണ് എന്നുമാണ് ടീം വൃത്തങ്ങള്‍ പറയുന്നത്. അതേസമയം ഇത് സംബന്ധിച്ച് രോഹിത് ശര്‍മ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.












Click it and Unblock the Notifications