ഡ്രെസിംഗ് റൂമില്‍ ഗ്രൂപ്പിസം... അല്ലാതെ ഒരു ടീമും ഇങ്ങനെ തോല്‍ക്കില്ല; മുംബൈയുടെ തോല്‍വിയില്‍ ക്ലാര്‍ക്ക്
മുംബൈ ഇന്ത്യന്‍സ് ടീമിന്റെ തുടര്‍ തോല്‍വികള്‍ക്ക് പിന്നില്‍ ടീമിനുള്ളിലെ ഗ്രൂപ്പിസമാണ് എന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. മുംബൈയുടെ ഡ്രസ്സിംഗ് റൂമിനുള്ളില്‍ ഭിന്നതകള്‍ ഉണ്ടായേക്കാമെന്നാണ് താന്‍ കരുതുന്നത് എന്നും അതിന്റെ ഫലമാണ് ഈ സീസണിലെ ടീമിന്റെ മോശം പ്രകടനം എന്നും മൈക്കല്‍ ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു. കടലാസിലെ ഏറ്റവും ശക്തരായ സ്‌ക്വാഡ് എന്ന വിശേഷണമുള്ള മുംബൈക്ക് ഒമ്പത് കളികളില്‍ മൂന്ന് ജയം മാത്രമാണ് ഉള്ളത്.
നിലവില്‍ പോയന്റ് പട്ടികയില്‍ ആറ് പോയന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ. രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് മുംബൈ ആരാധകര്‍ക്കിടയില്‍ രോഷത്തിന് കാരണമായിരുന്നു. ഇതും ടീമിന്റെ പ്രകടനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഹര്‍ദിക്കിന്റെ പ്രകടനത്തേയും ഇത് ബാധിച്ചിട്ടുണ്ട്. ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി നിര്‍ണായക മത്സരത്തിനാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്.

ഇതിന് മുന്നോടിയായി സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിക്കുന്നതിനിടെയാണ് ക്ലാര്‍ക്കിന്റെ പ്രതികരണം. 'ഈ ഐപിഎല്‍ മുഴുവന്‍ മുംബൈ മോശം ഫോമിലാണ്. നമ്മള്‍ പുറത്ത് കാണുന്നതിനേക്കാള്‍ ഒരുപാട് കാര്യങ്ങള്‍ ഉള്ളില്‍ നടക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. അത്രയും മികച്ച കളിക്കാര്‍ ഉള്ള ഒരു ടീമിന് ഇത്തരത്തില്‍ സ്ഥിരതയില്ലാത്ത പ്രകടനം നടത്താന്‍ കഴിയില്ല,' ക്ലാര്‍ക്ക് പറയുന്നു.
ഡ്രെസിംഗ് റൂമിനുള്ളില്‍ വ്യത്യസ്ത ഗ്രൂപ്പുകളുണ്ടെന്ന് കരുതുന്നു എന്നും അവര്‍ ഒരു ടീമായി കളിക്കുന്നില്ല എന്നും ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി. ആദ്യ മൂന്ന് മത്സരങ്ങളും തോറ്റതിന് ശേഷം അടുത്ത മത്സരങ്ങളില്‍ മൂന്ന് വിജയങ്ങളുമായി മുംബൈ ഗംഭീരമായി തിരിച്ചുവന്നിരുന്നു. എന്നാല്‍ പിന്നീട് കളിച്ച മൂന്ന് മത്സരങ്ങളിലും മുംബൈ ദയനീയമായി പരാജയപ്പെട്ടു. ഇതോടെ കഴിഞ്ഞ നാല് സീസണുകളില്‍ മൂന്നാം തവണയും പ്ലേ ഓഫ് കാണാതെ പോകുന്നതിന്റെ നാണക്കേടിന്റെ വക്കിലാണ് മുന്‍ ചാമ്പ്യന്‍മാര്‍.
വലിയ ടൂര്‍ണമെന്റുകള്‍ വിജയിക്കാന്‍ നിങ്ങള്‍ ഒരു ടീമായിരിക്കണം എന്നും അതിന് വ്യക്തിഗത പ്രകടനങ്ങള്‍ മാത്രം മതിയാകില്ല എന്നും മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു. ഇന്ന് ലഖ്നൗവില്‍ നടക്കാനിരിക്കുന്ന ഏറ്റുമുട്ടലില്‍ എല്‍എസ്ജിയെ പരാജയപ്പെടുത്തുന്നത് നിലവിലെ ഫോമില്‍ മുംബൈക്ക് ബുദ്ധിമുട്ടാണെന്നും ക്ലാര്‍ക്ക് കരുതുന്നു. ഇന്ന് വിജയിച്ചാല്‍ മുംബൈക്ക് ആറാം സ്ഥാനത്തേക്ക് ഉയരാം. എന്നാല്‍ തോറ്റാല്‍ പ്ലേ ഓഫ് സാധ്യത ഏറെക്കുറെ അടഞ്ഞ മട്ടായിരിക്കും.
ലഖ്‌നൗവിന് ജയിച്ചാല്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കെത്താം. ഒമ്പത് കളിയില്‍ നിന്ന് അഞ്ച് ജയവുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്്‌സ്.












Click it and Unblock the Notifications