അവസാന പന്ത് വരെ ആവേശം... ഹീറോയായി ജോസേട്ടന്‍; കൊല്‍ക്കത്തയെ തറപറ്റിച്ച് രാജസ്ഥാന്‍
അത്യന്തം ആവേശകരമായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്. 224 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് അവസാന പന്തിലാണ് ലക്ഷ്യം കണ്ടത്. രാജസ്ഥാനായി തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ജോസ് ബട്‌ലറാണ് അവിശ്വസനീയമായ ജയം സമ്മാനിച്ചത്.
കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാനായി ഒരറ്റത്ത് ജോസ് ബട്‌ലര്‍ അടിയുറച്ച് നിന്നപ്പോഴും മറുവശത്ത് വിക്കറ്റ് വീണ് കൊണ്ടിരുന്നു. യശ്വസി ജയ്‌സ്വാള്‍ (19), സഞ്ജു സാംസണ്‍ (12), ധ്രുവ് ജുറേല്‍ (2), അശ്വിന്‍ (8), ഹീറ്റ്‌മെയര്‍ (0), ടെന്റ് ബോള്‍ട്ട് (0) എന്നിവര്‍ നിരനിരയായി പവലിയനിലേക്ക് മടങ്ങി. റിയാന്‍ പരാഗും (34) റോവ്മാന്‍ പവലും (26) മാത്രമാണ് ബട്‌ലര്‍ക്ക് അല്‍പമെങ്കിലും പിന്തുണ നല്‍കിയത്.

പതിയെ തുടങ്ങിയ ബട്‌ലര്‍ അവസാന ഓവറുകളില്‍ കത്തിപ്പടരുകയായിരുന്നു. കളി അവസാനിക്കുമ്പോള്‍ 60 പന്തില്‍ ആറ് സിക്‌സും ഒമ്പത് ഫോറുമടക്കം 107 റണ്‍സുമായി ജോസ് ബട്‌ലര്‍ പുറത്താകാതെ നിന്നു. ഈ ഐപിഎല്ലില്‍ ഇത് രണ്ടാം തവണയാണ് ജോസ് ബട്‌ലര്‍ സെഞ്ച്വറി നേടുന്നത്. ജയത്തോടെ പോയന്റ് ടേബിളില്‍ രാജസ്ഥാന്‍ റോയല്‍സ് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു.
നേരത്തെ ഓപ്പണര്‍ സുനില്‍ നരെയ്ന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവിലാണ് കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റിന് 223 റണ്‍സ് എടുത്തത്. സുനില്‍ നരെയ്ന്‍ 56 പന്തില്‍ ആറ് സിക്സും 13 ഫോറും അടക്കം 109 റണ്‍സെടുത്തു. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ മടക്കി അയച്ച് ആവേശ് ഖാന്‍ ക്യാപ്റ്റന്‍ സഞ്ജു സാസംണിന്റെ തീരുമാനം ശരിയായി എന്ന് തോന്നിപ്പിച്ചു.
എന്നാല്‍ ഒരറ്റത്ത് മികച്ച ഫോമിലുള്ള സുനില്‍ നരെയ്ന്‍ പതിവ് പോലെ ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ രാജസ്ഥാന് ഗ്രിപ്പ് നഷ്ടമായി. ഫില്‍ സാള്‍ട്ടിന് പകരമെത്തിയ രഘുവംശി നരെയ്ന് മികച്ച പിന്തുണ നല്‍കി. ഇരുവരും രണ്ടാം വിക്കറ്റില്‍ ഏഴോവറില്‍ 85 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 18 പന്തില്‍ അഞ്ച് ഫോറടക്കം 30 റണ്‍സ് നേടിയ രഘുവംശിയെ കുല്‍ദീപ് സെന്‍ മടക്കി.
പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് (11) മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ആന്ദ്രെ റസല്‍ 13 റണ്‍സ് മാത്രമെ എടുത്തുള്ളൂവെങ്കിലും സുനില്‍ നരെയ്നുമായി 51 റണ്‍സിന്റെ കൂട്ടുകെട്ടില്‍ പങ്കാളിയായി. അധികം വൈകാതെ സുനില്‍ നരെയ്നും മടങ്ങി. ഇതോടെ സ്‌കോറിംഗിന്റെ വേഗവും കുറഞ്ഞു. രാജസ്ഥാനായി ആവേശ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു.












Click it and Unblock the Notifications