' എല്‍ ക്ലാസിക്കോയില്‍' ആവേശമായി ഹീറ്റ്‌മെയര്‍; പഞ്ചാബിനെ കൊതിപ്പിച്ച് കടന്നുകളഞ്ഞ് രാജസ്ഥാന്‍
ഒരിക്കല്‍ കൂടി ഐപിഎല്ലില്‍ ആവേശപ്പോര് സമ്മാനിച്ച് പഞ്ചാബ് കിംഗ്‌സ്-രാജസ്ഥാന്‍ പോരാട്ടം. ചെറിയ സ്‌കോര്‍ കണ്ട മത്സരത്തില്‍ ഇരുടീമുകളും മികച്ച ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ അവസാന ഓവറിലേക്ക് വരെ കളിനീണ്ടു. രാജസ്ഥാന്‍ അനായാസം ജയം സ്വന്തമാക്കും എന്ന് കരുതിയിടത്ത് നിന്നാണ് അവസാന ഓവറിലേക്ക് കളിനീണ്ടത്. ഏതായാലും പഞ്ചാബ് കിംഗ്‌സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്‌സ് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ഒരുപന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. പഞ്ചാബിനായി കഗീസോ റബാദയും സാം കറനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 10 പന്തില്‍ മൂന്ന് സിക്‌സ് അടക്കം 27 റണ്‍സെടുത്ത ഷിര്‍മോണ്‍ ഹീറ്റ്‌മെയ്‌റാണ് രാജസ്ഥാന് ആവേശകരമായ വിജയം സമ്മാനിച്ചത്. 39 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളാണ് രാജസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍.

തനുഷ് കൊയ്താന്‍ (24), റിയാന്‍ പരാഗ് (23) എന്നിവരും മികച്ച പ്രകടനം നടത്തി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 18 റണ്‍സെടുത്ത് പുറത്തായി. ഒന്നാം വിക്കറ്റില്‍ യശ്വസി ജയ്‌സ്വാളും തനുഷ് കൊയ്താനും ചേര്‍ന്ന് 56 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ പിന്നീട് മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ രാജസ്ഥാന് സാധിച്ചില്ല. ധ്രുവ് ജുറേല്‍ (6), റോവ്മാന്‍ പവല്‍ (11), കേശവ് മഹാരാജ് (1) എന്നിവര്‍ ചെറിയ സ്‌കോറിന് പുറത്തായി.
നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിംഗ്സിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് പഞ്ചാബിന് നേടാനായത്. കണിശതയോടെ പന്തെറിയ രാജസ്ഥാന്‍ ബൗളര്‍മാര്‍ പഞ്ചാബിനെ വരിഞ്ഞ് മുറുക്കി. മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്കാര്‍ക്കും മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. ഓപ്പണര്‍മാരായ അഥര്‍വ ടെയ്ഡും ജോണി ബെയര്‍സ്റ്റോയും 15 റണ്‍സെടുത്ത് മടങ്ങി.
പ്രഭ്സിമ്രാന്‍ സിംഗ് പത്തും സാം കറന്‍ ആറും ശശാങ്ക് സിംഗ് ഒമ്പതും റണ്‍സെടുത്ത് മടങ്ങി. 70 ന് അഞ്ച് എന്ന നിലയില്‍ പതറിയ പഞ്ചാബിനെ ആറാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ജിതേഷ് ശര്‍മ്മയും ലിയാം ലിവിംഗ്സ്റ്റണുമാണ് 100 കടത്താന്‍ സഹായിച്ചത്. ജിതേഷ് ശര്‍മ്മ 29 റണ്‍സെടുത്തു. ലിയാം ലിവിംഗ്സ്റ്റണ്‍ 21 റണ്‍സുമെടുത്തു. അവസാന ഓവറില്‍ കടന്നാക്രമിച്ച അശുതോഷ് ശര്‍മ്മയാണ് സ്‌കോര്‍ 150 ന് അടുത്തെത്തിച്ചത്.
അശുതോഷ് ശര്‍മ്മ 31 റണ്‍സെടുത്തു. രാജസ്ഥാന്‍ റോയല്‍സിനായി കേശവ് മഹാരാജും ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോസ് ബട്ലറും അശ്വിനുമില്ലാതെയാണ് രാജസ്ഥാന്‍ ഇന്നിറങ്ങിയത്. പഞ്ചാബ് നിരയില്‍ ശിഖര്‍ ധവാനുമുണ്ടായിരുന്നില്ല. സാം കറനാണ് ധവാന്റെ അഭാവത്തില്‍ പഞ്ചാബിനെ നയിക്കുന്നത്.












Click it and Unblock the Notifications