കുതിക്കാനുറച്ച് കോലി.. തലയുടെ തന്ത്രങ്ങള്‍ മതിയാകില്ല; കൂനിന്‍മേല്‍ കുരുപോലെ ആശങ്കകള്‍ പലത്!
ഐപിഎല്‍ ആരവത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഉദ്ഘാടന മത്സരത്തില്‍ നാളെ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സൂപ്പര്‍താരം വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് ഏറ്റുമുട്ടും. ഐപിഎല്ലിലെ ഏറ്റവും സക്‌സസ്ഫുള്ളായ ഫ്രാഞ്ചൈസിയാണ് മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഇതുവരെയുള്ള 16 സീസണുകളില്‍ പത്തിലും ഫൈനലില്‍ എത്തിയ ടീമാണ് സിഎസ്‌കെ.
അതില്‍ അഞ്ച് തവണ ജേതാക്കളാകുകയും ചെയ്തു. മറുവശത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാകട്ടെ ഇതുവരെ ഒരു തവണ പോലും കിരീടത്തില്‍ മുത്തമിട്ടിട്ടില്ല. 2008 ലും 2016 ലും ഫൈനലില്‍ എത്തിയത് മാത്രമാണ് നേട്ടം. എല്ലാ കാലത്തും സൂപ്പര്‍താരങ്ങളാല്‍ സമ്പന്നമായിരുന്നു ആര്‍സിബി. രാഹുല്‍ ദ്രാവിഡിലും അനില്‍ കുംബ്ലെയിലും തുടങ്ങി വിരാട് കോലി, ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ്, ഫാഫ് ഡുപ്ലെസിസ്, ക്വിന്റണ്‍ ഡി കോക്ക്, മാക്‌സ്‌വെല്‍ വരെ എത്തി നില്‍ക്കുന്നു അത്.

ഇത്തവണ കിരീടമല്ലാതെ ഒന്നും മതിയാവില്ല ആര്‍സിബിക്ക്. അതിനാല്‍ ആദ്യ മത്സരത്തില്‍ തന്നെ ജയം നേടി തുടങ്ങാനായിരിക്കും ടീം ശ്രമിക്കുക. ധോണിയുടെ തലയിലെ മുഴുവന്‍ തന്ത്രങ്ങളും ആര്‍സിബിക്കെതിരെ പുറത്തെടുക്കേണ്ടി വരും എന്നുറപ്പ്. എന്നാല്‍ പ്രധാനമായും മൂന്ന് വെല്ലുവിളികളാണ് ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ സി എസ് കെ നേരിടേണ്ടി വരിക.
2023 എഡിഷനില്‍ യഥാക്രമം 672, 590 റണ്‍സ് നേടിയ ഡെവണ്‍ കോണ്‍വേയും റുതുരാജ് ഗെയ്ക്വാദുമായിരുന്നു ചെന്നൈ കുതിപ്പിന്റെ ഊര്‍ജം. പേസര്‍ മതീശ പതിരണ, ഇടങ്കയ്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ, പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ടീമിനായി വിക്കറ്റ് വീഴ്ത്തുകയും ചെയ്തതോടെ ബൗളിംഗ് യൂണിറ്റും സമതുലിതമായിരുന്നു. 14 കോടി രൂപക്ക് ഡാരല്‍ മിച്ചലിനെ ഇത്തവണ ടീമിലെടുത്തിട്ടുണ്ട്.
1.80 കോടി രൂപയ്ക്ക് വാങ്ങിയ റച്ചിന്‍ രവീന്ദ്ര, കഴിഞ്ഞ വര്‍ഷം നടന്ന ഐസിസി ഏകദിന ലോകകപ്പിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ ചെന്നൈക്ക് തിരിഞ്ഞ് നോക്കേണ്ട. എന്നാല്‍ ഈ സീസണില്‍ ഡെവോണ്‍ കോണ്‍വേയുടെ അഭാവം ഫ്രാഞ്ചൈസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആശങ്കയാണ്. ഓസ്ട്രേലിയയ്ക്കെതിരായ ടി 20 പരമ്പരയ്ക്കിടെ തള്ളവിരലിന് പരിക്കേറ്റതിനാല്‍ കോണ്‍വെ ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തില്‍ കളിക്കാനിറങ്ങിയേക്കില്ല.
രവീന്ദ്ര ജഡേജയ്ക്ക് പകരം വിശ്വസിക്കാവുന്ന സ്പിന്നര്‍മാരില്ല എന്നതാണ് മറ്റൊരു വെല്ലുവിളി. ലെഗ് സ്പിന്‍ ബൗള്‍ ചെയ്യുന്ന പ്രശാന്ത് സോളങ്കി മറ്റൊരു ഓപ്ഷനാണ്. എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെ താരം പ്രതിഭ പതിപ്പിച്ചിട്ടില്ല. കൂടാതെ പ്രശാന്തിന് ആഭ്യന്തര സര്‍ക്യൂട്ടില്‍ കളിച്ച പരിചയവും വളരെ കുറവാണ്. മിക്ക അവസരങ്ങളിലും അനുഭവസമ്പത്ത് പ്രയോജനപ്പെടുമെങ്കിലും ഇത് ചിലപ്പോഴെങ്കിലും ടീമിന് തിരിച്ചടിയുമായേക്കും.
നായകന്‍ എംഎസ് ധോണിക്ക് ഇതിനകം 42 വയസ്സായി. അജിങ്ക്യ രഹാനെയും കരിയറിന്റെ അവസാന സെഷനിലാണ്. പ്രായത്തിന്റെ ഘടകം ടൂര്‍ണമെന്റിലെ ടീമിന്റെ മുന്നോട്ടുള്ള പുരോഗതിയെ തടസ്സപ്പെടുത്തിയേക്കാം. കൂടാതെ ദീപക് ചാഹര്‍, പതിരണ തുടങ്ങിയ പരിക്കേറ്റ താരങ്ങളുടെ അനിശ്ചിതത്വവും ടീമിന് വെല്ലുവിളിയാണ്.












Click it and Unblock the Notifications